ആയുർവേദ പ്രദർശനത്തിൽ ശംഖുഭസ്മം മുതൽ പ്രമേഹം ബാധിച്ച കണ്ണിന്റെ ഒപ്റ്റിക്കൽ വ്യൂ വരെ

അമ്ലപിത്തത്തിന് (അസിഡിറ്റി) മികച്ച ഔഷധമായ കറ്റാർവാഴ നീരിൽ ശംഖിനെ സംസ്‌കരിച്ച് എടുത്ത ശംഖുഭസ്മം, കരളിലെ നീർക്കെട്ട് എന്ന ഗുരുതരരോഗത്തിന്റെ ശമനത്തിന് ഉപയോഗിക്കുന്ന പ്രവാള ഭസ്മം അല്ലെങ്കിൽ പവിഴഭസ്മം തുടങ്ങി ആയുർവേദത്തിന്റെ അധികമാർക്കും അറിയാത്ത ഏടുകളാണ് തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളജിൽ നടക്കുന്ന ‘അമൃതം 2022’ ആയുർവേദ പ്രദർശനത്തിലുള്ളത്. വാലുകയന്ത്രം,ദമരു യന്ത്രം,ഡോളയന്ത്രം എന്നിങ്ങനെ പ്രാചീന മരുന്നു നിർമാണ സംവിധാനങ്ങൾ മുതൽ ആധുനിക യന്ത്രസംവിധാനങ്ങൾവരെ പ്രദർശനത്തിലുണ്ട്. പ്രമേഹം ബാധിച്ച നേത്രപടലത്തിന്റെ ഒപ്റ്റിക്കൽ വ്യൂ കാണാൻ ഏറെപ്പേരെത്തുന്നു.

ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ആയുർവേദത്തിന്റെ തനതായ കൽപ്പനകളെ കൂട്ടിയിണക്കി വിവിധതരം ഹർബൽ കോസ്മെറ്റിക്സ് വർക്കിംഗ് മോഡൽ പ്രദർശനത്തിൽ കാണാം. വിപുലമായ ആയുർവേദ പുസ്തകോത്സവം,ആരോഗ്യ പരിപാലനത്തിന് ഉതകുന്ന വിവിധയിനം ഔഷധ  സസ്യങ്ങളുടെ പരിചയപ്പെടൽ എന്നിവയ്ക്കൊപ്പം കരിനൊച്ചി, ആര്യവേപ്പ്, കറിവേപ്പില, നെല്ലി, ജാതി തുടങ്ങിയ ഔഷധ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

നാഡീ ചികിത്സാ പ്രതിപാദിക്കുന്ന താളിയോല ഗ്രന്ഥങ്ങളും ആയുർവേദ ഉല്പത്തിയുടെ മ്യൂറൽ പെയിന്റിങ്ങും പഞ്ചഭൂത സിദ്ധാന്തം പ്രതിപാദിക്കുന്ന വാർലി പെയിന്റിങ്ങുംപ്രദർശനമേളയിൽ ഇടം പിടിച്ചിട്ടുണ്ട്. സൗജന്യ രക്ത ഗ്രൂപ്പ് നിർണയം, ജീവൻ രക്ഷാ ഉപായങ്ങളെ കുറിച്ചുള്ള പരിചയം, പ്രകൃതി നിർണയം (ആയുർവേദിക് ഫിസിക്കൽ മെന്റൽ ക്യാരക്ടർ അനാലിസിസ്), ഖനിജമായി ലഭിക്കുന്ന വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടങ്ങൾ സംസ്‌കരിക്കുന്നതിനുള്ള നൂതന രീതി,സുശ്രുതൻ  പ്രതിപാദിച്ചിരിക്കുന്ന ഹൈഡ്രോയ്ഡിസക്ഷൻ ടെക്നിക്ക് എന്നിവയൊക്കെ പ്രദർശനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

പരമ്പരാഗത മർമ്മ വിദ്യ ഉപകരണങ്ങളും ശസ്ത്രവിദ്യക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രദർശനത്തിൽ കാണാം. മനുഷ്യന്റെ ആന്തരിക അവയവങ്ങളുടെ റിയാലിറ്റിയും ആന്തരിക അവയവങ്ങളുടെ മോഡലുകളും അവയുടെ ശരീരത്തിലെ സ്ഥാനം പ്രതിപാദിക്കുന്ന സ്ട്രക്ചറൽ മോഡലുകളും തലച്ചോറ്, ശ്വാസകോശം മുതലായ ആന്തരിക അവയവങ്ങളെ തൊട്ടറിയുന്നതിനുള്ള അവസരവും ലഭ്യമാണ്.

ആരോഗ്യപൂർണമായ ജീവിതത്തിന് അനുഷ്ഠിക്കേണ്ട ചര്യകൾ, ഓരോ ഋതുക്കളിലും അനുഷ്ഠിക്കേണ്ട ആഹാര രീതി, ഗർഭം മുതൽ മോക്ഷം വരെ ഒരു മനുഷ്യായുസ്സിൽ കടന്നു പോകേണ്ട ഘട്ടങ്ങൾ എന്നിവ പ്രതിപാദിക്കുന്ന വിഷയങ്ങൾ വിവിധതരം കളികളായി ആവിഷ്‌കരിച്ചിരിക്കുന്നു.പഞ്ചകർമ്മ തീയറ്റർ മോഡലും ശിരോധാരയുടെ ലൈഫ് ഡെമോൺസ്ട്രേഷനും ഫോട്ടോതെറാപ്പി യൂണിറ്റും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

മലർ,ഇഞ്ചി മുതലായതുകൊണ്ട് വളരെ പെട്ടെന്ന് ഔഷധയുക്തമായ ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന വിധം, ഉര മരുന്നിന്റെ നിർമ്മാണ രീതി, മുലപ്പാൽ കൂട്ടുന്നതിനുള്ള പൊടിക്കൈകൾ എന്നിങ്ങനെ കാണികളെ ആകർഷിക്കുന്ന വിവിധ വിഷയങ്ങൾ പ്രദർശനത്തിലുണ്ട്.

‘ആരോഗ്യം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ ഇന്ന് (23 ഒക്ടോബർ)  വൈകിട്ടു നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന  ബോധവത്കരണ ക്ലാസ്സിന്  കണ്ണൂർ ഗവ. ആയുർവേദ കോളജ് സൂപ്രണ്ടും രോദനിദാന വിഭാഗം മേധാവിയുമായ ഡോ.എസ്. ഗോപകുമാർ നേതൃത്വം നൽകും.   പ്രദർശനം ഇന്ന് (23 ഒക്ടോബർ) രാത്രി ഏഴിന് സമാപിക്കും.

 

Verified by MonsterInsights