യുകെ പ്രധാനമന്ത്രി (UK PM) ലിസ് ട്രസ് (Liz Truss) അധികാരമേറ്റ് 45-ാം ദിവസം രാജി വച്ചിരിക്കുകയാണ്.രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി പദത്തിൽ ഇത്രയും ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് ഇനി മുതൽ പ്രതിവര്‍ഷം 1 കോടി രൂപയിലധികം അലവന്‍സിന് അര്‍ഹതയുണ്ട്. എന്നാല്‍ ട്രസിന് അര്‍ഹതപ്പെട്ട പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്വിറ്ററില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്.
ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്‌കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.
അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ് പാസ് പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡിംഗ് പാസിന്റെ സ്‌ക്രീന്‍ഷോട്ട് റയാന്‍എയറിന്റെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പുറപ്പെടുന്നത് ലണ്ടനിൽ നിന്നാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യസ്ഥാനം ‘anywhere’ എന്നാണ് അതില്‍ കാണിച്ചിരിക്കുന്നത്. യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ലിസ് ട്രസിനെ പരിഹസിച്ചുകൊണ്ട് ‘Liz Truss and Ryanair. 25 minute turnaround’ എന്ന് ബോര്‍ഡിംഗ് പാസിന് താഴെ കുറിച്ചിട്ടുമുണ്ട്. ഈ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡിംഗ് പാസിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൂഗിളിലെ ജിബിപി/യൂറോ ചാര്‍ട്ടിലേക്ക് എത്തുമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നത്. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചിരുന്നു. പിന്‍ഗാമിയെ തെരഞ്ഞെടുക്കും വരെ അവര്‍ സ്ഥാനത്ത് തുടരും. അടുത്താഴ്ച പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
ബ്രിട്ടണ്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനര്‍വിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു. ഒക്ടോബര്‍ 28നകം പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ പേരും പരിഗണനയിലുണ്ട്. ഭിന്നതകളിലാതെ, പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സമ്മതനായ ഒരു നേതാവിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.