ബാങ്ക് ലോക്കറില്‍ എന്തൊക്കെ വയ്ക്കാം? അറിയാം പുതിയ നിയമങ്ങള്‍

എന്ത് വേണമെങ്കിലും ലോക്കറില്‍ കൊണ്ട് പോയി വയ്ക്കാമല്ലോ’! ഈ ഡയലോഗ് പറയുമ്പോള്‍ ഇനി അല്‍പ്പം ശ്രദ്ധിക്കണം. അങ്ങനെ ഇനി എന്തും ലോക്കറിൽ കൊണ്ടുപോയി വയ്ക്കാൻ പറ്റില്ല. പുതിയ നിയമങ്ങള്‍ അനുസരിച്ച് ലോക്കര്‍ ഉപയോഗത്തില്‍ നിരവധി മാറ്റങ്ങളെത്തും.

സുപ്രീം കോടതിയുടെ 2021ലെ ഉത്തരവനുസരിച്ച് ബാങ്കുകളും ലോക്കര്‍ ഉപയോക്താക്കളും തമ്മില്‍ കരാര്‍ തയ്യാറാക്കേണ്ടതാണ്. ജനുവരി 2022 ല്‍ നടപ്പിലാക്കാനിരുന്ന നിയമങ്ങള്‍ പിന്നീട് 2023 ജനുവരി 1 ആക്കിയിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലോക്കര്‍ ഉപയോഗിക്കുന്നവരുമായി എല്ലാ ബാങ്കുകളും 2023,ഡിസംബര്‍ 31 നു മുന്‍പായി പുതിയ കരാര്‍ ഒപ്പു വയ്ക്കണം.

ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ സുരക്ഷ, സൂക്ഷിക്കാവുന്ന വസ്തുക്കള്‍ തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് പുതിയ നിയമങ്ങള്‍.

ഈ വര്‍ഷം അവസാനത്തോടെയാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കല്‍ ബാങ്കുകള്‍ പൂര്‍ത്തിയാക്കേണ്ടതെങ്കിലും ജൂണ്‍ 30 നകം 50 ശതമാനത്തോളവും സെപ്റ്റംബര്‍ 30 ഓടെ 75 ശതമാനത്തോളവും 2023 ഡിസംബര്‍ 31 ഓടെ പൂര്‍ണമായും ഈ പ്രക്രിയ ബാങ്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയ നിയമങ്ങള്‍ ഇങ്ങനെ:

– പുതിയ കരാര്‍ പ്രകാരം ആഭരണങ്ങളും, പ്രമാണങ്ങളും മാത്രമാണ് സൂക്ഷിക്കാന്‍ സാധിക്കുന്നത്. കറന്‍സി (കണക്കിളില്ലാത്ത പണം), ആയുധങ്ങള്‍, കള്ളക്കടത്തു വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലോക്കറുകളില്‍ അനുവദിക്കില്ല.

ലോക്കറിന്റെ താക്കോല്‍ ദുരുപയോഗം, പാസ്വേഡ് ദുരുപയോഗം എന്നിവ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക്കര്‍ ഉപയോക്താവിനാണ്. അനധികൃതമായി ആരെങ്കിലും ലോക്കര്‍ താക്കോല്‍/പാസ്വേഡ് ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനില്ല.

– ലോക്കറില്‍ ഉള്ള വസ്തുക്കള്‍ കളവ് പോവുകയോ, അഗ്നിക്ക് ഇരയാകുകയോ, കെട്ടിടം ഇടിയുകയോ ചെയ്താല്‍ ബാങ്ക് ചാര്‍ജുകളുടെ 100 ഇരട്ടി വരെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലോക്കറിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളാണ്.

ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് മൂലം ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാലും നഷ്ട പരിഹാരം ലഭിക്കും.

– ഓരോ തവണ ലോക്കര്‍ തുറക്കുമ്പോഴും ഉപഭോക്താവിന് മൊബൈലില്‍ സന്ദേശം ലഭിക്കും.
– ഭവന വായ്പ പോലെ, ഉപയോക്താക്കള്‍ (പുതിയതും നിലവിലുള്ളതും) സ്റ്റാമ്പ് പേപ്പറില്‍ ബാങ്കുമായി ലോക്കര്‍ എഗ്രിമെന്റ് ഒപ്പിടും. നിലവിലുള്ള ഉപയോക്താക്കളുടെ ഡോക്യുമെന്റേഷന്റെ ചെലവ് ബാങ്ക് വഹിക്കും. പുതുതായി ലോക്കർ എഗ്രിമെന്റ് തയ്യാറാക്കേണ്ടവർക്ക് ഡോക്യുമെന്റേഷൻ ചാർജുകൾ ബാധകമാണ്.

– ഡോക്യുമെന്റിന്റെ ഒരു പകര്‍പ്പ് ബാങ്ക് ഉപയോക്താവുമായി പങ്കിടുകയും വേണം. രേഖയില്‍ ഉപയോക്താവിന്റെയും ബാങ്കിന്റെയും അവകാശങ്ങളുടെയും കടമകളുടെയും വിശദാംശങ്ങള്‍, ലോക്കര്‍ വാടക, എസ്‌കലേഷന്‍ ക്ലോസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടാകണം.


– ലോക്കറുകൾ സൂക്ഷിക്കുന്ന നിലവറകളുടെയും, പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ബാങ്കുകൾ സ്വീകരിക്കണം.

– ലോക്കര്‍ ഏഴു വര്‍ഷത്തേക്ക് പ്രവര്‍ത്തന രഹിതമായി തുടര്‍ന്നാല്‍, വാടകക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, വാടക സ്ഥിരമായി അടക്കുന്നെണ്ടെങ്കിലും ലോക്കര്‍ നോമിനിക്കോ, മറ്റു അവകാശികള്‍ക്കോ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

– മുന്‍കൂറായി ലോക്കര്‍ ഉപയോഗത്തിനുള്ള ചാര്‍ജുകള്‍ (പണം) നല്‍കാത്ത സാഹചര്യത്തില്‍ വാടകയും മറ്റ് ചാര്‍ജുകളും ഉപയോക്താവിന്റെ അക്കൗണ്ടല്‍ നിന്നും തിരിച്ചെടുക്കാന്‍ ബാങ്കിന് അവകാശമുണ്ട്.
– ചാര്‍ജുകള്‍, എഗ്രിമെന്റ്, മതിയായ രേഖഖള്‍ എന്നിവ സമര്‍പ്പിക്കാത്ത ഉപയോക്താക്കളെ ലോക്കര്‍ ഉപയോഗത്തില്‍ നിന്നും തടയാന്‍ ബാങ്കിന് അധികാരമുണ്ടാകും.
– നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് അത്തരം ടേം ഡെപ്പോസിറ്റുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല

Verified by MonsterInsights