ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ജനം ഓരോ വർഷത്തെയും ബജറ്റിനെ കാണുന്നത്. എന്താണ് ബജറ്റ്? കേന്ദ്ര ബജറ്റ് എന്നാൽ എന്താണ് എന്നതിനെപ്പറ്റി കൂടുതൽ വിശദമായി അറിയാം.
വാർഷിക ധനകാര്യ രേഖ എന്നാണ് ബജറ്റിനെ പറയുന്നത്. സർക്കാരിന്റെ വരവ് ചെലവ് കണക്കുകളും മറ്റും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ഇത്. ഇന്ത്യൻ ഭരണഘടനയിലെ 112-ാം വകുപ്പിലാണ് വാർഷിക ധനകാര്യ രേഖയെപ്പറ്റി പറയുന്നത്.
ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 30 വരെയാണ് ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. ഈ കാലയളവ് അടിസ്ഥാനമാക്കിയാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റിന്റെ രണ്ട് വിഭാഗങ്ങളാണ് റവന്യൂ ബജറ്റും ക്യാപിറ്റൽ ബജറ്റും. അവയെന്താണെന്ന് നോക്കാം.
സർക്കാരിന്റെ റവന്യൂ ചെലവുകളും വരവുകളും സംബന്ധിച്ചതാണ് റവന്യൂ ബജറ്റ്. നികുതി വരുമാനവും, നികുതിയേതര വരുമാനവും രണ്ട് തരത്തിലുള്ള റവന്യൂ റെസിപ്റ്റുകളാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകളും ജനങ്ങൾക്കായുള്ള പദ്ധതി ചെലവുകളുമാണ് റവന്യൂ ചെലവിൽ പെടുന്നത്. സർക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാൾ കൂടുതലാണെങ്കിൽ, സർക്കാരിന് റവന്യൂ കമ്മി ഉണ്ടെന്നാണ് അർഥം
സർക്കാരിന്റെ മൂലധന അടവുകളും റെസിപ്റ്റുകളും ഉൾപ്പെട്ടതാണ് ക്യാപിറ്റൽ ബജറ്റ്. ജനങ്ങളിൽ നിന്നുള്ള വായ്പകൾ, ആർബിഐ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയെല്ലാം ക്യാപിറ്റൽ റെസീപ്റ്റ്‌സ് വിഭാഗത്തിൽ പെടുന്നവയാണ്.സർക്കാർ തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനം, കെട്ടിടങ്ങളുടെ ചെലവ് എന്നിവയെല്ലാം മൂലധന ചെലവിൽ ഉൾപ്പെടുന്നവയാണ്. സർക്കാരിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.