പച്ചക്കറിയിൽ കൈപൊള്ളില്ല; സദ്യവട്ടം ഒരുക്കാം കുറഞ്ഞ ചിലവിൽ, വില മുൻവർഷത്തേക്കാൾ കുറവ്

ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്.

ഹോർട്ടികോർപ്പിന്റെ പച്ചക്കറിചന്തക്കളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ പതിനഞ്ചോളം ഹോട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെവെച്ച് നോക്കിയാൽ ഓണം അടുത്തെങ്കിലും തമിഴ്നാട്ടിലെ വിപണിയിൽ ഇത്തവണ വില കുതിച്ചുയർന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട് തേനി ജില്ലയിൽ നിന്നുള്ള പച്ചക്കറികളാണ്.

തേവാരം, ചിന്നമന്നൂര്‍,കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. എന്നാൽ ഓണത്തിൻറെ തിരക്ക് മാർക്കറ്റുകളിൽ അനുഭവപ്പെടുന്നില്ല എന്നാണ് ചിന്നമന്നൂർ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്.

ബീൻസ് 30, വെള്ളരി 10, മുളക് 28, തക്കാളി 10, വെണ്ടക്ക 29, മുരിങ്ങക്ക 20, അമര പയർ 13, ബീറ്റ്റൂട്ട് 12, ക്യാബേജ് 12, അച്ചിങ്ങ 40 എന്നിങ്ങനെയാണ് ഒരേ കിലോക്ക് നിരക്ക് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞവർഷം ഇതേസമയം ഇരട്ടിയിൽ അധികം വിലയായിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ വിപണിയിലെത്തി നേരിട്ട് ലേലത്തില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാൽ നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയും കുതിച്ചുയർന്നേക്കും.

കേരളത്തിലെ പച്ചക്കറി വിപണിയിൽ ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് അൽപ്പം വില കൂടുതൽ. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140,മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്. ഓണക്കാലത്ത് സാധാരണ തൊട്ടാൽ പൊള്ളുന്ന തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്ക്ക, സവാള, ഉരുളകിഴങ്ങ് എന്നിവ കിലോ 50 രൂപയും.

പട്ടികവർഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം, 55,506 പേർക്ക് 1000 രൂപ നൽകും

സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

കൂടാതെ സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാനും യോഗത്തിൽ തീരുമാനം ആയി. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

 

പട്ടികവർഗക്കാർക്ക് ഓണസമ്മാനം

സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

 

793 ഹെക്ടറിൽ ബന്ദിപ്പൂ കൃഷി, 7,000 ടൺ വിളവ്; സംസ്ഥാനത്ത് പൂക്കൃഷി പൊലിച്ചു.

ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്. ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉൾപ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാൽ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. 
കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറിൽ പൂക്കൃഷിയുണ്ട്. 3,000 വനിതാ കർഷകസംഘങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഓണക്കാലത്ത് മറുനാടൻ പൂക്കളെആശ്രയിക്കേണ്ടിവരുന്നതു കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്. ഒട്ടേറെ കർഷകരും വ്യാപകമായി പൂക്കൃഷി ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലൊന്ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. മുൻപരിചയമുള്ളവർ വിപണി കണ്ടെത്തുന്നുണ്ടെങ്കിലും പുതുതായെത്തിയവർ ബുദ്ധിമുട്ടുകയാണ്.






കഞ്ഞിക്കുഴിയിൽ ബന്ദിപ്പൂവിന് കിലോയ്ക്ക് 100-150 രൂപ വിലയുണ്ട്. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും 50 രൂപയ്ക്കുപോലും പൂ വിൽക്കുന്നുണ്ട്. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തിൽ സംവിധാനമില്ല. ചിലയിടങ്ങളിൽ കുടുംബശ്രീ സി.ഡി.എസുകൾ പൂക്കൾ ശേഖരിച്ച് ഒന്നിച്ചു വിൽക്കുന്നുണ്ട്. 
ഓണത്തിന് ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയതും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നുവെച്ചതും അപ്രതീക്ഷിത പ്രതിസന്ധിയായി


വിപണിസാധ്യത മനസ്സിലാക്കാൻ മൊബൈൽ ആപ്പ് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ടു കർഷകരിലെത്തിക്കാനും സേവനങ്ങൾ എളുപ്പത്തിൽ കിട്ടാനുമായി.
മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്. അതു പ്രവർത്തിച്ചു തുടങ്ങിയാൽ ഭാവിയിൽ വിപണി സാധ്യതകളെക്കുറിച്ചു മനസ്സിലാക്കാനാകും. ലാഭത്തിൽ കൊണ്ടുപോകാവുന്നതാണ് പൂക്കൃഷി. സർക്കാരിന്റെയും കുടുംബശ്രീയുടെയും ഓണവിപണികളിൽ കർഷകരുടെ പൂക്കൾ വിൽക്കാനുള്ള അവസരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. -പി. പ്രസാദ്, കൃഷിമന്ത്രി.



ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താം; ‘യുപിഐ സര്‍ക്കിള്‍’ നിലവില്‍ വന്നു

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഡിജിറ്റല്‍ പേയ്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനായി ‘UPI സര്‍ക്കിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാന്‍ പ്രാഥമിക ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവരോ ആയവര്‍ക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. NPCI അനുസരിച്ച് UPI ആക്സസ് ചെയ്യാന്‍ സാമ്പത്തികമായി ആശ്രയിക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഫീച്ചര്‍.

 

പ്രാഥമിക ഉപയോക്താക്കള്‍ക്ക് ഇനി കുടുംബാംഗങ്ങളോ തങ്ങളുടെ ജീവനക്കാരോ ആയ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് അംഗീകാരം നല്‍കാം, അവര്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാടുകള്‍ നടത്താനാകും. സെക്കന്‍ഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാന്‍ പ്രൈമറി യൂസറിന് സാധിക്കും.

ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ ആളുകളിലേക്ക് സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ; വർധിച്ചത് രണ്ട് മുതൽ ആറ് രൂപ വരെ

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

  • കുറുവ അരി (kg) – 30 ( 33)

  • തുവരപ്പരിപ്പ് (kg) – 111 (115)

  • മട്ട അരി (kg) – 30 ( 33)

  • പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

  • ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം

 

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

 
 

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

പിള്ളേര് വൈബാണ്’; അദാനിയും അംബാനിയും നയിക്കുന്ന ‘ശതകോടീശ്വര ടീമിൽ’ ഇടം നേടിയ രണ്ട് ‘പയ്യന്മാർ’

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയായ ഹുറൂൺ റിച്ച് ഇന്ത്യ 2024 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരെയുടെ വയസ് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. വിദ്യാഭ്യാസവും പ്രായവും സാമ്പത്തി പശ്ചാത്തലവുമെല്ലാം കോടികളുടെ സമ്പാദ്യത്തിൽ ഘടകമാണ് എന്ന പൊതുബോധത്തെ തകർത്തു കൊണ്ടാണ് രണ്ട് പയ്യന്മാർ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. സെപ്റ്റോ എന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി ആപ്പിന്റെ ഉടമകളായ 21കാരൻ കൈവല്യ വോഹ്‌റയും 22കാരൻ ആദിത് പലിചയുമാണ് എല്ലാവരെയും അമ്പരിപ്പിച്ച് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതും ഇന്ത്യയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ ശതകോടീശ്വരന്മാർ എന്ന വിശേഷണത്തോടെ! ഈ പട്ടിക പരിശോധിക്കുന്നവരെ സംബന്ധിച്ച് ഈ പ്രായത്തിലോ എന്ന് ചിന്തിക്കുക സ്വഭാവികം. എന്നാൽ കോളേജ് പഠനം ഉപേക്ഷിച്ചാണ് ഇവർ ഈ നേട്ടത്തിലേയ്ക്ക് എത്തിയെന്നറിയുമ്പോഴാണ് അമ്പരപ്പ് അതിശയമായി മാറുന്നത്.

 

യഥാക്രമം 3600 കോടിയും, 4300 കോടിയുമാണ് ഇരുവരുടെയും ആസ്തി. 2021ൽ കോളേജ് പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്ന് തുടങ്ങിയ സംരംഭമാണ് ഇവരുടെ ‘തലവര’ മാറ്റിയത്. കൊവിഡ് കാലഘട്ടത്തിൽ രാജ്യം മുഴുവൻ വീടുകളിൽ അടച്ചിടപ്പെട്ടപ്പോൾ, ഇരുവരുടെയും മനസ്സിൽ പൊട്ടിമുളച്ചതാണ് അതിവേഗ ഓൺലൈൻ ഗ്രോസറി ഡെലിവറി സംവിധാനം എന്ന ആശയം. ഈ ആശയം പ്രവർത്തികമാക്കുന്നതിന് വേണ്ടി ഇവർ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷം ഇവർ ആരംഭിച്ച സെപ്റ്റോ പിന്നീട് നടത്തിയ കുതിപ്പിൻ്റെ ബാക്കിപത്രമാണ് അംബാനിക്കും അദാനിക്കുമൊപ്പം ശതകോടീശ്വര പട്ടികയിൽ ഇരുവർക്കും ലഭിച്ച ഇടം.

 

കനത്ത മത്സരം നിലനിൽക്കുന്ന ഓൺലൈൻ ഡെലിവറി മേഖലയിലേക്കാണ് ഇരുവരും 2021ൽ സെപ്റ്റോയുമായെത്തുന്നത്. ആമസോൺ, ബിഗ് ബാസ്കറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആളും അർത്ഥവുമുള്ള വമ്പന്മാരോടായിരുന്നു ഇവരുടെ മത്സരം. എന്നാൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് ഓൺലൈൻ ഡെലിവറി സംവിധാനത്തെ സുഗമമാക്കാനും, അതുവഴി വലിയ സ്വീകാര്യത നേടാനും സെപ്റ്റോയ്ക്ക് കഴിഞ്ഞു.ഒടുവിൽ ഇരുവരും എത്തപ്പെട്ടത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമാണ്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി ​ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2020ൽ ഹുറൂൺ റിച്ച് ഇന്ത്യ ലിസ്റ്റിൽ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളി‍ൽ അദാനിയുടെ സ്വത്തുക്കളിൽ‌ 95 ശതമാനം വർധനയുണ്ടായതായാണ് ഹുറൂൺ റിപ്പോർട്ട് പറയുന്നത്.

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; റേഷന്‍ കടകളിലൂടെ വിതരണം

അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയുo അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.
 
ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.
 

റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ 35 കോടി രൂപയോളെ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില്‍ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതില്‍ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും.

കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഓണക്കിറ്റുകള്‍ മഞ്ഞകാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബര്‍ നാലിനകം ഓണച്ചന്തകള്‍ തുടങ്ങാനാണ് തീരുമാനം

കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രം: വൈദ്യുതി മന്ത്രി

കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ഉൾപ്പെടെ അഭിപ്രായം തേടും. നയം തീരുമാനിക്കുന്നത് സർക്കാരാണ്. നിലവിൽ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാ​ഗമായി പവർകട്ടില്ല. ‌വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.

 

സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു.

ഊർജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനിൽപ്പിനും ആണവ പദ്ധതി അത്യാവശ്യമാണെന്ന് കഴിഞ്ഞ ​ദിവസം കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്ന കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയിലായിരുന്നു കൂ​ടെ നിൽക്കണമെന്ന ആവശ്യം ബിജു പ്രഭാക‍ർ മുന്നോട്ട് വച്ചത്.

 

കേരള സർവകലാശാല അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 വയസാക്കും

കേരള സർവകലാശാലക്ക് പിന്നാലെ സംസഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളിലും ഈ മാനദണ്ഡം നടപ്പിലാക്കേണ്ടി വരും. 2022 -ൽ തന്നെ സർവകലാശാല കോളേജ് അധ്യാപക നിയമനത്തിന് പ്രായപരിധി ഒഴിവാക്കിയിരുന്നു. പകരം യുജിസി ചട്ടം പരിഷ്കരിച്ചു, എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലകളും സംസ്ഥാനങ്ങളും തുടർനടപടികൾ എടുക്കാൻ വൈകിയതിനെ തുടർന്ന് നിയമന പ്രായപരിധി അനിശ്ചിതത്തിൽ ആയി. 

യുജിസി വ്യവസ്ഥ പൂർണമായി സ്വീകരിക്കാതെ തന്നെ കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 ആക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു.

എന്നിട്ടും മറ്റ് പല സർവകലാശാലകളിലും , കോളേജുകളിലും 40 വയസ്സ് എന്ന പ്രായപരിധിയിലാണ് അധ്യാപക നിയമനങ്ങൾ നടത്തിയത്

.ഇത് മൂലം ചില അധ്യാപകർ ഹൈക്കോടതിയെ സമീപിക്കുകയും നിയമനത്തിനുള്ള പ്രായപരിധി ഉയർത്താൻ ആവിശ്യം ഉന്നയിക്കുകയും ചെയ്തു.

 ഇതുവഴി 50 വയസ്സ് എങ്കിലും പ്രായപരിധി നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേരള സർവകലാശാല ഇക്കാര്യത്തിൽ നടപടി തുടങ്ങിയത്.

2034 ഫിഫ ലോകകപ്പ് ഫുട്ബാൾ ; പുതിയ പതിനഞ്ച് സ്റ്റേഡിയങ്ങൾ, സൗദിയിലെ അറേബ്യയിലെ ഈ അഞ്ച് നഗരങ്ങൾ വച്ച് നടക്കും.

2034 ഫിഫ ലോകകപ്പ് ഫുട്ബാൾ സൗദി അറേബ്യ വേദിയാകും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങളാണ് പുതുതായി നിർമിക്കുക.

ഇക്കൂട്ടത്തിൽ ഏറ്റവും സുപ്രധാനമായ വേദി റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനൽ മത്സരവും നടക്കുക. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങൾ നടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ എട്ടെണ്ണം റിയാദിലായിരിക്കും.

റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയിൽ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും.

ജിദ്ദയിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദ് മേഖലയുടെ പൈതൃകം ഉൾക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയിൽ നിർമിക്കുന്ന ‘ഡൗൺടൗൺ ജിദ്ദ സ്റ്റേഡിയമാണ്’ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയിൽ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റൽ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരത്തിൽ അറേബ്യൻ ഗൾഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.

അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം 45,000ലധികം കാണികളായി ശേഷി വർധിപ്പിച്ച് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമാണ് സൗദി വടക്കൻ മേഖലയിലെ ലോകകപ്പ് വേദി. ലോകകപ്പിന് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്നവർക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടൽ മുറികൾ ഒരുക്കുമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു.  അഞ്ച് നഗരങ്ങളിലായി ഒരുക്കുന്ന ഈ താമസസൗകര്യം വി.ഐ.പികൾ, ഇൻറർനാഷനൽ ഫെഡറേഷൻ ഡെലിഗേഷനുകൾ, ടീമുകൾ, മാധ്യമപ്രവർത്തകർ, കാണികൾ എന്നിവർക്ക് വേണ്ടിയാണ്.കളിക്കാർക്കായി 132 പരിശീലന കേന്ദ്രങ്ങൾ ഒരുക്കും. പരിശീലന ക്യാമ്പുകൾ 72 സ്റ്റേഡിയങ്ങളിലാണ് സജ്ജീകരിക്കുക. റഫറിമാർക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂർണമെൻറിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവൽ വില്ലേജുകളും’ തയ്യാറാക്കും. ഓരോ നഗരത്തിലും ഫിഫ തന്നെ ഇതിനായി ഓരോ സ്ഥലങ്ങൾ തെരഞ്ഞെടുക്കും.

Verified by MonsterInsights