ട്രെയിൻ യാത്രയിൽ ഇനി എല്ലാവർക്കും ലോവർ ബെർത്ത് ലഭിക്കില്ല; നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ.

ട്രെയിൻ യാത്ര ബുക്ക് ചെയ്യുമ്പോൾ പ്രായമായവർ കൂടി ഒപ്പമുണ്ടെങ്കിൽ ടെൻഷനാണ്. കാരണം, അവർക്ക് വേണ്ടി ലോവർ ബെർത്ത് ബുക്ക് ചെയ്യണം. എന്നാൽ ബുക്ക് ചെയ്യുന്ന സമയത്ത് ലോവർ ബെർത്ത് തിരഞ്ഞെടുത്തു നൽകിയാലും ചിലപ്പോൾ ലഭിക്കാറില്ല. ട്രെയിനിൽ കയറി കഴിഞ്ഞാൽ പിന്നെ ലോവർ ബെർത്തിൽ ഉള്ളവരുടെ കാലു പിടിക്കലാണ്. ‘പ്രായമായവരാണ്, അവരെ കൊണ്ടു മുകളിലേക്കു കയറാൻ പറ്റില്ല, ലോവർ ബെർത്ത് ഒന്ന് തരാമോ’ എന്നെല്ലാം അപേക്ഷിക്കലാണ്. ലോവർ ബെർത്ത് കിട്ടിയവർക്ക് മനസ്സലിവ് ഉണ്ടെങ്കിൽ ബെർത്ത് മാറാൻ സമ്മതിക്കും. 

എന്നാൽ ഇനി മുതൽ അത്തരത്തിൽ യാതൊരുവിധ ടെൻഷനും ആവശ്യമില്ല. പ്രായമായവർക്കും സ്ത്രീകൾക്കുമായി ലോവർ ബെർത്ത് മാറ്റി വച്ചിരിക്കുകയാണ്. പ്രായമായവർക്ക് യാത്ര സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഇന്ത്യൻ റെയിൽവേ ലോവർ ബെർത്ത് നീക്കി വയ്ക്കാൻ തീരുമാനിച്ചു. അപ്പർ ബെർത്ത്, മിഡിൽ ബെർത്ത് യാത്രകൾ ഇത്തരക്കാർക്കു യാത്രയിൽ ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്.

ലോവർ ബെർത്തിൽ ഇനി ഓട്ടോമാറ്റിക് അലോട്ട്മെൻ്റ്


കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രായമായവർക്കും മറ്റുമായി ലോവർ ബെർത്ത് നീക്കിവയ്ക്കുന്ന കാര്യം ലോക്സഭയിൽ അറിയിച്ചത്. പലപ്പോഴും യാത്രയ്ക്കിടയിൽ പ്രായമായവർ ലോവർ ബെർത്ത് ലഭിക്കാതെ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരമെന്നോണമാണ് പുതിയ മാറ്റം. ഇതിനായി ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക്കാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുവരാൻ പോകുന്നത്. ഗർഭിണികളായ സ്ത്രീകൾ, 45 വയസ്സിന് മുകളിലുള്ള സ്ത്രീ യാത്രക്കാർ, 60 വയസ്സിനു മുകളിലുള്ള പുരുഷൻമാർ, 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ലോവർ ബെർത്ത് ലഭിക്കും.

ലോവർ ബെർത്തിന്റെ ലഭ്യത അനുസരിച്ച് ആയിരിക്കും ബെർത്ത് ലഭിക്കുക.


ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കും. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റി വയ്ക്കും. തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് മാറ്റിവയ്ക്കുക. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് ആയിരിക്കും ബെർത്തുകളുടെ  റിസർവേഷൻ.

Verified by MonsterInsights