കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് മുഴുവനായോ ഭാഗികമായോ നൽകേണ്ടതില്ലെന്ന് ഫെഡറൽ കോടതിയുടെ വിധി. തങ്ങൾക്ക് ട്യൂഷൻ ഫീസ് നൽകാനാകും എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ട്യൂഷൻ ഫീസ് അടക്കാത്തവർക്ക് പിഴ ഈടാക്കില്ല. ഒരു ഇറാനിയൻ വിദ്യാർത്ഥിയുടെ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) ഈ വിദ്യാർത്ഥിക്ക് സ്റ്റഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു.
കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിത്. കാനഡയിലേക്ക് പഠിക്കാൻ പോകാൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഈ വിധി ആശ്വാസമാകും.
2022-ൽ കാനഡയിൽ അഞ്ചര ലക്ഷത്തോളം അന്തർദേശീയ വിദ്യാർത്ഥികളാണ് പഠിക്കാനായി എത്തിയത്. ഇതിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇന്ത്യയിൽ നിന്നുള്ള 226,450 സ്റ്റുഡന്റ് വിസകൾക്കാണ് 2022 ൽ കാനഡ അംഗീകാരം നൽകിയത്. 52,165 സ്റ്റുഡന്റ് വിസയുമായി ചൈന രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍, 444,260 സ്റ്റുഡന്റ് പെര്‍മിറ്റിനാണ് കാനഡ അനുമതി നല്‍കിയത്, അതേസമയം 2019ല്‍ ഇത് 400,600 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021നെ അപേക്ഷിച്ച് 2022-ല്‍ 107,145 -ലധികം പേരാണ് കാനഡയിലേക്ക് പോയത്.
2022 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 807,750 അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സാധുവായ സ്റ്റഡി പെർമിറ്റ് ഉണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നമ്പറാണ്. 319,130 വർക്ക് പെർമിറ്റുള്ള വിദ്യാർത്ഥികളുമായി ഇന്ത്യക്കാർ തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ ഇക്കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.
പല രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെയും ഇഷ്ട ചോയ്സാണ് കാനഡ. രാജ്യത്തെ സുഗമമായ കുടിയേറ്റ പ്രക്രിയ, വിദ്യാർത്ഥി-സൗഹൃദ നയങ്ങൾ, ഉയർന്ന തൊഴിലവസരങ്ങൾ, മൾട്ടി കൾച്ചറൽ അന്തരീക്ഷം എന്നിവയെല്ലാമാണ് വിദ്യാർത്ഥികളെ കൂടുതലായും കാനഡയിലേക്ക് ആകർഷിക്കുന്നത്. അതിനാൽ മികച്ച വിദ്യാഭ്യാസം തേടുന്നതിനും നല്ലൊരു കരിയർ കെട്ടിപ്പടുക്കുന്നതിനും ആഗ്രഹിക്കുന്ന വിദ്യാർത്ഥകളിൽ ഭൂരിഭാഗവും കാനഡയിലേക്ക് പറക്കുന്നു.
ഒന്റാറിയോ (411,000 വിദ്യാര്‍ത്ഥികള്‍), ബ്രിട്ടീഷ് കൊളംബിയ (164,000 വിദ്യാര്‍ത്ഥികള്‍), ക്യൂബെക്ക് (93,000 വിദ്യാര്‍ത്ഥികള്‍), ആല്‍ബെര്‍ട്ട (43,000 വിദ്യാര്‍ത്ഥികള്‍), മാനിറ്റോബ (22,000 വിദ്യാര്‍ത്ഥികള്‍) എന്നിവയാണ് കാനഡയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള പ്രവിശ്യകൾ.