ആരോഗ്യസ്ഥിതി അറിയാൻ മഹാരാഷ്ട്രക്കാർക്ക് ഇനി ഡോക്ടറെ നേരിട്ടു കാണേണ്ട ആവശ്യമില്ല. ‘ക്ലിനിക്സ് ഓൺ ക്ലൗഡ്’ എന്നറിയപ്പെടുന്ന ഹെൽത്ത് എ.ടി.എമ്മിന് മുന്നിലിരുന്നാൽ രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കിട്ടും. മുംബൈ, നാഗ്പുർ, പുണെ, ബാരാമതി, ചന്ദ്രാപുർ, സംഭാജി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എട്ട് സർക്കാർ ആശുപത്രികളിൽ ഈ യന്ത്രം സ്ഥാപിക്കാൻ സർക്കാർ 25 കോടി അനുവദിച്ചു.
ഇ.സി.ജി., കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര, നാഡീ മിടിപ്പ്, ശരീരത്തിലെ കൊഴുപ്പ്, രക്താതിമർദം, ഹീമോഗ്ലോബിൻ, ഓക്സിജന്റെ അളവ് തുടങ്ങിയവയെല്ലാം ഈ യന്ത്രം പറയും. രക്തം-മൂത്രം പരിശോധന, മലേറിയ, ഡെങ്കി, ടൈഫോയ്ഡ്, കോവിഡ്, കാഴ്ചപരിശോധന തുടങ്ങിയവയും നടത്താം. ഫലം പ്രിന്റ് ഔട്ടായും മൊബൈൽ ഫോണിൽ വാട്‌സാപ്പ് സന്ദേശമായും ലഭിക്കും.ഉത്തർ പ്രദേശിലും കർണാടകത്തിലും മധ്യപ്രദേശിലും വിവിധ ഇടങ്ങളിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം കുറവുള്ള ഗ്രാമങ്ങളിലാണ് ഇവ കൂടുതലായുള്ളത്.
രോഗി ആദ്യം യന്ത്രത്തിൽ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. കൈയിൽ പിടിക്കാവുന്ന സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് സ്വയം ശരീരപരിശോധന നടത്തണം. വിരലിന്റെ അറ്റത്ത് പിന്നുകൊണ്ട് കുത്തി യന്ത്രത്തിന്റെ ഒരുഭാഗത്ത് രക്തം പതിപ്പിക്കണം. ഇ.സി.ജി. പരിശോധിക്കാനാവശ്യമായ ക്ലിപ്പ് കണങ്കൈയിൽ ഘടിപ്പിക്കണം. ഡോക്ടറുമായി വീഡിയോ കോൺഫറൻസ് വഴി നിർദേശം തേടാനുള്ള സൗകര്യവും യന്ത്രത്തിലുണ്ട്. ഡോക്ടറുടെ കുറിപ്പടിയുടെ പകർപ്പും യന്ത്രത്തിൽനിന്നെടുക്കാം.