ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ കമ്പനികൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനെക്കാൾ ആരോഗ്യനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിപ്പോർട്ട്. നെസ്‌ലെ, പെപ്‌സിക്കോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNI) പ്രസിദ്ധീകരിച്ച ആഗോള സൂചികയുടെ ഭാഗമായി വിലയിരുത്തിയത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ സ്കോറാണ് സ്റ്റാർ റേറ്റിങ് സിസ്റ്റത്തിൽ ലഭിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എറ്റ്എൻഐ ഗ്രൂപ്പ് 30 കമ്പനികൾക്ക് ഈ നിലയിൽ കുറഞ്ഞ സ്‌കോർ ലഭിച്ചതായി കണ്ടെത്തി. ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ ഉൽപ്പന്നങ്ങളെ ഹെൽത്തിയാണോ എന്ന് പരിശോധിക്കുന്നു. സ്കോർ അഞ്ചാണെങ്കിൽ മികച്ച ഹെൽത്തി ഉൽപ്പന്നം എന്നാണ് കണക്കാക്കുന്നത്. കൂടാതെ 3.5-ന് മുകളിലുള്ള സ്കോർ വന്നാലും അത് ആരോഗ്യകരമായി കണക്കാക്കുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ 1.8 ആയിരുന്നു സ്കോർ. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങളുടെയും സ്കോർ 2.3 ആയിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ചില കമ്പനികൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ വിൽക്കുന്നത് അവരുടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങളല്ല എന്നത് വളരെ വ്യക്തമായ ചിത്രമാണ്’ എന്നാണ് എറ്റിഎൻഐയിലെ റിസർച്ച് ഡയറക്ടർ മാർക്ക് വിജ്നെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സർക്കാരുകൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും മാർക്ക് വിജ് കൂട്ടിച്ചേർത്തിരുന്നു.
ഇതാദ്യമായാണ് മൂല്യനിർണയത്തെ താഴ്ന്നതും ഉയർന്നതും വരുമാനവുമുള്ള രാജ്യങ്ങൾ എന്ന നിലയിൽ വിഭജിക്കുന്നത്.