സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു: 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യം.

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ 2025 ഫെബ്രുവരി 15-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. ആദ്യമായാണ് പരീക്ഷയ്‌ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്.

പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 1-ാം തീയതിയും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.

പഠിതാക്കളെ ഇതിലേ ഇതിലേ..; ISRO-യുടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്; വേഗം അപേക്ഷിച്ചോളൂ.

വിദ്യാർത്ഥികൾക്ക് സൗജന്യ ഏകദിന കോഴ്സ് നൽകാനൊരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഏകദിന കോഴ്സ് നൽകുന്നത്. ഇത് തീർത്തും സൗജന്യമാണ്. ഇ-സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ തുടങ്ങി ആർക്കും കോഴ്സിന് ചേരാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിംഗ് പാരിസ്ഥിതിക ഗവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകാൻ ഇസ്രോ തീരുമാനിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) ഔട്ട്റീച്ച് ഫെസിലിറ്റി വഴി നടത്തുന്ന ഐഎസ്ആർഒയുടെ പ്രോഗ്രാമാണിത്.

സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പഠിപ്പിച്ചുനൽകുക. ഡീപ് ലേഡിംഗിന്റെ പ്രായോഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.

ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ​ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 5 വരെ.

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം.

ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഡിസംബർ 5 നകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. വിവര ങ്ങൾക്ക്: www.minoritywe Ifare.kerala.gov.in, ഫോൺ: 0471 2300524, 04712302090.

ഒരു ദിവസം അഞ്ച്‌ പരീക്ഷ,8 മണിക്കൂർ ദൈർഘ്യം; ഇതാണ് ലോകത്തെ കഠിനമായ പരീക്ഷ.

ലോകത്തെ ഏറ്റവും കഠിനമായ പരീക്ഷയേക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയയിലെ സുനെങ് ടെസ്റ്റ് ആണത്. കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് എന്നും ഈ പരീക്ഷ അറിയപ്പെടുന്നുണ്ട്. എട്ട് മണിക്കൂർ നീളുന്ന ഈ പരീക്ഷയിൽ കൊറിയൻ, മാത്തമാറ്റിക്സ്, ഇഗ്ലീഷ്, കൊറിയൻ ഹിസ്റ്ററി, സോഷ്യൽ സ്റ്റഡീസ് അല്ലെങ്കിൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷകൾ നടത്തുക. എല്ലാ വർഷവും നവംബറിൽ നടക്കുന്ന ഈ പരീക്ഷ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിന് വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണ് സുനെങ് ടെസ്റ്റിലേത്. ഓരോ വിഷയത്തിനും 80 മുതൽ 107 മിനിറ്റുവരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കും ശേഷം 20 മിനിറ്റാണ് വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണ് നൽകുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിങ് ടെസ്റ്റ് ആണ് ഇംഗ്ലീഷ് പരീക്ഷയിൽ പ്രധാനപ്പെട്ടത്. അവർ കേൾക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങൾ. ഉയർന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.

പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിർദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കണം. ആപ്പിൾ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങൾ, പുഴുങ്ങിയ മത്സം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാർഥികളോട് നിർദേശിക്കുന്നത്. പരീക്ഷാ ദിനങ്ങളിൽ ആരോഗ്യം നിലനിർത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങൾ വരാതിരിക്കാനുമാണ് വിദ്യാർഥികൾ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.  കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതിൽ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാർഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള പരിശീലനം നൽകുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.   പരീക്ഷാദിവസം വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്നത് വൈകാതിരിക്കാനും വലിയ മുൻകരുതലുകൾ ഉണ്ടാകാറുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികൾ സ്വീകരിക്കും. ഇതിനായി കമ്പനികളിലും മറ്റും വൈകിയാണ് ജോലികൾ ആരംഭിക്കുന്നത്. പരീക്ഷയുടെ പ്രാധാന്യം ഉൾക്കൊണ്ട് സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനം പോലും വൈകിയാണ് ആരംഭിക്കുന്നത്. ഇംഗ്ലീഷ് ലിസണിങ് ടെസ്റ്റിന്റെ സമയത്ത് വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫും പോലും തടയുന്നുണ്ടെന്നതാണ് ഇതിലെ കൗതുകകരമായ കാര്യം.

koottan villa

സുനേംങ് പരീക്ഷ കേവലം ഒരു അക്കാദമിക ചലഞ്ച് എന്നതിനപ്പുറം ഭാവി ജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്. തൊഴിൽ, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ സർവകലാശാല പ്ലേസ്മെന്റുകൾ, ഭാവിയിലേക്കുള്ള തൊഴിൽ സാധ്യതകൾ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിർണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാവുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്നത്.

എടുത്താല്‍ പൊങ്ങുന്നില്ല, കുട്ടികള്‍ക്ക് മടുപ്പ്; ഒന്നാം ക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു.

കുട്ടികള്‍ക്കിടയില്‍ മുന്‍വര്‍ഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കിട്ടിയിട്ടില്ലെന്നാണ് അധ്യാപകരുടെ അനുഭവം. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകര്‍ പറയുന്നു. ഒന്നാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ബാഹുല്യമാണ് പ്രധാനമായും അധ്യാപകര്‍ പങ്കുവെച്ചത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഈ അധ്യയനവർഷം പുതുതായി ഇറക്കിയ ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു. ഒന്നാം ക്ലാസുകാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമാണെന്ന വിമർശനമുയർന്നതിനെത്തുടർന്നാണിത്. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക നിർമാണ ശില്പശാല കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്നു.

ഈ വർഷം പുതുക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സംബന്ധിച്ച് എസ്.സി.ആർ.ടി. അധ്യാപകരിൽനിന്ന് ഗൂഗിൾഫോം വഴി അഭിപ്രായം തേടിയിരുന്നു. ഇതിൽ ലഭിച്ച പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുത്തൽ. എസ്.സി.ആർ.ടി. പ്രതിനിധികളും പാഠപുസ്തക നിർമാണസമിതി അംഗങ്ങളും വിവിധ ജില്ലകളിൽനിന്നുള്ള ഒന്നാംക്ലാസ് അധ്യാപകരുമാണ് പങ്കെടുത്തത്.

കുട്ടികൾക്കിടയിൽ മുൻവർഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കിട്ടിയിട്ടില്ലെന്നാണ് അധ്യാപകരുടെ അനുഭവം. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകർ പറയുന്നു. ഒന്നാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ബാഹുല്യമാണ് പ്രധാനമായും അധ്യാപകർ പങ്കുവെച്ചത്.

ഒന്നാംപാഠംതന്നെ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവന്നെന്നാണ് വിമർശനം. പഠനാനുബന്ധ പ്രവർത്തനങ്ങളുടെ എണ്ണക്കൂടുതലും കുട്ടികളെ മടുപ്പിക്കുന്നു. അധ്യയനദിവസങ്ങൾ പലകാരണങ്ങളാൽ നഷ്ടപ്പെടുമ്പോൾ പാഠഭാഗങ്ങൾ ഓടിച്ചുതീർക്കേണ്ട സാഹചര്യമാണ്. പ്രവർത്തനപുസ്തകത്തിൽ ഏറെ ചെയ്തുതീർക്കാനുള്ളതിനാൽ കുട്ടികൾക്ക് മറ്റ് ക്ലാസ് റൂം അനുഭവങ്ങൾക്ക് സമയംകിട്ടുന്നില്ല. പാഠപുസ്തകത്തിനൊപ്പം പ്രവർത്തനപുസ്തകവും അധ്യാപകസഹായിയും പരിഷ്കരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായം പരിഗണിച്ച് പാഠപുസ്തകം പരിഷ്കരിക്കുന്നതെന്നാണ് എസ്.സി.ആർ.ടി.ഇ.യുടെ അവകാശവാദം. എന്നാൽ, ഈ വർഷത്തെ ഒന്നാംക്ലാസുകാരെ പരീക്ഷണത്തിന് വിട്ടുകൊടുത്തതുവഴി അവർക്കുണ്ടായ പഠനപ്രയാസങ്ങൾക്ക് ആര് ഉത്തരം പറയുമെന്നാണ് അധ്യാപകരുടെ ചോദ്യം.

നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം; മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി

കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജര്‍മ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷങ്ങള്‍ തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ഇന്ന് വൈകിട്ട് നടക്കും.

തിരുവനന്തപുരത്ത് ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിക്കുന്ന ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമാണ് നോര്‍ക്ക റൂട്ട്സിന്റെ 500 പ്ലസ് പരിപാടി. ചടങ്ങില്‍ ബെംഗളൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് മുഖ്യാതിഥിയാകും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ജര്‍മ്മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സല്‍ ‍ഡോ. സയിദ് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അറിയിക്കും. നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, ജര്‍മ്മന്‍ ഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ട്രിപ്പിള്‍ വിന്‍, ജര്‍മ്മന്‍ ഭാഷാ വിദ്യാര്‍ത്ഥികള്‍ എന്നിവരും ആഘോഷചടങ്ങില്‍ സംബന്ധിക്കും.

ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചുഘട്ടങ്ങളില്‍ നിന്നും ഇതുവരെ തിരഞ്ഞെടുത്ത 1400 പേരില്‍ നിന്നുളള 528 നഴ്സുമാരാണ് ജര്‍മ്മനിയിലെത്തിയത്. നിലവില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. നഴ്സിംഗ് ഹോമുകളിലേയ്ക്കുളള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപടികളും പുരോഗമിച്ചുവരുന്നു. പ്ലസ് ടുവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം സാധ്യമാക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതിയില്‍ രണ്ടാംഘട്ട റിക്രൂട്ട്മെന്റുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

പ്രവാസികളുടെ മക്കൾക്കായി സ്കോളർഷിപ്പ്; വിശദവിവരങ്ങള്‍ ഇങ്ങനെ

പ്രവാസി മലയാളികളുടേയും തിരികെയെത്തിയ പ്രവാസികളുടേയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളള പ്രവാസികളുടെയും മുന്‍ പ്രവാസികളുെയും മക്കള്‍ക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുക.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30 നുള്ളിൽ അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകർ. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങൾക്കായി 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പഠനാവശ്യങ്ങൾക്കായി ഈടില്ലാതെ വായ്പ, ആനുകൂല്യം 22 ലക്ഷം വിദ്യാർഥികൾക്ക്; ഇത് ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഈടില്ലാതെ വായ്പ ഉറപ്പാക്കുന്ന പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ട്യൂഷൻ ഫീസുൾപ്പെടെ കോഴ്സുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകൾക്കുമായാണ് വായ്പ അനുവദിക്കുക. സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 22 ലക്ഷം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിവരം. ഏഴ് വർഷത്തേക്ക് 3600 കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി പ്രകാരം രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല.

പദ്ധതിക്കു കീഴിൽ 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരന്റി ലഭിക്കും. മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.

ഏതൊക്കെ സ്ഥാപനങ്ങളാണ് ഉൾപ്പെടുക
  • ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ
  • 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ.
  • എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും മേഖല തിരിച്ചുമുള്ള റാങ്കിങ്ങും ഇതിനായി പരിഗണിക്കും.
  • ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും.
  • ഇത്തവണ 860 സ്ഥാപനങ്ങളാണ് വായ്പ പരിധിയിൽ വരിക. ഇതിൽ 657 എണ്ണം സർക്കാർ സ്ഥാപനങ്ങളും 203 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകൾ ഓപ്റ്റ് ചെയ്യുന്നവർക്കുമായിരിക്കും പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയിൽ മുൻഗണന. പലിശ ഇളവിനു തുല്യമായ തുക ഇ–വൗച്ചർ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ആയിട്ടായിരിക്കും നൽകുക.

പിഎം വിദ്യാലക്ഷ്മി പോർട്ടൽ മാസങ്ങൾക്കകം നിലവിൽ വരും. ഇതിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എന്നാൽ, അതിനു മുൻപു തന്നെ ഇതിന്റെ ആനുകൂല്യം തേടുന്നവർക്ക് വായ്പ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ

101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ.

എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും മേഖല തിരിച്ചുമുള്ള റാങ്കിങ്ങും ഇതിനായി പരിഗണിക്കും.

ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും.

അവിവാഹിതരായ നിയമ ബിരുദധാരിയാണോ നിങ്ങൾ? ഇന്ത്യന്‍ ആർമിക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ നിയമ ബിരുദധാരികൾക്കായി ഒഴിവ്. ഇന്ത്യൻ ആർമിയിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്കാണ് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചത്. 55 ശതമാനം മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബാർ കൗൺസ്സിൽ ഓഫ് ഇന്ത്യ അംഗീകരിച്ച കോളേജിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. ഇതിനായി 21 മുതൽ 27 വയസ്സ് വരെയുള്ള കാൻഡിഡേറ്റ്സിനെയാണ് ആവിശ്യം. നിലവിൽ 5 പുരുഷന്മാ‌ർക്കും 5 സ്ത്രീകൾക്കുമുളള ഒഴിവാണുള്ളത്. കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും (LLM യോഗ്യതയുള്ളവരും LLM ഹാജരായ ഉദ്യോഗാർത്ഥികളും ഉൾപ്പെടെ) CLAT PG 2024 സ്കോർ നിർബന്ധമാണ് കൂടാതെ ഉദ്യോഗാർത്ഥികൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് എന്നിവയിൽ അഭിഭാഷകനായി രജിസ്ട്രേഷന് യോഗ്യതയും നേടിയിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 28.11.2024 ആണ്.

ഘട്ടം 1: ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindianarmy.nic.in ഓപ്പൺ ചെയ്യുക
ഘട്ടം 2: ‘Officer Entry Appln/Login’ എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘Registration’ എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഡാഷ്ബോർഡിന് താഴെയുള്ള ‘Apply Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇത് നിങ്ങളെ ‘Officers Selection – ‘Eligibility’ എന്ന പേജിലേക്ക് റീഡയറക്‌ടുചെയ്യും അതിൽ . തുടർന്ന് ഷോർട്ട് സർവീസ് കമ്മീഷൻ JAG എൻട്രി കോഴ്‌സിന് നേരെ കാണിച്ചിരിക്കുന്ന Apply എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഇവിടെ നിന്ന് ‘‘Application Form’ എന്ന് ഒരു പേജ് തുറക്കും. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ആവശ്യമുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിന് ‘Continue’ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഇങ്ങനെ നിങ്ങൾ ഓരോ അടുത്ത സെഗ്‌മെൻ്റിലേക്ക് പോകുന്നതിന് മുമ്പ് ഓരോ തവണയും മാറ്റങ്ങൾ സേവ് ചെയത് തുടരുക.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം. 

ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിൽ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 – 26 തീയ്യതികളിലും നടക്കും.

Verified by MonsterInsights