കാനഡയിൽ 2023ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ; വിദേശികൾക്ക് വീട് വാങ്ങാൻ നിയന്ത്രണം; മിനിമം വേതനം വർദ്ധിപ്പിക്കും

കാനഡയിൽ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളിൽ മാത്രമായും ബാധകമായ നിരവധി നിയമങ്ങളാണ് ഈ വർഷം രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. മിനിമം വേതന വർദ്ധനവ് മുതൽ വിദേശികൾക്ക് രാജ്യത്ത് വീട് വാങ്ങുന്നതിന് നിയന്ത്രണം ഉൾപ്പെടെ നിരവധി മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാകും.കാനഡ പെൻഷൻ പ്ലാൻ (സിപിപി) സംഭാവനകളും എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (ഇഐ) പ്രീമിയങ്ങളും 2023 മുതൽ വർദ്ധിക്കും. ഇതോടെ കനേഡിയൻ തൊഴിലാളികൾക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വരും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2022ലെ 5.70 ശതമാനത്തിൽ നിന്ന് 2023ൽ 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യൂ ഏജൻസി നവംബറിൽ പ്രഖ്യാപിച്ചിരുന്നു

കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സ് റിപ്പോർട്ട് അനുസരിച്ച് പെൻഷൻ പ്ലാനും എപ്ലോയിമെന്റ് ഇൻഷുറൻസ് വിഹിതവും വർദ്ധിക്കുന്നതോടെ ഓരോ കനേഡിയൻ തൊഴിലാളിയുടെയും ടെയ്ക്ക് ഹോം സാലറി അഥവാ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ വാർഷികാടിസ്ഥാനത്തിൽ 305 ഡോളർ വരെ കുറവുണ്ടാകും.

2023 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്ക് കാനഡയിൽ വിദേശികൾക്കും വിദേശ വാണിജ്യ സംരംഭങ്ങൾക്കും റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. എന്നാൽ നിരവധി പേരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താൽക്കാലിക വർക്ക് പെർമിറ്റുള്ളവർ, ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെയാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

 

Verified by MonsterInsights