കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു.
ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. ഇപ്പോൾ ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അക്കാദമിയുടെ ചെയർമാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കർമോഹൻ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും കൽക്കത്തയിലെ ‘സത്യജിത്ത് റേ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാൻ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കും. 

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകൾ പരമാവധി പുറത്തുകൊണ്ടു വന്നുകൊണ്ട് ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാൻ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം. ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് നടന്നു വരികയാണ്.

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. 

                  അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്. പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 


മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്, ഐഇസി എക്‌സ്‌പേർട്ട്: അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വച്ഛ് ഭാരത് മിഷൻ(നഗരം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിന് സംസ്ഥാന ശുചിത്വമിഷനിൽ കരാർ വ്യവസ്ഥയിൽ ഐ.ഇ.സി എക്‌സ്‌പേർട്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ്റൂം) ഉൾപ്പെടുത്തിയാണ് വിഭാവന ചെയ്തിരിക്കുന്നത്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ഫീസിൽ നിർദ്ദിഷ്ട ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്ലൈൻ നമ്പർ 9961708951, 04712593960 ഇ-മെയിൽ:pgdgst@gift.res.in..

ഓൺലൈൻ പഠനം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കി

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ വീഴ്ച വരാതിരിക്കാൻ ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്താനും റീചാർജ്ജ് സൗകര്യമടക്കം ഏർപ്പാടാക്കാനും സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഈ അധ്യയനവർഷം പൂർണമായും പട്ടികവർഗ ഉപപദ്ധതി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കണമെന്ന് നിഷ്‌കർഷിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കുട്ടികൾക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്തിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ, അനർട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി പട്ടികവർഗ ഉപപദ്ധതി വിഹിതമോ, തനത് ഫണ്ടോ വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.    

pa2

പട്ടികവർഗ വകുപ്പ് ഇതിനകം തന്നെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും സൗകര്യങ്ങൾ തീരെയില്ലാത്തതുമായ കുട്ടികളെയും സങ്കേതങ്ങളെയും തിട്ടപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി കമ്പ്യൂട്ടർ ലഭിക്കാത്ത പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്ലെറ്റുകളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് നിർദേശിച്ചതായി മന്ത്രി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഓരോ വിദ്യാർത്ഥിക്കും പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ സൗകര്യവും ഇന്റർനെറ്റും ലഭ്യമാക്കാൻ സാധിക്കുന്നില്ല എങ്കിൽ പൊതുകേന്ദ്രങ്ങൾ സജ്ജമാക്കി പഠനം ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ പട്ടിവർഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിച്ച് വാങ്ങി നൽകണം. ഇതിനാവശ്യമായ സ്‌പെസിഫിക്കേഷൻ വിദ്യാഭ്യാസ വകുപ്പ് നൽകണം. പഠനാവശ്യത്തിനുള്ള ടെലിവിഷൻ, വൈദ്യുതി കണക്ഷൻ, കേബിൾ കണക്ഷൻ തുടങ്ങിയവയുടെ തകരാറുകൾ പരിഹരിക്കാൻ സന്നദ്ധസേവകരെ തയ്യാറാക്കി നിർത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം:

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജുലൈ രണ്ട് വരെ നിർദ്ദിഷ്ട ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ജൂലൈ ആറിനകം അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.

ഫോട്ടോ ജേർണലിസം കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത.
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിളിക്കേണ്ട നമ്പർ: 0484 2422275, 9447225524.

ആറാം വയസിൽ വീട്ടുപണിക്കിറങ്ങിയ കുട്ടി, ബാലവേലകളിൽ നിന്നും ഇതുവരെ രക്ഷിച്ചത് 9000 കുട്ടികളെ

ആറാമത്തെ വയസിലാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള അനുരാധ ഭോസ്ലെ അമ്മയ്ക്കൊപ്പം വിവിധ വീടുകളില്‍ അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. വീട്ടിലെ അവസ്ഥ അതായിരുന്നു. അത്യാവശ്യം ഭക്ഷണം കഴിക്കാനുള്ള വക അമ്മയും അച്ഛനും സമ്പാദിച്ചുവെങ്കിലും മറ്റെന്തിനെങ്കിലുമുള്ള പണം കിട്ടിയിരുന്നില്ല. വീട്ടുജോലിക്ക് പോകുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകുന്നത് അവള്‍ വേദനയോടെ നോക്കിനിന്നു. ജീവിതം തന്നോട് മാത്രം എന്താണിങ്ങനെ എന്ന് അവളപ്പോള്‍ ചിന്തിച്ചിരുന്നു. 

 

ഒരിക്കല്‍ അവള്‍ ധൈര്യം സംഭരിച്ച് അവള്‍ക്കും സ്കൂളില്‍ പോകാനാശയുണ്ട് എന്ന് ആ വീട്ടുകാരനോട് പറഞ്ഞു. അദ്ദേഹം അവളെ പഠിപ്പിക്കാമെന്നും പഠനം സ്പോണ്‍സര്‍ ചെയ്യാമെന്നും സമ്മതിച്ചു. വിദ്യാഭ്യാസമാണ് അനുരാധയുടെ ജീവിതം മാറ്റിമറിച്ചത്. അതിന് പലരും അവളെ സഹായിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങാനായി അവള്‍ കഠിനപ്രയത്നം തന്നെ നടത്തി. മകളുടെ പഠനത്തിലെ മിടുക്ക് കണ്ടപ്പോഴാണ് വിവാഹത്തിനും അപ്പുറം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലെന്തെങ്കിലും ചെയ്യാനുണ്ട് എന്ന് അവളുടെ അമ്മ തിരിച്ചറിയുന്നത് പോലും. 

sap1

1984 -ല്‍ അവളുടെ ബോര്‍ഡ് എക്സാം നടക്കുന്ന സമയം. ഫീസടക്കാനുള്ള 45 രൂപ നല്‍കുന്നത് ഒരു കര്‍ഷകനാണ്. അത്രയും വലിയ തുക തിരിച്ച് നല്‍കാനില്ലാതെ അവള്‍ പാടത്ത് പണിയെടുത്തു. ആറാം ദിവസം അവളുടെ അധ്വാനവും സമര്‍പ്പണവും തിരിച്ചറിഞ്ഞ കര്‍ഷകന്‍ മുഴുവന്‍ തുകയും നല്‍കി കരാര്‍ സമയം കഴിയുന്നതിന് മുമ്പ് തന്നെ പോവാനനുവദിച്ചു. 

സോഷ്യല്‍ വര്‍ക്കിലാണ് അവര്‍ ബിരുദാനന്തരബിരുദം നേടിയത്. 1990 -കളിൽ ബജാജ് ഓട്ടോ കമ്പനിയുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിൽ ജോലി ആരംഭിച്ചു. തുടർന്ന് വെരാല ഡവലപ്മെന്റ് സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ 24 വർഷമായി, ബാലവേല, സ്ത്രീ ശിശുഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെ പോരാടുന്ന അവാനി എന്ന എൻ‌ജി‌ഒയിൽ പ്രവർത്തിക്കുന്നു അനുരാധ.

കുട്ടികളെ ബാലവേലയില്‍ നിന്നും കടത്തില്‍ നിന്നും രക്ഷിക്കുന്നത് കൂടാതെ അവയ്ക്കെതിരെ അവബോധം വളര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. 1995 -ൽ ഒരു ഇഷ്ടികക്കളത്തിലായിരുന്നു അവളുടെ ആദ്യത്തെ രക്ഷാപ്രവർത്തനം. ഏഴിനും 15 -നും ഇടയിൽ പ്രായമുള്ള 11 കുട്ടികളെ അന്ന് രക്ഷപ്പെടുത്തി. കുട്ടികൾ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുകയും തലയിൽ ഇഷ്ടികകൾ ചുമക്കുകയും ചെയ്യുകയായിരുന്നു അവിടെ. പിന്നീടും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളായായി. അനവധി കുട്ടികളെ രക്ഷപ്പെടുത്തി. അവരെ ഒന്നുകിൽ അവനിയുടെ അഭയകേന്ദ്രങ്ങളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്തോ എത്തിച്ചു. പലവീട്ടിലെയും ദാരിദ്ര്യം കാരണം കുഞ്ഞുങ്ങൾ വീണ്ടും പണിക്കിറങ്ങി. 

എന്നാൽ, ആ കുട്ടികളുടെ വിദ്യാഭ്യാസം കൂടി അവരുറപ്പാക്കി. പല കുട്ടികളും പഠിച്ച് വിവിധ ജോലികളിൽ പ്രവേശിച്ചു. ഇന്ന് ഈ മഹാമാരിയുടെ പുതുകാലത്ത് കുട്ടികൾക്ക് ഡിജിറ്റലായിട്ടുള്ള പഠനസൗകര്യം ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് അനുരാധ. 

അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്  കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011, വെബ്‌സൈറ്റ് ksg.keltron.in 

achayan ad

വിദ്യാർത്ഥികൾക്കായി വിദ്യാ തരംഗിണി പദ്ധതി;മൊബൈൽ ഫോണിന് പലിശര​ഹിത വായ്പ

സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ്  വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം. 

Verified by MonsterInsights