മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം പൂര്‍ണമായും കുട്ടികൾക്ക് വേണ്ടിയാണെന്നും വയലൻസ് ഒട്ടും ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. ബറോസ് ഐമാക്സിലും റീലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.
ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്ത ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനാണ്. അതൊരു നാൽപതു വർഷത്തോളമായി. അതിനു ശേഷവും ഇത്തരം ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ബറോസ് രണ്ടാമത്തെ ത്രീഡി ചിത്രമാണ് എന്നത് അഭിമാനത്തോടെ പറയാനാകും. ഫുൾ ത്രീ ഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബറോസിലെ അഭിനേതാക്കൾ എല്ലാം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ്. സ്പാനിഷ്, പോർച്ചുഗൽ ബ്രിട്ടീഷ് അഭിനേതാക്കളും ബറോസിൽ ഉണ്ട്. ഒരു സാധാരണ സിനിമയല്ല , വേണമെങ്കിൽ ഒരു അടിയും ഇടിയും നോക്കിയുള്ള പടം എടുക്കാം. എന്നാൽ വയലൻസ് വേണ്ട. ഈ ചിത്രം കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു കുട്ടിയും ഭൂതവുമായിട്ടുള്ള കഥയാണ്. ഐമാക്സിലും ചിത്രം റിലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹൻലാലിന്റേതായി പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനും രജപുത്ര നിര്‍മിക്കുന്ന എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രവുമാണ് ചിത്രീകരണം തുടരുന്നത്