മലയാളികളുടെ മനസ്സിലെ ആക്ഷൻ ഹീറോ ഇമേജിന് വർഷങ്ങളായുള്ള രൂപമാണ് നടൻ ബാബു ആന്റണിയുടേത് (Babu Antony). 1990കളിൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ് ബാബു ആന്റണി. ജീവിതത്തിലും പല കാര്യങ്ങളിലും അദ്ദേഹം മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണ്. പൊൻകുന്നം സ്വദേശിയായ ബാബു ആന്റണി ബ്ലാക്ക് ബെൽറ്റുമായാണ് സിനിമയിലെത്തിയത്.
1985ൽ സിനിമയിലെത്തിയ ബാബു ആന്റണിക്ക് മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രം കരിയർ ബ്രേക്ക് ആയി. ഈ സിനിമ അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ബാബു ആന്റണി അതിലെല്ലാം അഭിനയിച്ചു. സിനിമയിൽ നാല് പതിറ്റാണ്ടുകൾ അടുക്കുമ്പോഴും ബാബു ആന്റണിയെ കുറിച്ച് ഗൂഗിളിൽ ഇപ്പോഴും ആൾക്കാർ ഏറ്റവും കൂടുതൽ തിരക്കുന്ന ഒരു കാര്യമുണ്ട്.
‘മദനോത്സവം’ എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ വേളയിൽ ബാബു ആന്റണി സമൂഹ മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. ഇവിടെയാണ് അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും ആൾക്കാർ തിരയുന്ന ആ ചോദ്യം ഒരാൾ എടുത്തിട്ടത്. ബാബു ആന്റണി തന്നെ മറുപടി നൽകുകയുമുണ്ടായി.
നീളൻ മുടിയുള്ള മസിലുകാരൻ സുന്ദര വില്ലൻ മാത്രമല്ല ബാബു ആന്റണി. അദ്ദേഹത്തിന്റെ ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ റെക്കോർഡിൽ അദ്ദേഹത്തെ വെല്ലാൻ ഇതുവരെ മലയാള സിനിമയിൽ ആരും ഇല്ല എന്നതാണ് സത്യം. എത്രയാണ് ബാബു ആന്റണിയുടെ ഉയരമെന്നല്ലേ?
6.3 അടിയാണ് ബാബു ആന്റണിയുടെ ഉയരം. തൊട്ടുപിന്നാലെയുള്ളത് അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവാണ് (1.88 മീറ്റർ). അതുകഴിഞ്ഞാൽ ഇന്നുള്ളതിൽ നെപ്പോളിയനും സുരേഷ് ഗോപിയുമാണ് ആ റെക്കോർഡിനുടമകൾ.
മലയാള സിനിമയിലേക്കുള്ള ബാബു ആന്റണിയുടെ മടങ്ങിവരവിന് കാരണമായത് നിവിൻ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണിയാണ്’.
റഷ്യൻ അമേരിക്കൻ സ്വദേശിനിയായ ഈവ്ജീനിയയാണ് ബാബു ആന്റണിയുടെ ഭാര്യ. ആർതർ ബാബു ആന്റണി, അലക്സ് ബാബു ആന്റണി എന്നിവരാണ് മക്കൾ.