ഭൗതിക ശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്നുപേർ. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.

ക്വാണ്ടം മെക്കാനിക്സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റെ പേബുവിനാണ് പുരസ്കാരം. 2022ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഡിസംബർ 10നാണ് പുരസ്കാരങ്ങൾ കൈമാറുക.

10 മില്യൺ സ്വീഡിഷ് ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയന്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

Verified by MonsterInsights