നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ, എങ്കിൽ ലക്ഷങ്ങൾ ശമ്പളവുമായി യുനെസ്കോ വിളിക്കുന്നു

ആകര്ഷകമായ ശമ്പളത്തോടെ ഉദ്യോഗാര്ത്ഥികളെ തേടി യുനെസ്കോ. പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറല് സയന്സ്) ഒഴിവുകളിലേക്കാണ് യുനെസ്കോ ഉദ്യോഗാര്ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ചിലിയിലെ സാന്റിയാഗോയിലാണ് ഒഴിവ്

സെപ്റ്റംബര് 30 വരെയാണ് അപേക്ഷ സമര്പ്പിക്കാനുള്ള സമയം. ആവശ്യക്കാര്ക്ക് യുനെസ്കോയുടെ കരിയര് വെബ്സൈറ്റില് കയറി ഓണ്ലൈന് ഫോം പൂരിപ്പിക്കാം.

 

നാച്ചുറല് സയന്സസില് (എന്വയോണ്മെന്റ്, എക്കോളജി, ഹൈഡ്രോളജി, എര്ത്ത് സയനന്സസ്, ബേസിക് സയന്സസ്) ബിരുദാനന്തര ബിരുദമോ എഞ്ചിനീയറിങ്ങ് നാച്ചുറല് സയന്സസില് നാലു വര്ഷത്തെ പ്രവര്ത്തിപരിചയമോ ഉള്ളവര്ക്ക് അപേക്ഷിക്കാം. നാലുവര്ഷത്തില് രണ്ട് വര്ഷം ആഗോളതലത്തില് നേടിയ പ്രവര്ത്തിപരിചയമുണ്ടായിരിക്കണം

പ്രോഗ്രാം സ്പെഷ്യലിസ്റ്റുകള്ക്ക് പ്രതിവര്ഷം 72 ലക്ഷം രൂപയാണ് ശമ്പളം. യുനെസ്കോയുടെ ഔദ്യോഗിക വെബ്സൈറ്റില് കയറി കൂടുതല് വിവരങ്ങള് അറിയാം.

https://www.unesco.org/en

10,000 വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പുമായി എസ്ബിഐ ഒക്ടോബർ 1 വരെ അപേക്ഷിക്കാം .

പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.
ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ തലം, ബിരുദാനന്തര ബിരുദ തലം, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. പട്ടികജതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത ‘സ്റ്റഡി എബ്രോഡ്’ വിഭാഗം ആഗോളതലത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദവും അതിനു മുകളിലുമുള്ള വിദ്യാഭ്യാസം നേടുന്നതിനും സഹായം 
ലഭ്യമാക്കും.






ഒക്ടോബർ 1 വരെ https://www.sbifashascholarship.org എന്ന വെബ്സൈറ്റിലൂടെ  സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
വിശദാംശങ്ങള്‍ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് sbiashascholarship@buddy4study.com എന്നഇമെയിൽ ഹെൽപ്പ് ലൈനിലും വിവരങ്ങൾ ലഭ്യമാണ്.
ഏറ്റവും പിന്നോക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനുലക്ഷ്യമിട്ടുള്ളതാണ് ആശാ സ്കോളർഷിപ്പ്പ്രോഗ്രാം. 2022-ൽ ആരംഭിച്ച സ്കോളർഷിപ്പ് പ്രോഗ്രാം 3,198 വിദ്യാർത്ഥികൾക്കായി 3.91 കോടി രൂപയുടെ സാമ്പത്തിക സഹായം ഇതിനോടകം നൽകിയിട്ടുണ്ട്.





പാലിയേറ്റീവ് കെയർ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യസർവകലാശാല.

പാലിയേറ്റീവ്കെയർചികിത്സകേരളത്തിൽഎം.ബി.ബി.എസ്.പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻആരോഗ്യസർവകലാശാല സജ്ജമാകുന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി.20 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് ശേഷമുള്ള നേരിട്ടുള്ള പരിശീലനം.ആരോഗ്യ സർവകലാശാലയിൽ തുടങ്ങി.






അടുത്ത അധ്യയനവർഷം മുതൽ പാലിയേറ്റീവ് കെയർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമം.ഇതുവഴി ഭാവി ഡോക്ടർമാരെ സാന്ത്വന ചികിത്സയിൽ കൂടി പ്രാപ്തരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഭാവി ഡോക്ടർമാരിൽ സാന്ത്വന ചികിത്സയെക്കുറിച്ചുള്ള അവബോധവും പ്രവൃത്തിപരിചയവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.





ഡോ. എം.ആർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന പരിശീലനം രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഡോ. എം.എസ്. സുനിൽകുമാർ, ഡോ. വി.വി. ഉണ്ണികൃഷ്ണൻ, ഡോ. ആർ. സജിത്ത് കുമാർ,ഡോ. ഗീത ഗോവിന്ദരാജ്, ഡോ. കെ.എസ്. ഷാജി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.




പി.ജി. പഠനവും മാറും, ഗവേഷണവും തൊഴിലും ഉള്ളടക്കമാവും.

നാലുവർഷബിരുദം നടപ്പാക്കിയതിനു പിന്നാലെ ബിരുദാനന്തര ബിരുദ (പി.ജി.) പാഠ്യപദ്ധതിയും പരിഷ്കരിക്കുന്നു. ഗവേഷണത്തിന് പ്രാധാന്യം നൽകിയുള്ള പി.ജി. കോഴ്‌സുകൾക്കാണ് മുൻഗണന. തൊഴിൽ-സംരംഭകത്വ പരിശീലനം നൽകുന്ന പി.ജി. പാഠ്യപദ്ധതിയും നടപ്പാക്കും.
ഇതിനായി ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. നാലുമാസത്തിനുള്ളിൽ ‘മാതൃകാപാഠ്യപദ്ധതി’ തയ്യാറാക്കി റിപ്പോർട്ടു നൽകാനാണ് നിർദേശം.
നിലവിൽ മൂന്നുവർഷ ബിരുദത്തിൽ പഠിക്കുന്നവരെ നാലുവർഷ ബിരുദത്തിലേക്കു മാറ്റാനുള്ള സാധ്യതയും തേടും. പുതിയ പി.ജി. കോഴ്‌സുകൾ അടുത്ത അധ്യയനവർഷത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.






 

കോഴ്‌സ് മാത്രമായുള്ള പി.ജി., കോഴ്‌സും ഗവേഷണവും ചേർന്നുള്ള പി.ജി., ഗവേഷണം മാത്രമുള്ള പി.ജി. എന്നിങ്ങനെ മൂന്നുതരമുണ്ടാകും. രണ്ടുവർഷത്തെ പി.ജി.ക്കുചേർന്നവർ ഒരുവർഷത്തിനുശേഷം വിടുതൽ നേടിയാൽ പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് യു.ജി.സി. വ്യവസ്ഥ. ഇതു കേരളത്തിൽ നടപ്പാക്കുമോയെന്നു വ്യക്തമായിട്ടില്ല. നാലുവർഷ ബിരുദത്തിൽ ഓരോവർഷവും വിടുതൽ നൽകാമെന്ന യു.ജി.സി. വ്യവസ്ഥ പാലിച്ചിട്ടില്ല.




നാലുവർഷബിരുദത്തിൽ ഓണേഴ്‌സ് വിത്ത് റിസർച്ച് നേടിയവർക്ക് പൊതുപരീക്ഷയെഴുതി നേരിട്ടു പിഎച്ച്.ഡി.ക്ക് ചേരാമെന്നാണ് വ്യവസ്ഥ. സാധിക്കാത്തവർക്ക് ‘പി.ജി. വിത്ത്റിസർച്ച്’പഠിച്ചശേഷംഗവേഷണത്തിനുള്ളഅവസരമൊരുങ്ങും.
ക്രെഡിറ്റ് ഘടനയിൽ പി.ജി. കോഴ്‌സുകൾ നടപ്പാക്കണമെന്നാണ് യു.ജി.സി. മാനദണ്ഡം. ഓരോവർഷവും 40 ക്രെഡിറ്റ് വീതമുണ്ടാകും. മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് ഇപ്പോഴുള്ളതുപോലെ രണ്ടുവർഷ പി.ജി.ക്ക് ചേരാം. നാലുവർഷത്തെ ഓണേഴ്‌സ് കഴിഞ്ഞവർക്ക് പി.ജി. ഒരുവർഷം പഠിച്ചാൽ മതി.


 

സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ.

ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍). ഹിമാലയന്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സിലാണ് കോഴ്‌സ്.ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനം കൂടിയാണ് ഈ ഏകദിനകോഴ്സ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.




നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
1) ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്‌സ് (11:00-11:30).

2) എലമെന്റ്‌സ് ആന്‍ഡ് ഡൈനാമിക്‌സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്‌പെക്ടീവ് (11:35-12:20) .

3) ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്‌സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്‌ളോ (14:15-15:00) .
4) റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സ് (15:05-15:50) .

70 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഹിമാനികളും മഞ്ഞുരുകലും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ആണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അംഗീകാരം നൽകിയത്. ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും

നേരത്തെ തന്നെ പ്രാദേശിക ഭാഷകളിലും എം ബി ബി എസ് പഠനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.. എന്നാൽ ഇതിനെതിരെ വിമർശനം ശക്തമാണ്. അതിനിടെ ആണ് മെഡിക്കൽ കമ്മീഷന്റെ പുതിയ ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റമെന്നാണ് വിശദീകരണം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

ഇനിമുതല്‍ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് ് മെച്ചപ്പെട്ടുത്തുന്നതിന്റെ ഭാഗമായി അറ്റ്‌കോം എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്കൂളുകളിൽ ഓണ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ഓണ പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ.അതേസമയം വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടു മുതൽ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ.

മൂന്നാം തിയതിയാണ് ഹൈസ്കൂൾ വിഭാഗത്തിന് പരീക്ഷ ആരംഭിക്കുന്നത്, അതേസമയം എൽ.പി, യു.പി വിഭാഗങ്ങൾക്കും പ്ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ തുടങ്ങുന്നത്. പ്ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആണ് . ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും ഏതെങ്കിലും കാരണവശാൽ പരീക്ഷദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ആരോഗ്യകേരളം: നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ ലാബ് ടെക്നിഷ്യൻ, ഡേറ്റ മാനേജർ ഒഴിവ്

കാസർകോട്ട് നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ 18 ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം

എപ്പിഡെമിയോളജിസ്റ്റ്: ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവും; 55,250.

എന്റമോളജിസ്റ്റ്: എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്‌സി സുവോളജി, 2 വർഷ പരിചയം; 30,000.

ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽടി/ ഡിഎംഎൽടി, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പരിചയം; 17,000.

ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഒാഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ, ജോലി പരിചയം; 24,000.

പ്രായപരിധി: 40.

കാസർകോട്ട് നാഷനൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ കോഒാർഡിനേറ്റർ എഎച്ച്/ ആർബിഎസ്കെ, ടിബി ഹെൽത്ത് വിസിറ്റർ, സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ജെപിഎച്ച്എൻ/ആർബിഎസ്കെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലെ 7 ഒഴിവുകളിലും അവസരം. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 31 വരെ

www.arogyakeralam.gov.in

ആയുഷ് മിഷനിൽ തെറപ്പിസ്റ്റ്
നാഷനൽ ആയുഷ് മിഷനു കീഴിൽ തൃശൂരിൽ തെറപ്പിസ്റ്റ് ഒഴിവ്. കരാർ നിയമനം. പുരുഷൻമാർക്കാണ് അവസരം. യോഗ്യത: ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി: 40. ശമ്പളം: 14,700. ഒാഗസ്റ്റ് 31വരെ അപേക്ഷിക്കാം

∙തൃശൂർ നാഷനൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിനു കീഴിലെ ആശുപത്രിയിലും മറ്റു പദ്ധതികളിലും ഫാർമസിസ്റ്റ് (ഹോമിയോ) ഒഴിവ്. കരാർ നിയമനം. യോഗ്യത: സിസിപി/ എൻസിപി/ തത്തുല്യം. പ്രായപരിധി: 40. ശമ്പളം: 14,700. സെപ്റ്റംബർ 4 വരെ അപേക്ഷിക്കാം. www.nam.kerala.gov.in

‘സംവരണക്കാർക്ക് മാർക്കുണ്ടെങ്കിൽ ജനറൽ ക്വാട്ടയിൽ പ്രവേശനം നേടാം’; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
 

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ജനറല്‍ ക്വോട്ടയില്‍ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പിന്നാക്കവിഭാഗത്തില്‍പ്പെടുന്ന ഹര്‍ജിക്കാരായ രാംനരേശിനും ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ(Unreserved Government Schools, UR-GS) ക്വാട്ട സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

 

നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍പ്പെടുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 77 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ മെറിറ്റില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാനുള്ള മാര്‍ക്കുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളെ ഈ സീറ്റുകളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് വാദിച്ച് മധ്യപ്രദേശിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സീറ്റ് നിരസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തീരുമാനം ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെറിറ്റ് കണക്കിലെടുത്ത് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് നേരത്തെയുള്ള സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെറിറ്റ് പ്രകാരം മാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്നും അവരെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയവരായി കണക്കാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്ക് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെടുന്നവരുടെ കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവായതിനാല്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തിവിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.

 
 
 

ജനറല്‍ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സീറ്റ് നിഷേധത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംവരണ വിഭാഗക്കാരനായ, യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

വയനാട് ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത്; ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും

വയനാട് മുണ്ടക്കെെ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ 12 കൗണ്ടറുകള്‍ അദാലത്തിലുണ്ടാകും. 

അതേസമയം, ഇന്ന് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. 
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയില്‍ തിരച്ചിലിൽ നാല് ലക്ഷം രൂപ ഫയർഫോഴ്സ് കണ്ടെത്തി. വെള്ളാർമല സ്കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് പണം ലഭിച്ചത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ് ലഭിച്ചത്. പണം റവന്യൂവകുപ്പിന് കൈമാറി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. ഫയര്‍ ഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്.

പാറയുടെ ഇടയിൽ നിന്നാണ് പണം കിട്ടിയത്. വിലപിടിപ്പുള്ള വസ്തുക്കളെല്ലാം പ്ലാസ്റ്റിക് കവറിലാക്കണമെന്ന് സാധാരണയായി നിർദേശം നൽകാറുണ്ട്. അങ്ങനെ ചെയ്തത് കൊണ്ടാണ് ഈ പണം നശിക്കാതെ കിട്ടിയത്. ഇതൊരു സന്ദേശം കൂടിയാണെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. 

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 231 പേര്‍ മരിക്കുകയും 128 പേരെ  കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാലതാമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്. കോവിഡ് ദുരന്തത്തിലെ ആശ്രിതര്‍ക്ക് നല്‍കിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നല്‍കുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കും ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സാമ്പത്തിക സഹായം ഉണ്ടാകും. 

ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60%  ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ നൽകും. 40% മുതല്‍ 60% വരെ   വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും സിഎംഡിആര്‍എഫില്‍  നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും.

സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ല.

2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.
 

Verified by MonsterInsights