വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അനർട്ടും കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി റൂഫ്‌ടോപ് സോളാർ പിവി സിസ്റ്റം എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി 24ന് ഉച്ചയ്ക്ക് 1.30 ന് ഓൺലൈനായി നിർവഹിക്കും. തൃക്കാക്കര ഭാരത് മാത കോളേജിൽ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കേസ് എം.ഡി.പ്രേംകുമാർ, സിഇഒ അനീഷ് എസ് പ്രസാദ്, ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി എന്നിവർ സംസാരിക്കും.
30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സാണ് ആരംഭിക്കന്നത.് സൗര പാനലുകളുടെ പ്രവർത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായ നിശ്ചിത യോഗ്യതയുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എൻജിനിയറിംഗ്, ബിവോക് റിന്വിവബിൾ എനർജി കോഴ്‌സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ കോഴ്‌സിന്റെ ഭാഗമാകാം. കേസും അനെർട്ടും സംയുക്തമായി അംഗീകാരം നൽകി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്.