ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിയ്ക്ക് വിഹിതം വെട്ടി കുറച്ചതിനെതിരെ പ്രതിപക്ഷം; കാരണം വിശദീകരിച്ച് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം ഇത്തവണത്തെ ബജറ്റിൽ വെട്ടിച്ചുരുക്കിയതിൽ വിമർശനമുയരുന്നു. കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. എന്നാൽ പദ്ധതിയ്ക്കായുള്ള സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചെങ്കിലും ബദൽ തൊഴിൽ പദ്ധതികൾ ജനങ്ങൾക്കായി ഒരുക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

” കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ ഏകദേശം 73000 കോടി രൂപയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി നീക്കിവെച്ചത്. എന്നാൽ ഇത്തവണ അത് 60000കോടിയേക്ക് ചുരുക്കി. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വൻ തൊഴിൽ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്,’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമർശനം.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് തൊഴിലുറപ്പ് പദ്ധതികൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം രാജ്യത്ത് വളരെ കുറവാണ്. ജനങ്ങൾ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു, ബജറ്റിനെ അനുകൂലിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2020-21ൽ ഈ പദ്ധതിയ്ക്ക് കീഴിൽ 38,908 ലക്ഷം പേരാണ് ജോലിയ്ക്കായി എത്തിയത്. എന്നാൽ 2021-22 കണക്കുകൾ പ്രകാരം തൊഴിൽ ചെയ്യാനായി എത്തിയവരുടെ എണ്ണം 36,332 ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

ഈ വർഷം ഫെബ്രുവരി 2 വരെയുള്ള കണക്കിൽ തൊഴിലുറപ്പ് പദ്ധതിയ്ക്കായി എത്തിയവരുടെ എണ്ണം 24, 729 ലക്ഷത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ഇത് കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ കണക്കാണ്. 2019-20 കാലത്ത് ഏകദേശം 26,533 ലക്ഷം പേരാണ് തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ചെയ്യാനായി എത്തിയത്. അന്നത്തെ കേന്ദ്ര ബജറ്റിൽ ഏകദേശം 60000 കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റിവെച്ച വിഹിതം. അതേ രീതി തന്നെയാണ് ഇത്തവണത്തെ ബജറ്റിലും സ്വീകരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

ഗ്രാമീണ വികസനം ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പിഎം ആവാസ് യോജനയും ജൽ ജീവൻ മീഷനുമാണ് ഇത്തവണത്തെ കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതികൾ. തങ്ങളുടെ ഗ്രാമങ്ങളിൽ തന്നെ ജനങ്ങൾക്ക് ജോലി ഉറപ്പാക്കുന്നതാണ് ഈ പദ്ധതികളെന്നാണ് സർക്കാർ വിശദീകരണം.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യം കുറയുന്ന സാഹചര്യത്തിലാണ് പിഎം ആവാസ് യോജനയും ജൽ ജീവൻ മിഷനും പ്രഖ്യാപിച്ചത്. ഗ്രാമീണ ജനതയ്ക്ക് ഈ രണ്ട് പദ്ധതികളിലൂടെ ജോലി ലഭ്യമാക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞത്. പിഎം ആവാസ് യോജനയ്ക്കായി 79,950 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.