കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ജൂൺ 25ന്
കുട്ടനാട് സന്ദർശിക്കും. 11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയിൽ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി പ്രദേശങ്ങൾ സന്ദർശിക്കും. തുടർന്ന് ചമ്പക്കുളം പാരീഷ് ഹാളിൽ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും. യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ, കുട്ടനാട് പാക്കേജ് ചീഫ് എൻജിനിയർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Blog
അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സ് ഉദ്ഘാടനം
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അനർട്ടും കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി റൂഫ്‌ടോപ് സോളാർ പിവി സിസ്റ്റം എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി 24ന് ഉച്ചയ്ക്ക് 1.30 ന് ഓൺലൈനായി നിർവഹിക്കും. തൃക്കാക്കര ഭാരത് മാത കോളേജിൽ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കേസ് എം.ഡി.പ്രേംകുമാർ, സിഇഒ അനീഷ് എസ് പ്രസാദ്, ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി എന്നിവർ സംസാരിക്കും.
30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സാണ് ആരംഭിക്കന്നത.് സൗര പാനലുകളുടെ പ്രവർത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായ നിശ്ചിത യോഗ്യതയുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എൻജിനിയറിംഗ്, ബിവോക് റിന്വിവബിൾ എനർജി കോഴ്‌സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ കോഴ്‌സിന്റെ ഭാഗമാകാം. കേസും അനെർട്ടും സംയുക്തമായി അംഗീകാരം നൽകി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്.
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താർജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ അഭിനന്ദിച്ചു.
സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയിൽ ഒളിമ്പിക്‌സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ കേരളത്തിൽ നിന്നുള്ളവർ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമിൽ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.
ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ.നരിന്ദർ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ് ആശംസ അറിയിച്ചു. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ബി സുനിൽ കുമാർ, ട്രഷറർ എം ആർ രഞ്ജിത്ത്, ഡോ. ജി കിഷോർ, പത്മിനി തോമസ്, ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഓഫീസ് പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം: മുഖ്യമന്ത്രി
ഓഫീസ് പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.
സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ ഇപ്പോൾ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്.
ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നു പോകുന്നതിനും അത് അനർഹമായ ഇടങ്ങളിൽ ചെന്നു ചേരുന്നതിനും അവർ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിർദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസിൽ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റി, ജനങ്ങൾക്കു വേണ്ടി കർമ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിൽ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു വർഷം കൊണ്ട് നവകേരളത്തിന്റെ അടിത്തറ പാകാൻ കഴിഞ്ഞു. ഇനി ആ അടിസ്ഥാനത്തിൻമേൽ പണിയണം. നവകേരളം യാഥാർത്ഥ്യമാക്കണം. അടുത്ത അഞ്ചു വർഷത്തിൽ ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുമുള്ള ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനാവണം. ലോകത്തെ വിരൽത്തുമ്പിൽ കണ്ടറിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഇവരെക്കൂടിയാണ്് ഇന്നത്തെ സിവിൽ സർവീസ് അഭിസംബോധന ചെയ്യേണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് ആധുനിക വിവര സാങ്കേതികവിദ്യാ സംവിധാനങ്ങൾ എല്ലാ ഓഫീസുകളിലും ഉറപ്പാക്കുന്നത്. കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതോടെ മുഴുവൻ ഓഫീസുകളിലും വേഗതയാർന്ന ഇന്റർനെറ്റ് സംവിധാനം യാഥാർത്ഥ്യമാവുകയാണ്. കാലത്തിന് അനുയോജ്യമായ വിധത്തിൽ എവിടെ നിന്നും ജീവനക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്ന സാഹചര്യം കൂടി സൃഷ്ടിക്കും.
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്ര ത്യേക സംവിധാനമുണ്ടാക്കും. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കെഎസ്ഇബി ഒന്നാമത്
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തിയ സർവേയിൽ കെഎസ്ഇബി ഒന്നാമതെത്തി. 100ൽ 85 മാർക്ക് നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സർവേയുടെ ഭാഗമായി കെഎസ്ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞാണ് പ്രകടനം വിലയിരുത്തിയത്. നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.
ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് അനായാസം സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സഹായം ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി, സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി നേരം നിശ്ചയിക്കാൻ ഇ സമയം, ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ്ങിന് അനുവദിക്കുന്ന സെൽഫ് മീറ്റർ റീഡിങ്, കണക്ഷൻ നടപടി ലഘൂകരിക്കൽ ഉൾപ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി
കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി.
2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം.
03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ട എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 31 വരെ പുതുക്കാനാവും. എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധനയ്ക്ക് ഹാജരാകാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം നീട്ടി നൽകി.
www.eemployment.kerala.gov.in വെബ് സൈറ്റ് വഴി രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നിർവ്വഹിക്കാം.
ഗൂഗിൾ മീറ്റ് വഴി ക്ലാസെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്! …
കോവിഡിനു ശേഷം ഗൂഗിൾ മീറ്റ് വഴിയാണല്ലോ ഇപ്പോൾ മീറ്റിങ്ങുകളും വിദ്യാർഥികൾക്കുള്ള ക്ളാസുകളും. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും മിക്കവരും ഇപ്പോൾ ഈ രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.ഗൂഗിൾ മീറ്റിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം പങ്കുവയ്ക്കുകയാണ് രതീഷ് ആർ മേനോൻ. കുട്ടികളുടെ ജനനതീയതി സംബന്ധിച്ചുള്ള കാര്യമാണ് രതീഷ് സൂചിപ്പിക്കുന്നത്. ഗൂഗിൾ അക്കൗണ്ടിൽ ഡേറ്റ് ഓഫ് ബർത്ത് മാറ്റി നൽകിയാൽ 14 ദിവസത്തിനകം പുതിയ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റാക്കും. ഇക്കാര്യം മെയിൽ വഴി ഗൂഗിൾ അറിയിക്കുന്നുണ്ടെങ്കിലും, മെയിൽ മിക്കവരും ശ്രദ്ധിക്കില്ല. ഇക്കാരണത്താൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.മാതാപിതാക്കൾ നൽകുന്ന മൊബൈലും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന ജീമെയിൽ ഐഡിയും ഉപയോഗിച്ചാണല്ലോ കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കളുടെ പേരാണ് കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുമ്പോൾ കാണിക്കുക. അതുമൂലം അധ്യാപകർ അറ്റന്റൻസ് എടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നഎന്നും പറഞ്ഞു കുട്ടികളോട് പേരു മാറ്റാൻ ആവശ്യപ്പെടുകയും കുട്ടികൾ ഗൂഗിൾ അക്കൗണ്ടിൽ കയറി പേരും ജനന തീയതിയുമൊക്കെ മാറ്റുന്നുമുണ്ട്. അങ്ങനെ ഡേറ്റ് ഓഫ് ബർത്ത് മാറ്റി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ആക്കിയാൽ മാതാപിതാക്കളുടെ ഗൂഗിൾ അക്കൗണ്ട് 14 ദിവസത്തിനകം ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയ നൽകിയില്ലെങ്കിൽ ഗൂഗിൾ ഡിലീറ്റാക്കുകയും ചെയ്യും. അവരത് ഈ മെയിൽ അയക്കുന്നുണ്ട് എങ്കിലും മെയിൽ ഒന്നും ഇക്കാലത്ത് മിക്കവരും ശ്രദ്ധിക്കില്ല എന്നതിനാൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.
അതിനാൽ മാതാപിതാക്കന്മാരോട് കുട്ടിക്കായി മറ്റൊരു അക്കൗണ്ട് നിർമ്മിച്ച് നൽകാൻ പറയുന്നതാകും നല്ലത്. ഈമെയിൽ അക്കൗണ്ട് ഡിലീറ്റായാൽ പിന്നെ തിരികെ കിട്ടാൻ സാധ്യത ഒട്ടുമില്ല. അതിനാൽ ശ്രദ്ധിക്കുക.വർഷങ്ങളായി പല കാര്യങ്ങൾക്കും കോണ്ടാക്റ്റ് അഡ്ഡ്രസ്സായ് നൽകിയിരിക്കുന്നത് ആ ഈമെയിൽ അഡ്രസ് ആയിരിക്കും.- രതീഷ് കുറിപ്പിൽ വിശദീകരിക്കുന്നു.
മകനെ ശിക്ഷിക്കാൻ മുഖത്ത് തേനൊഴിച്ച് തേനീച്ചകളെ ആകർഷിച്ച് പിതാവ്, കൊടുംക്രൂരത
കുറ്റം ചെയ്യുന്ന മക്കളെ ശിക്ഷിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. തെറ്റ് ചെയ്യുന്ന മക്കളോട് മാതാപിതാക്കൾ സ്ഥിരം പറയുന്ന ഒരു വാചകമാണ്, ‘ഞാൻ ഒക്കെ വാങ്ങിയ തല്ലിന്റെ കണക്ക് നോക്കുമ്പോൾ, ഇതൊന്നും ഒന്നുമല്ല.’ എന്നാൽ കുട്ടികളെ ഉപദ്രവിക്കുക, മർദ്ദിക്കുക എന്നിവയെല്ലാം കുറ്റങ്ങൾ കൂടിയാണ്. കുട്ടികളുടെ മനസിന് മുറിവേൽക്കും വിധം ആഴത്തിൽ അവരെ ശിക്ഷിക്കാതിരിക്കുക എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
അതേസമയം, മക്കളെ അതിരുവിട്ട് ശിക്ഷിക്കുന്ന മാതാപിതാക്കളും ഇന്നത്തെ കാലത്തുണ്ട്. ശിക്ഷ എന്ന പരിധി വിട്ട് പീഡനം എന്ന നിലയിലേയ്ക്ക് അത്തരം ശിക്ഷണനടപടികൾ ചെന്നെത്താറുമുണ്ട്. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനത്തിലോ, അതുമല്ലെങ്കിൽ മാനസിക ബലഹീനതകളുടെ പുറത്തോ ഒക്കെ കാട്ടിക്കൂട്ടുന്ന അത്തരം ക്രൂരതകൾ പലപ്പോഴും അതിരുകടക്കാം. ഈ അടുത്തകാലത്ത് ഈജിപ്തിൽ ഒരച്ഛൻ മകനെ ക്രൂരമായി ശിക്ഷിച്ചത് വലിയ വാർത്തയാവുകയാണ്
മോഷണക്കുറ്റത്തിന്റെ പേരിലാണ് അച്ഛൻ മകനെ ശിക്ഷിച്ചതെങ്കിലും, അത് പരിധി വിടുകയും ഒടുവിൽ അയാളെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. സ്‌കൂൾ വിദ്യാർത്ഥിയായ മകനെ തടിക്കഷണത്തിൽ കെട്ടിയിട്ട് തേനീച്ചകളെ ആകർഷിക്കാനായി മുഖത്ത് തേൻ ഒഴിച്ചു കൊടുത്ത ക്രൂരനായ അച്ഛനാണ് അയാൾ. മകൻ മോഷ്ടിച്ചെന്ന് അയൽക്കാരൻ ആരോപിച്ചതിനെ തുടർന്നാണ് വെറും ഏഴ് വയസ്സ് മാത്രമുള്ള ആ ആൺകുട്ടിയോട് ഈ ക്രൂരത കാണിച്ചത്. കൈകൾ പുറകിൽ കെട്ടി, ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം തേനീച്ചകളുടെ ആക്രമണം ഏറ്റുവാങ്ങി നിസ്സഹായനായി കിടക്കുന്ന കുട്ടി.
എന്നാൽ, അതുകൊണ്ടും ദേഷ്യം അടങ്ങാതെ അയാൾ മകനെ വീടിന്റെ മേൽക്കൂരയിൽ കൊണ്ട് പോയി ഇരുത്തി. അവിടെ വച്ച് ശരീരത്തിലുടനീളം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചു. കുട്ടിയെ എത്രനേരം മേൽക്കൂരയിൽ ഇരുത്തിയെന്ന് വ്യക്തമല്ല. മകനെ ശിക്ഷിക്കുന്നത് കണ്ട് നെഞ്ചുപൊട്ടിയ അമ്മ ഒരു ചൈൽഡ് റെസ്ക്യൂ ഗ്രൂപ്പിനെ സമീപിച്ച് സഹായം തേടുകയായിരുന്നു. സംഭവത്തെ തുടർന്ന് 34 -കാരനായ ആ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അമ്മ എടുത്ത മകന്റെ ചിത്രം ഇപ്പോൾ പിതാവിനെതിരെയുള്ള ഒരു തെളിവായി പൊലീസ് സ്വീകരിച്ചിരിക്കയാണ്.
2022 പകുതിയോടെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണം തുടങ്ങാന്‍ ഈജിപ്‍ത്
കെയ്‌റോ: ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാനൊരുങ്ങി ഈജിപ്‍ത്. 2022 പകുതിയോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പൂര്‍ണതോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്നോടിയായി അടുത്ത മാസം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറക്കുമതി ചെയ്‍ത പതിമൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത മാസം നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഈജിപ്‍ത് പബ്ലിക് എന്റെര്‍പ്രൈസ് വകുപ്പ് മന്ത്രി ഹിഷാം തൗഫീഖ് പറഞ്ഞു. നസര്‍ ഇ70യെന്ന ഇലക്ട്രിക് കാറിന്റെ അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യൂബര്‍ നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍മാരെ ഉപയോഗിച്ചായിരിക്കും ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുക.
2022 പകുതിയോടെ എല്‍ നസറിന്‍റെ നിര്‍മ്മാണം ആരംഭിക്കും. പബ്ലിക് എന്റെര്‍പ്രൈസ് മന്ത്രാലയത്തിന്റെ മെറ്റലര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയാണ് എല്‍ നസറിന്‍റെ നിര്‍മ്മാതാക്കള്‍. ഓട്ടോമോട്ടീവ് നിര്‍മ്മാണ കമ്പനി എല്‍ നസര്‍ കമ്പനി ഉള്‍പ്പടെ മന്ത്രാലയത്തിന് കീഴിലുള്ള കമ്പനികളെ പുനഃസംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2019 പകുതി മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള സാധ്യതകള്‍ സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തി വരികയായിരുന്നു. ഇറക്കുമതി ചെയ്‍ത ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണയോട്ടം നാല് മാസത്തോളം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷൺ ഡോ. പി.കെ വാര്യരെ നൂറാം ജ•ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുന്നു.
ആയുഷ്മിഷൻ യോഗ ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം’ ( Be at Home, be with Yoga ) എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ തീം. യോഗത്തോൺ, വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികൾ.
വിവിധ രോഗങ്ങൾ ബാധിച്ചവർക്കും വിവിധ പ്രായക്കാർക്കും വിവിധ അവസ്ഥകളിലുള്ളവർക്കും ശീലിക്കാവുന്ന യോഗയുടെ രീതികൾ പരിചയപ്പെടുത്താനാണ് യോഗത്തോൺ സംഘടിപ്പിക്കുന്നത്. വികേ്‌ടേഴ്‌സ് ചാനൽ വഴി ജൂൺ 21 മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കുമാണ് ‘സ്‌പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്‌സ്’ പരിപാടിയുടെ സംപ്രേഷണം.
സംസ്ഥാനത്തെ എല്ലാ ആയുർവേദ കോളേജുകളും കേന്ദ്രീകരിച്ച് ആയുർവേദവും യോഗയും ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആയുർയോഗ എന്ന പ്രത്യേക പദ്ധതിയും ആയുർവേദ വിദ്യാഭ്യാസ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നു. ഇതുകൂടാതെ റേഡിയോ, ചാനലുകൾ, ദൃശ്യമാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികൾ യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.