സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കം; ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാർയേഴ്സിനെ നേരിടും

വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും. 19ന് നടക്കുന്ന കേരളത്തിന്റെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാർയേഴ്സിനെ നേരിടും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന ടീമുകളാണ് CCLൽ മാറ്റുരയ്ക്കുക.

ആകെ 19 മത്സരങ്ങളാണ് ഇത്തവണ CCLൽ ഉണ്ടാവുക. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ മത്സരം. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിലായിരിക്കും. പാർലെ ബിസ്ക്കറ്റാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഇപ്രാവശ്യത്തെ ടൈറ്റിൽ സ്പോൺസർ.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2023 എഡിഷൻ ഒരു പുതിയ മത്സരഘടനയുമായാണ് എത്തുന്നത്. ആരാധകർക്കും കാണികൾക്കും കൂടുതൽ ആവേശവും ആനന്ദവും പകരുന്ന തരത്തിലാണ് പുതിയ മത്സരഘടന വിഭാവനം ചെയ്തിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി-20 മത്സരങ്ങളുടെയും ഒരു സംയോജിത രൂപമാണ് പുതിയ ഘടനയിലുള്ളത്.

അതനുസരിച്ച് ആദ്യം ഇരു ടീമുകളും 10 ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവർ ബാറ്റ് ചെയ്യും. പിന്നീട് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ടീമിന് വീണ്ടും ബാറ്റിംഗ് അനുവദിക്കുകയും ചെയ്യുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്ക് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവസരം ലഭിക്കും എന്നതാണ് പുതിയ ഘടനയുടെ പ്രധാന സവിശേഷത. അതോടൊപ്പം കാണികൾക്കും ആരാധകർക്കും ത്രസിപ്പിക്കുന്ന ഒരു മത്സരം വീക്ഷിക്കുവാൻ അവസരം ലഭിക്കും എന്നതും പുതിയ മത്സരരീതിയെ ആകർഷകമാക്കുന്നു.

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന CCLൽ മലയാളത്തെ പ്രതിനിധീകരിക്കുന്നത് C3 കേരള സ്ട്രൈക്കേഴ്സ് ആണ്. മലയാളത്തിലെ പ്രമുഖ നടന്മാർ അണിനിരക്കുന്ന C3 കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസിഡറും കുഞ്ചാക്കോ ബോബനാണ്.

ടീം അം​ഗങ്ങൾ

ഇന്ദ്രജിത്ത് എസ്., ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ​ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ.

ടീം വനിത അംബാസിഡർമാർ – ദീപ്തി സതി, പ്രയാഗ മാർട്ടിൻ