ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഒരു പ്രദേശത്ത് ടൂറിസം വികസിക്കുമ്പോൾ അവിടെ പ്രാദേശിക വികസനം, സ്ത്രീ ശാക്തീകരണം, തൊഴിൽ ലഭ്യത എന്നിവയിൽ അനന്തസാധ്യതകൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.ബേപ്പൂർ തുറമുഖവും ഉരു നിർമ്മാണ സാധ്യതകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് സംവിധാനത്തിൽ ഉൾപ്പെടുത്തി ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു
ശുചിത്വത്തിന് പ്രാധാന്യം നൽകിയാവണം സഞ്ചാരികളെ വരവേൽക്കേണ്ടതെന്നും മന്ത്രി ഓർമ്മപ്പെടുത്തി. നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ‘പെപ്പര്‍’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഒരു ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുവാന്‍ സാധിക്കും. പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.അറബിക്കടല്‍, ചാലിയാര്‍ പുഴ, തീരത്തുനിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ് ബേപ്പൂരെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചരിത്രവും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ ബീച്ചും തുറമുഖവും പരിസര പ്രദേശങ്ങളും പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന കടലുണ്ടിയും ചാലിയാര്‍ പുഴയുടെ തീരപ്രദേശവും ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ‘ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി’യിലുള്ളത്.
ഉപേക്ഷിച്ച പാലങ്ങളും പഴയ കെ എസ് ആർ ടി സി ബസുകളുമെല്ലാം പാശ്ചാത്യ രാജ്യങ്ങളിലുള്ള രീതിയിൽ ഭക്ഷണ ശാലകളാക്കി മാറ്റാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.