ബയോടെക്നോളജി മേഖലയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും അർഹതയ്ക്കുള്ള രണ്ടുപരീക്ഷകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗ്രാറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് – ബയോടെക്നോളജി (ഗാറ്റ്-ബി) 2022 നടത്തുന്നത്.
പരീക്ഷയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ ബയോടെക്നോളജി അനുബന്ധ മേഖലകളിലെ എം.എസ്സി./ എം.ടെക്., എം.എസ്സി. അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, എം.വി.എസ്സി. ആനിമൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഗാറ്റ് ബി വഴി നടത്തുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എം.ടെക്. മറൈൻ ബയോടെക്നോളജി), കേരള കാർഷികസർവകലാശാല തൃശ്ശൂർ (എം.എസ്സി. അഗ്രിക്കൾച്ചർ പ്ലാന്റ് ബയോടെക്നോളജി), രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം (എം.എസ്സി. ബയോടെക്നോളജി. പ്രോഗ്രാമിനനുസരിച്ച് 5000 മുതൽ 12,000 രൂപ വരെ മാസ സ്റ്റൈപ്പൻഡ് കിട്ടും.
ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്:ബയോടെക്നോളജിയിലെ ഗവേഷണത്തിന് നൽകുന്ന ഡി.ബി.ടി. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള (ജെ.ആർ.എഫ്.) പരീക്ഷയാണ് ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്).
അപേക്ഷകർക്ക് ബയോടെക്നോളജി, ലൈഫ് സയൻസസ് എന്നിവയിലെ എതെങ്കിലും വിഷയത്തിലോ അനുബന്ധമേഖലകളിൽ ഒന്നിലോ (ബയോ മെഡിക്കൽ, ബയോ ഇൻഫർമാറ്റിക്സ്, ബയോ കെമിസ്ട്രി, ബയോഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടേഷണൽ ബയോളജി, ജനറ്റിക്സ്, മൈക്രോബയോളജി, സുവോളജി) ബാച്ചിലർ ബിരുദവും (ബി.ഇ./ബി.ടെക്./ എം.ബി.ബി.എസ്.) മാസ്റ്റേഴ്സ് ബിരുദവും (എം.എസ്സി./എം.ടെക്./ എം.ഫാം./എം.വി.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്.) വേണം.ഗാറ്റ്-ബി ഏപ്രിൽ 23-ന് രാവിലെ ഒൻപതുമുതൽ 12 വരെയും ബറ്റ് അന്ന് ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെയും നടത്തും. അപേക്ഷകൾ dbt.nta.ac.in വഴി നൽകാം.