സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ കാലവര്‍ഷം.

 സംസ്ഥാനത്ത് ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ കാലവര്‍ഷം ആരംഭിക്കും. ഇത്തവണ സാധാരണ തോതില്‍ മണ്‍സൂണ്‍മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു . അതേസമയം എല്‍നിനോ പ്രതിഭാസം മൂലം മഴകുറയാനിടയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. 


 ‌പസഫിക്ക് സമുദ്രം ചൂടു  പടിക്കുന്നത് ഇന്ത്യന്‍ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. എല്‍നിനോ എന്ന ഈ പ്രതിഭാസം ഈ വര്‍ഷം കാണപ്പെടുന്നതാണ് മഴ കുറയുമെന്ന പ്രവചനത്തിന് അടിസ്ഥാനം.  എന്നാല്‍ സാധാരണ പോലെ മഴ ലഭിക്കുമെന്നും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അധികം മഴ കിട്ടാനിടയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്.

മേയ് അവസനമോ ജൂണ്‍ ആദ്യമോ കാലവര്‍ഷം കേരളത്തിലെത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴകിട്ടാനാണ് സാധ്യത.

രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 75 ശതമാനവും കാലവര്‍ഷക്കാലത്താണ് ലഭിക്കുന്നത്. 54 ശതമാനം കൃഷി പൂര്‍ണമായും മണ്‍സൂണ്‍മഴയെ ആശ്രയിച്ചാണ്. വരുന്ന ഒരാഴ്ചക്കുള്ളില്‍ മണ്‍സൂണിന്‍റെ വരവിനെ കുറിച്ച് കാലാവസ്ഥാ വകുപ്പ് കൂടുതല്‍വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലവര്‍ഷക്കാലത്ത് ശരാശരി 87 സെന്‍റിമീറ്റര്‍ മഴയാണ് രാജ്യത്താകമാനം ലഭിക്കുന്നത്.