ബംഗളൂരു വിജയി തന്നെ; പ്ലേഓഫ് വീണ്ടും നടത്തില്ല; കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം AIFF തള്ളി

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം എഐഎഫ്എഫ് തള്ളി. മത്സരത്തിലെ വിവാദങ്ങളും പരാതികളും എഐഎഫ്എഫ് അച്ചടക്ക സമിതി യോഗം ചേര്‍ന്നിരുന്നു. ഇരു ടീമുകളോടും അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നു.

യോഗത്തിൽ നിന്നും ബംഗ്ളുരുവിന് സെമിയിൽ കളിക്കാം എന്ന തീരുമാനത്തിൽ എത്തി. യോഗത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ എന്തു നടപടി എടുക്കണം എന്നത് തീരുമാനിച്ചിട്ടില്ല. റഫറിയുടെ ഭാഗത്ത് തെറ്റില്ല എന്ന് കണ്ടത്തിലിൽ മുൻ നിർത്തി റഫറിക്കെതിരെ നിയമനടപടി ഉണ്ടാകാനും സാധ്യതയില്ല.

മത്സരം ഉപേക്ഷിച്ച ബ്ലാസ്റ്റേഴ്സ് ആർട്ടിക്കിള്‍ 58 അനുസരിച്ച് അച്ചടക്കം ലംഘിച്ചിട്ടുണ്ടെന്ന് സമിതി നിരീക്ഷിച്ചു. ഒരു ടീം ഒരു മത്സരം കളിക്കാൻ വിസമ്മതിച്ചാൽ അല്ലെങ്കിൽ ആരംഭിച്ച മത്സരം തുടരാൻ വിസമ്മതിച്ചാൽ ആർട്ടിക്കിള്‍ 58ന്‌റെ ലംഘനമായി കാണക്കാക്കും.

ഇത് പ്രകാരം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷം രൂപ വരെ ബ്ലാസ്റ്റേഴ്സിന് മേൽ എഐഎഫ്എഫിന് പിഴയായി ചുമത്താൻ സാധിക്കുമെന്നാണ് കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാവോ ട്വീറ്റ് ചെയ്യുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫിൽ അധികസമയത്ത് സുനിൽ ഛേത്രിയുടെ ക്വിക്ക് ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചതാണ് വിവാദമായത്.

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു. എന്നാൽ‌ തന്റെ തീരുമാനം ശരിയായിരുന്നെന്ന് റഫറി സമിതിയ്ക്കു മുന്നിൽ വ്യക്തമാക്കി.

സ്പോർട്സ് ജേണലിസ്റ്റ് മാർകസ് റിപ്പോർട്ട് ചെയ്തത് പ്രകാരം വന്നേക്കാവുന്ന ശിക്ഷകൾ
• ടീം ബാൻ ചെയ്യൽ
• പോയിന്റുകൾ വെട്ടികുറക്കുക.
• ഉയർന്ന തുക പിഴ (16 കോടിയോളം).
• പരിശീലകന് സസ്പെൻഷൻ.

ഇതിൽ ടീമിനെ ബാൻ ചെയ്യാൻ സാധ്യത കുറവാണെന്നും, പോയിന്റ് വെട്ടിച്ചുരുക്കുവാണേൽ അടുത്ത സീസണിലെ പോയിന്റിൽ നിന്നും -5,-10 എന്നീ രീതിയിൽ ആയിരിക്കും. എന്നാൽ ഉടനടി നിയമനടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ ഉണ്ട്.

ഐഎസ്എല്ലിൽ അഞ്ചാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്സും നാലമതെത്തിയ ബംഗളൂരു എഫ്‌സിയും തമ്മിലുള്ള പ്ലേഓഫ് മത്സരമാണ് വിവാദമായത്. അധികസമയത്ത് നായകൻ സുനിൽ ഛേത്രി നേടിയ വിവാദഗോളിലായിരുന്നു ബംഗളുരുവിന്‍റെ വിജയം. കളിക്കാർ തയ്യാറെടുക്കും മുന്‍പ്, ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുമ്പോള്‍ തന്നെ ഛേത്രി കിക്കെടുത്ത് പന്ത് വലയിലിട്ടതാണ് വിവാദമായത്. റഫഫറി ഗോൾ അനുവദിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തിൽ നിന്ന് താരങ്ങളെ പിൻവലിച്ചിരുന്നു.