ഭൂമിക്കടിയിൽ ‘കുതിപ്പിൽ’ യാത്രാക്കുരുക്കിന് ആശ്വാസം; റെക്കോര്‍ഡ് നേട്ടവുമായി മുംബൈ ഭൂഗര്‍ഭ മെട്രോ

പുതിയതായി ആരംഭിച്ച മുംബൈ ഭൂഗര്‍ഭ മെട്രോലൈൻ്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് ദിവസത്തിനുളളില്‍(ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 13 വരെ) യാത്രചെയ്തത് 1.55 ലക്ഷം യാത്രക്കാര്‍. മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എംഎംആര്‍സിഎല്‍) കണക്കുകള്‍ പ്രകാരം മെട്രോയുടെ ആദ്യത്തെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. ഒന്നാം ദിവസം 18,015 യാത്രക്കാരാണ് ഇതുവഴി യാത്രചെയ്തത്. ഒക്ടോബര്‍ 13 ആയപ്പോഴേക്കും 25, 782 യാത്രക്കാര്‍ എന്ന നിലയില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 43.11 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഭൂഗര്‍ഭ മെട്രോ ലൈനിൻ്റെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്‌ മുതല്‍ആരേയ് കോളനി വരെയുള്ള ആകെ 33.5 കിലോ മീറ്റര്‍ ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ദിവസവും 96 ട്രിപ്പുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതലുമാണ് പ്രവർത്തി സമയം. വണ്‍വേ യാത്രയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയും കൂടിയ നിരക്ക് 50 രൂപയുമാണ്. ഒരു ട്രെിയിനില്‍ 2500 യാത്രക്കാര്‍ക്ക് വരെ യാത്രചെയ്യാന്‍ സാധിക്കും എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ട്രെയിനുകൾക്ക് എട്ട് കോച്ചുകള്‍ വീതമാണുള്ളത്.14,120 കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. മുംബൈയിലെ ഗതാഗതക്കുരുക്കിനിടയിൽ ഭൂഗര്‍ഭ മെട്രോലൈൻ ആശ്വാസകരമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം

Verified by MonsterInsights