ഭൂമിയിലെ മഹാദ്ഭുതം തുറന്ന് ദുബായ്

ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം, ലോകത്തെ ഏറ്റവും പുതിയ ആകർഷണം ‘ഭാവിയുടെ മ്യൂസിയം’ ദുബായിൽ തുറന്നു. ദുബായ് ശൈഖ് സായിദ് റോഡിൽ ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ശില്പചാരുത വഴിഞ്ഞൊഴുകുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ചൊവ്വാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനംചെയ്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംബന്ധിച്ചു.

മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ പ്രസിഡന്റ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി ഇത് യാഥാർഥ്യമായതിന്റെ ചരിത്രവഴി ഉദ്ഘാടനവേളയിൽ വിശദീകരിച്ചു. ശൈഖ് മുഹമ്മദിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലൂടെ ദുബായ് സർഗാത്മകതയുടെ ഒരു കേന്ദ്രമായി സ്ഥാപിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അകത്തും പുറത്തും ഒരുപോലെ കാണികളെ ആകർഷിക്കുന്ന അദ്ഭുതക്കാഴ്ചകൾ ഒരുക്കുന്ന വിസ്മയക്കൂടാരമാണ് ഈ മ്യൂസിയം. ഒരു എൻജിനിയറിങ് അദ്ഭുതത്തിൽ ദുബായിയുടെ അഭിലാഷങ്ങൾ പ്രതിഫലിക്കുന്നു. അത് പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഏറ്റവും മനോഹരമായ മ്യൂസിയമായി ലോകമെമ്പാടും
അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സങ്കൽല്പങ്ങളെ കടത്തി വെട്ടുന്ന വിസ്മയങ്ങളുടെ കലവറയാണ് മ്യൂസിയത്തിനകത്ത് കാത്തിരിക്കുന്നത്. പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ ദുബായിലെ ഭാവിയുടെ മ്യൂസിയത്തെ നാഷണൽ ജിയോഗ്രാഫിക് ലോകത്തെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി വാഴ്ത്തിയിരുന്നു. കെട്ടിടത്തോട് ചേർന്നുള്ള സ്റ്റേഷൻ ഉത്പാദിപ്പിക്കുന്ന 4000 മെഗാവാട്ട് സൂര്യോർജം കൊണ്ടാണ് മ്യൂസിയം പ്രകാശപൂരിതമാകുന്നത്. മ്യൂസിയത്തിന് ചുറ്റും നിർമിച്ച ഉദ്യാനത്തിൽ 80 വ്യത്യസ്തതരം ചെടികളുണ്ട്. അവ പരിപാലിക്കുന്നത് ഏറ്റവും അത്യാധുനികമായ സ്മാർട്ട് ഓട്ടോമാറ്റിക് ജലസേചന സംവിധാനം വഴിയാണ്. സ്റ്റീൽ ആവരണമുള്ള കെട്ടിടത്തിന്റെ പുറംഭാഗം മൊത്തം മനോഹരമായ അക്ഷരങ്ങൾ കൊത്തവെച്ച് അറബി കാലിഗ്രാഫികൊണ്ട് അലങ്കരിച്ചിരിക്കുന്നു. മൂന്ന് നിലകളിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ബഹിരാകാശ വിഭവ വികസനം,ആവാസ വ്യവസ്ഥകൾ, ബയോ എൻജിനിയറിങ് എന്നിവയിലും ശ്രദ്ധയൂന്നിയിരിക്കുന്നു.

ആരോഗ്യം, വെള്ളം, ഭക്ഷണം, ഗതാഗതം, ഊർജം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കുന്ന സമീപഭാവി സാങ്കേതികവിദ്യകളും പ്രദർശനത്തിലുണ്ട്. കുട്ടികൾക്കായി മാത്രമാണ് മ്യൂസിയത്തിലെ മറ്റൊരു നില സമർപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിലെ 14,000 മീറ്റർ അറബി കാലിഗ്രാഫി രൂപകല്പന ചെയ്തത് ഇമിറാത്തി കലാകാരൻ മത്താർ ബിൻ ലാഹിജാണ്. ഏഴ് നിലകളുള്ള തൂണുകളില്ലാത്ത കെട്ടിടത്തിന് 30,000 ചതുരശ്ര മീറ്റർ വിസ്തീർണവും 77 മീറ്റർ ഉയരവുമുണ്ട്. മ്യൂസിയത്തെ രണ്ട് പാലങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യത്തേത് എമിറേറ്റ്സ് ടവേഴ്സ് വരെ നീളുന്ന 69 മീറ്റർ പാലം. രണ്ടാമത്തേത് എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 212 മീറ്റർ നീളമുള്ള പാലം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights