ലഡ്ഡുവിന് പിന്നിലെ ഗൂഗിൾ പേയുടെ പണി.

അങ്ങനെ ഗൂഗിൾ പേയുടെ ലഡ്ഡു കച്ചോടം കഴിഞ്ഞു. കൂട്ടത്തിലെ കൊമ്പൻ ട്വിങ്കിൾ ലഡ്ഡു തന്നെയായിരുന്നു അതിൽ തർക്കമില്ല. ഇവനെന്തിനായിരുന്നു ഇത്ര ഡിമാൻഡ് ? ചിന്തിച്ചിട്ടുണ്ടോ ?

 ഗെയിം സ്റ്റാർട്ട് ചെയ്യുമ്പോൾ 5 ലഡ്ഡു എളുപ്പത്തിൽ ലഭിക്കും. ഗെയിമിൽ താൽപര്യം ഇല്ലാത്തവരും ആറാമത്തെ ലഡ്ഡു തപ്പി ഇറങ്ങും. ഈ വീഡിയോ കാണുന്ന നിങ്ങളിൽ പലരും ട്വിങ്കിളിനെ തപ്പി ഇറങ്ങിയിട്ടുണ്ടാകും. പല വഴികളും നോക്കി പരാജയപ്പെട്ടും കാണും. ശരിക്കും ഇത് ഗൂഗിൾ പേയുടെ കളിയാണെന്ന് എത്ര പേർക്ക് അറിയാം. 

സൈക്കോളജിയിലെ സെറ്റ് കംപ്ലീഷൻ എഫ്ക്റ്റ്  ആണ് ഗൂഗിൾ പേ ഇതിനായി ഉപയോഗിച്ച സ്ട്രാറ്റജി. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ നിങ്ങൾക്ക് കാഷ് ബാക്ക് കിട്ടാൻ ഒരു ലഡ്ഡു കൂടെ മതി , ബില്ലുകൾ അടച്ചും, ട്രാൻസാക്ഷൻ നടത്തിയും, ഇതൊന്നും പോരാഞ്ഞ് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പോസ്റ്റിട്ടും ആ അവസാന ലഡ്ഡു കിട്ടാൻ ആഞ്ഞ് ശ്രമിക്കും. ശരിക്കും അതുകൊണ്ട് ലാഭം ആർക്കാ? ഗൂഗിൾ പേ റിവാർഡ് കിട്ടുമെന്ന് പറഞ്ഞ് നമ്മളെയൊക്കെ കൺവിൻസ് ചെയ്തു. നമ്മൾ അഞ്ച് പൈസ ചിലവില്ലാതെ പ്രമോഷനും ചെയ്തുകൊടുത്തു. 

ഈ പരിപാടി ഗൂഗിൾ പേ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓർമയില്ലേ 2020 ൽ all india ട്രിപ്പിന് ടിക്കറ്റ് കിട്ടാൻ ഓടിപ്പിച്ച ഗോ ഇന്ത്യ കാമ്പയിനും 2019 ലെ സ്റ്റാമ്പ് ദീവാലി ക്യാംപെയിനും . കറക്ട് ദീവാലി ആവുമ്പോൾ ആശാൻ ഓരോ ഐഡിയ ആയിട്ട് വരും.

അഞ്ഞൂറ് രൂപ കിട്ടിയവരുടെ അനുഭവസാക്ഷ്യം കേട്ട് ലഡുവിനായി പാഞ്ഞവർക്ക് പിന്നെ കിട്ടിയത് അഞ്ചും ആറും രൂപയാണ്. എല്ലാവരും ലഡ്ഡു അന്വേഷിച്ച് ഇറങ്ങിയപ്പോൾ ഗൂഗിൾ പേ റൂൾസ് മാറ്റി. കാഷ്ബാക്കും കുറച്ചു.  51- upto 1001 എന്നുള്ളത് ഗൂഗിൾ പേ ഒറ്റരാത്രികൊണ്ട് 51 എടുത്ത് കളഞ്ഞ് upto 1001 മാത്രമാക്കി. നവംബർ 7 വരെ ഉണ്ടായിരുന്ന ഗെയിം ഒറ്റയടിക്ക് വെട്ടിക്കുറച്ച് നവംബർ 2 വരെ ആക്കി. പണ്ട് സ്ക്രാച്ച് ചെയ്യുമ്പോൾ പൈസ കിട്ടുമായിരുന്നല്ലോ ഇപ്പോൾ ഓഫറല്ലേ കിട്ടുന്നത് അതുപോലെ.. അത് പോട്ടെ കലാ പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ.. ആറ് ലഡ്ഡു കിട്ടാൻ അറുനൂറും ആയിരവും മുടക്കിയവർക്ക് കാഷ്ബാക്ക് കിട്ടിയത് അഞ്ചുരൂപയാണ്. അവരുടെ സങ്കടം ആരോട് പറയാൻ??  അപ്പോ അടുത്ത ദിവാലിക്ക് കാണാം ഗൂഗിൾ പേ പറയാൻ പറഞ്ഞു.

ഇനിയൊരിക്കലും കാണാനാവില്ല ഈ അപൂർവ്വ കാഴ്ച; വിസ്മയക്കാഴ്ചയുമായി ‘സുചിന്‍ഷാന്‍-അറ്റ്‌ലസ്’

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശകാഴ്ചകള്‍ നമുക്ക് എന്നും വിസ്മയമാണ്. അത്തരം ആകാശ കാഴ്ചയിൽ വാൽനക്ഷത്രങ്ങളുടെ നയനമനോഹരമായ കാഴ്ചകൾ എന്നും കൗതുകകരമാണ്. അത്തരമൊരു കാഴ്ച വരും ദിവസങ്ങളില്‍ നമ്മളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു വാല്‍നക്ഷത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബഹിരാകാശത്തിന്റെ വിശാലതയില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നതിന് മുന്‍പ് ആ വാല്‍നക്ഷത്രത്തെ നമുക്ക് കാണാനാവും. അതിൻ്റെ പേരിലുമുണ്ട് ഒരു കൗതുകം സുചിന്‍ഷാന്‍ അറ്റ്‌ലസ് എന്ന ധൂമകേതുവിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 2023 ജനുവരി 9നാണ് പര്‍പ്പിള്‍ മൗണ്ടന്‍ ഒബ്‌സര്‍വേറ്റി എന്ന സുചിന്‍ഷാന്‍ അറ്റ്‌ലസ് ധൂമകേതുവിനെ കണ്ടെത്തിയത്. ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ വാല്‍നക്ഷത്രം കണ്ടെത്തുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതുവിന്റെ പ്രത്യേകത

സൗരയൂഥത്തിന്റെ പുറം ഭാഗത്ത് തണുത്തുറഞ്ഞ അവശിഷ്ടങ്ങള്‍ നിറഞ്ഞ ഊര്‍ട്ട് ക്ലൗഡില്‍ നിന്നാണ് സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതു വരുന്നത്. 80,000 വര്‍ഷത്തിലൊരിക്കലാണ് ഈ വാല്‍നക്ഷത്രം സൂര്യനെ ചുറ്റുക. എന്നാൽ ഈ വാല്‍നക്ഷത്രം ഇനിയൊരിക്കലും തിരികെ വരാനിടയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വീണ്ടും സൂര്യന് ചുറ്റും വലംവയ്ക്കുമ്പോള്‍ മറ്റ് വസ്തുക്കളുടെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം മൂലം ഈ വാല്‍നക്ഷത്രം സൗരയൂഥത്തില്‍നിന്ന് പുറത്തുപോകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ എപ്പോള്‍ കാണാം

ഈ വാല്‍നക്ഷത്രം ഒക്ടോബര്‍ 9 ന് വൈകുന്നേരം ഏറ്റവും പ്രകാശത്തോടെ തെളിഞ്ഞുനില്‍ക്കും.ഫോര്‍വേഡ് സ്‌കാറ്റിംഗ് എന്നാണ് ഈ തെളിഞ്ഞുനില്‍ക്കുന്ന പ്രതിഭാസത്തെ പറയുന്നത്. ഒക്ടോബര്‍ 12 ന് സുചിന്‍ഷാന്‍-അറ്റ്‌ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഏകദേഷം 44 ദശലക്ഷം മൈല്‍ അകലെയായി. ഒക്ടോബര്‍ 9ന് പ്രത്യക്ഷപ്പെട്ട ഈ ധൂമകേതുവിനെ ഈ മാസം അവസാനം വരെ കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്താണ് ധൂമകേതു അഥവാ വാല്‍നക്ഷത്രം

പൊടിയും ഹിമകണങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വസ്തുക്കളാണ് ധൂമകേതു. അവയ്ക്ക് ഒഴുക്കിനനുസരിച്ച് നീങ്ങുന്നതുപോലുള്ള നീളമുള്ള വാലുകളുണ്ട്. ഇവ സൂര്യനെ വലംവയ്ക്കുന്നു. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ഠങ്ങളാണ് ധൂമകേതുക്കള്‍. മിക്കവാറും എല്ലാ വാല്‍നക്ഷത്രങ്ങളേയും ടെലസ്‌കോപ്പിന്റെ സഹായമില്ലാതെ കാണാന്‍ കഴിയില്ല. വളരെ ചുരുക്കം വാല്‍നക്ഷത്രങ്ങളെ മാത്രമെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയൂ.

വരുന്നൂ ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം, പ്രത്യേകതകളറിയാം

എല്ലാ വർഷത്തെ പോലെ ഈ വർഷവും അതിമനോഹരമായ ആകാശ കാഴ്ച്ചയൊരുക്കി സൂര്യഗ്രഹണം ഇങ്ങെത്തിയിരിക്കുകയാണ്. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഈ സൂര്യഗ്രഹണം 2024 ഒക്ടോബർ 2 ബുധനാഴ്ചയാവും ​ദൃശ്യമാവുക. ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടുകയും, ചന്ദ്രൻ സൂര്യനെ ഭാ​ഗികമായി മറയ്ക്കുകയും, ആ മറയ്ക്കുന്ന ഇരുണ്ട പ്രദേശത്തിന് ചുറ്റും സൂര്യപ്രകാശത്തിൻ്റെ ഒരു വളയം ദൃശ്യമാവുകയും ചെയ്യും. ഈ വളയമാണ് “റിങ് ഓഫ് ഫയർ” എന്ന പേരിൽ അറിയപ്പെടുന്നത്. 9:13 PM മുതൽ അടുത്ത ദിവസം 3:17 PM വരെ ഈ ആകാശ ദൃശ്യം കാണാനാകും. ഏകദേശം ആറ് മണിക്കൂറിലധികം ഈ ആകാശ വിസ്മയം ദൃശ്യമാകും

എന്താണ് ‘റിംഗ് ഓഫ് ഫയർ’ ?

ചന്ദ്രൻ സൂര്യൻ്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യൻ്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാതെ ചെറുതായി കാണപ്പെടുന്ന ചന്ദ്രന് ചുറ്റും സൂര്യ രശ്മികൾ ഒരു പ്രഭാവലയം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി ആകാശത്ത് അഗ്നി വളയം രൂപപ്പെടുകയും ചെയ്യും. ഇത് ഭൂമിയിൽ നിന്ന് കാണുമ്പോൾ ഒരു റിംഗ് രൂപത്തിൽ കാണുന്നതിനാലാണ് ഇതിനെ റിംഗ് ഓഫ് ഫയർ എന്ന് അറിയപ്പെടുന്നത്

 

സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. ചില പ്രദേശങ്ങളിൽ സൂര്യൻ്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ ഇത് തടയും. ഇത് വല്ലപ്പോഴും മാത്രമേ സംഭവിക്കുകയുള്ളൂ. വർഷത്തിൽ രണ്ടുതവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാനും പാടില്ല. സൂര്യഗ്രഹണം നേരിട്ട് കാണുമ്പോൾ ശരിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതാണ്. അതുകൊണ്ട് ഇത് കാണാൻ ആഗ്രഹിക്കുന്നവർ, എക്ലിപ്സ് ഗ്ലാസുകളോ കാർഡ്ബോർഡ് പിൻഹോൾ പ്രൊജക്ടറോ നിർമ്മിക്കുക. പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ആവും ഈ ആകാശ വിസ്മയം ദൃശ്യമാവുക. ഗ്രഹണം നടക്കുമ്പാൾ ഇന്ത്യയിൽ രാത്രി സമയമായതിനാൽ ഇന്ത്യയിൽഈ ഗ്രഹണം കാണാൻ സാധിക്കില്ല.

അങ്ങനെ അവന്‍ ഇങ്ങെത്തി! അമ്പിളിയമ്മാവന് കൂട്ടായി എത്തിയ കുഞ്ഞൻ ചന്ദ്രനെ ഇന്ന് മുതൽ കാണാം

ഭൂമിക്ക് ഇന്ന് അതിഥിയായി ഒരു കുഞ്ഞൻ ചന്ദ്രൻ കൂടി എത്തുന്നു. മിനി മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2024 പിടി5 ഛിന്നഗ്രഹം ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. ഇനി രണ്ട് മാസത്തേക്ക് ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്‍റെ യാത്ര. ചെറിയ വലിപ്പവും തെളിച്ചക്കുറവും കാരണം ഇത് നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകില്ല. ബൈനോക്കുലറുകളോ ഹോം ടെലിസ്‌കോപ്പുകളോ ഉണ്ടെങ്കിലും അത് തെളിഞ്ഞ് കാണണം എന്നില്ല. അതുകൊണ്ട് തന്നെ പിടി5 കാണണമെങ്കിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് ​ഗവേഷകർ പറഞ്ഞു.

2024 സെപ്റ്റംബര്‍ 29 മുതൽ നവംബര്‍ 25 വരെ പിടി5 ഛിന്നഗ്രഹം ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റും. ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ് പിടി5. ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്‍റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള, ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.

2024 ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1981ലും 2022ലും മിനി മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു. ഭൂമിക്കരികിലേക്ക് പിടി5 ഛിന്നഗ്രഹത്തിന്‍റെ അടുത്ത വരവ് 2055ലായിരിക്കും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍പ്പെടാത്ത അനേകം മറ്റ് ബഹിരാകാശ വസ്‌തുക്കള്‍ ഇതിനകം ഭൂമിക്കടുത്ത് വന്നുപോയിട്ടുമുണ്ട്.

 

3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള ഈ ഛിന്നഗ്രഹം തീരെ ചെറുതാണ്. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ കാണാനാകില്ല. അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ അകലെ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇനി ഇത്തരമൊരു മിനി-മൂണ്‍ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നും ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

ജലരാജാവാകുന്നതാര്? പുന്നമടക്കായലിലെ ചൂടേറും പോരാട്ടം ഇന്ന്; നെഹ്‌റു ട്രോഫി ആവേശത്തില്‍ ആലപ്പുഴ

ലോകത്തെ ലക്ഷക്കണക്കിന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് നടക്കുന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

വൈകീട്ട് നാല് മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

വൈകീട്ട് 5.30ഓടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളിയായതിനാല്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

80,000 വർഷങ്ങൾക്ക് ശേഷം മനുഷ്യരാശിയെ വിസ്മയിപ്പിക്കാൻ ആ ധൂമകേതു വീണ്ടും എത്തുന്നു

Tsuchinshan-ATLAS എന്നറിയപ്പെടുന്ന C/2023 A3 ധൂമകേതു ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ് ഇതിന് മുമ്പ് മനുഷ്യരാശി ഈ അസാധാരണ കാഴ്ചയ്ക്ക് അവസാനമായി സാക്ഷ്യം വഹിച്ചത്. വാലുള്ള അവ്യക്തമായ നക്ഷത്രത്തോട് സാമ്യമുള്ള ഈ ധൂമകേതു വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ അതിരാവിലെ ആകാശത്ത് കാണാൻ കഴിയും. ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലയുറപ്പിച്ചിരിക്കുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക് ആണ് ഇതിൻ്റെ മനോഹരമായ വീഡിയോ പകർത്തിയിട്ടുണ്ട്.

ഇതുവരെ Tsuchinshan-ATLAS , ധൂമകേതു നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒരു അവ്യക്തമായ നക്ഷത്രം പോലെയാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 1/8സെക്കൻ്റ് എക്സ്പോഷറിൽ 200mm f/2 ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് അത് ശരിക്കും കാണാൻ കഴിയും. ഈ വാൽനക്ഷത്രം സൂര്യനോട് അടുത്തുവരുമ്പോൾ വളരെ രസകരമായ ചില ചിത്രങ്ങൾ ഉണ്ടാകും, ഇപ്പോൾ ഇതൊരു ഒരു ടൈംലാപ്സ് പ്രിവ്യൂവാണ്,” എന്നായിരുന്നു ഡൊമിനിക് തൻ്റെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ഓരോ 80,000 വർഷത്തിലും C/2023 A3 ധൂമകേതു ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നുവെന്ന് പ്രാരംഭ ഡാറ്റ സൂചിപ്പിക്കുന്നതായി ബിബിസിയുടെ ‘സ്കൈ അറ്റ് നൈറ്റ്’ മാഗസിൻ പറയുന്നു. 2024 സെപ്തംബർ അവസാനത്തോടെ തിളങ്ങുന്ന, സൂര്യന് തൊട്ടുമുമ്പ് ഉദിച്ചുയരുന്ന ഒരു പ്രഭാത വസ്തുവായിരിക്കും C/2023 A3 ധൂമകേതു. C/2023 A3 ധൂമകേതു സൂര്യൻ്റെ ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിഹെലിയനിൽ 2024 സെപ്റ്റംബർ 28ന് എത്തും. വൈകുന്നേരത്തെ ആകാശത്തേയ്ക്ക് നീങ്ങുമ്പോഴുള്ള ഈ ധൂമകേതുവിൻ്റെ ഏറ്റവും മികച്ച കാഴ്ചകൾ ഒക്ടോബർ 10ഓടെ ലഭിക്കുമെന്നും മാഗസിൻ സൂചിപ്പിക്കുന്നു. അപ്പോഴേക്കും അത് ചെറുതായി മങ്ങിയിരിക്കുമെങ്കിലും സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറ് ഭാഗത്ത് തിളക്കത്തോടെ കാണപ്പെടുമെന്നും സ്കൈ അറ്റ് നൈറ്റ് സൂചിപ്പിക്കുന്നു.

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ അന്തരീക്ഷ സൂചനകൾ ലഭിച്ചു; കൂടുതൽ പഠനത്തിനൊരുങ്ങി ജ്യോതിശാസ്ത്രജ്ഞർ

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹമായ WASP-107b ൻ്റെ അന്തരീക്ഷം നിരീക്ഷിച്ച് അരിസോണ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ. ഒരു അന്താരാഷ്ട്ര ഗവേഷണ സംഘത്തോടൊപ്പമാണ് ഇവർ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് WASP-107bന്‍റെ അന്തരീക്ഷം നിരീക്ഷിക്കുകയും അതിന്‍റെ അന്തരീക്ഷത്തിലെ വ്യത്യസ്തതകളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത്.

വ്യാഴത്തിന് സമാനമായ വലിപ്പമുള്ള, എന്നാൽ അതിൻ്റെ പിണ്ഡത്തിൻ്റെ പത്തിലൊന്ന് മാത്രമുള്ള ഈ ഗ്രഹത്തിൻ്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഇതൊരു മൗലികമായ കണ്ടെത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരിസോണ സർവകലാശാലയിലെ സ്റ്റുവാർഡ് ഒബ്സർവേറ്ററിയിലെ ബിരുദ വിദ്യാർത്ഥി മാത്യു മർഫിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം നേച്ചർ അസ്ട്രോണമിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

WASP-107b എന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ ഒരു വശം അതിന്‍റെ ആതിഥേയനക്ഷത്രത്തെ നിരന്തരം അഭിമുഖീകരിക്കുന്നു, മറ്റൊന്ന് സ്ഥിരമായ അന്ധകാരത്തിലാണ്. ഇതാണ് ഈ ഗ്രഹത്തിൻ്റെ പകൽ വശവും രാത്രി വശവും തമ്മിലുള്ള അന്തരീക്ഷ അവസ്ഥകളിലെ നാടകീയമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നത്. ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ഈ വ്യത്യാസങ്ങൾ നിരീക്ഷിക്കാൻ ജെഡബ്ല്യുഎസ്ടി മർഫിയുടെ ടീമിനെ അനുവദിച്ചു. ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശം അതിൻ്റെ ഘടന മറ്റ് സവിശേഷതകൾ എന്നിവ നിർണ്ണയിക്കുന്ന ഒരു സാങ്കേതികതയാണ് ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ അഭൂതപൂർവമായ കൃത്യതയ്ക്ക് നന്ദി. ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിൻ്റെ കിഴക്കൻ, പടിഞ്ഞാറൻ അർദ്ധഗോളങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വേർതിരിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,’ എന്നായിരുന്നു മർഫിയുടെ വിശദീകരണം. ഈ കണ്ടെത്തലുകൾ WASP-107bൻ്റെ അന്തരീക്ഷത്തിലെ വാതകങ്ങൾ, മേഘങ്ങളുടെ രൂപീകരണം, ഗ്രഹത്തിൻ്റെ ഓരോ വശത്തെയും വ്യത്യസ്തമായ സൂര്യപ്രകാശത്തിൻ്റെ ആഘാതം എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ പകർന്ന് നൽകിയിട്ടുണ്ട്. ‘ഈ കണ്ടെത്തൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നതായി മർഫി പറഞ്ഞു. ഞങ്ങളുടെ മോഡലുകൾ രണ്ട് അർദ്ധഗോളങ്ങളിൽ ഇതുപോലൊരു അസമത്വം ഇതിന് മുമ്പ് മറ്റൊരു ഗ്രഹത്തിലും കണ്ടിട്ടില്ല. അതിനാൽ ഞങ്ങൾ ഇതിനകം പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും മർഫി വ്യക്തമാക്കി. WASP-107b-യിലെ അന്തരീക്ഷ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന പ്രക്രിയകൾ കണ്ടെത്തുന്നതിനായി ഗവേഷകർ അവരുടെ നിരീക്ഷണങ്ങൾ തുടരാൻ പദ്ധതിയിട്ടിരിക്കുകയാണ്.

ചമഞ്ഞൊരുങ്ങാൻ തയ്യാറായി ​ഗഡികൾ, തൃശൂരിൽ ഇന്ന് പുലിക്കളി, വൈകിട്ടോടെ സ്വരാജ് റൌണ്ട് നിറയും

ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് തൃശൃർ നഗരത്തിൽ പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടിൽ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളിൽ നിന്ന് പുലികളി സംഘങ്ങൾ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കിയാത്ര ആരംഭിക്കും. പുലർച്ചെ മുതൽ തന്നെ പുലികളെ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുലി മടകളിൽ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ പുലിമടകളിലും വരയ്ക്കാൻ തയ്യാറായി ഒരുങ്ങി നിൽക്കുകയാണ് ആളുകൾ. ആദ്യമായി വരയ്ക്കുന്നവരും വർഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തിൽ. 40 ലേറെ വർഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാൻ ഏറ്റവും എളുപ്പമെന്നാണ് ഇവർ പറയുന്നത്.

വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൌണ്ടിലെത്തും. സ്വരാജ് റൌണ്ട് വലം വച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.

 

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന് വെക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നെങ്കിലും സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 52 കരകളിലെ പള്ളിയോടങ്ങൾ മാറ്റുരയ്ക്കും

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ഉദ്ഘാടനം ചെയ്യുന്നത്. 52 കരകളിലെ പള്ളിയോടങ്ങൾ ഈ വർഷത്തെ ജലമേളയിൽ പങ്കെടുക്കും.

 

രണ്ടുപതിറ്റാണ്ടിനുശേഷമാണ് 52 കരകളിലെ പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടാതെ നെഹ്റു ട്രോഫി മാതൃകയിലായിരിക്കും ഈ കൊല്ലം വള്ളം കളി നടക്കുക എന്ന പ്രത്യേകത കൂടി ഈ കൊല്ലത്തിനുണ്ട്. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തുതിയതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പമ്പയാറ്റിൽ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കുക.

8 ബില്ല്യൺ വ‍‌‍‍‍‍‍‍ർഷങ്ങൾക്ക് മുമ്പേയുള്ള അജ്ഞാത റേഡിയോ സിഗ്നൽ ഭൂമിയില്‍; നിര്‍ണായകം

പുതിയ കണ്ടെത്തലുകൾ വന്നു കൊണ്ടേയിരിക്കുന്ന ഇടമാണ് ശാസ്ത്രലോകം. ഇപ്പോഴിതാ പുതിയൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ വന്നിരിക്കുന്നു, 8 ബില്ല്യൺ വ‍‌‍‍‍‍‍‍ർഷങ്ങൾക്ക് മുൻപ് നിന്നുള്ള ഒരു അ​ജ്ഞാത റേഡിയോ സി​ഗ്നൽ ബഹിരാകാശത്ത് സഞ്ചരിച്ച് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ എത്തിയിരിക്കുന്നു! ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളനുസരിച്ച് ഇത് വളരെ തീവ്രമായ സി​ഗ്നലുകളാണ് . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നി​ഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.

FRB 20220610A യുടെ കണ്ടെത്തൽ പ്രപഞ്ചത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള പുതിയ ഒരു അവസരമായി മാറുമെന്നാണ് പ്രതീക്ഷ. നമ്മുടെ ​ഗ്യാലക്സിയിൽ നിന്ന് ഏറെ അകലെയുള്ള, ​മറ്റൊരു ഗ്യാലക്സിയിൽ നിന്നാവാം ഈ സിഗ്നൽ ഉത്ഭവിച്ചിട്ടുണ്ടാകുകയെന്നാണ് നി​ഗമനം. ഓസ്‌ട്രേലിയൻ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ സിഗ്നലിൻ്റെ ഉത്ഭവം വിജയകരമായി കണ്ടെത്തിയത്.

എന്താണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ ?

 

ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs) മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും അതേ സമയം തീവ്രവുമായ സ്പന്ദനങ്ങളാണ്. 2007-ലാണ് ആ​ദ്യമായി ഇവ കണ്ടെത്തിയത്. നിഗൂഢമായ സ്വഭാവമുള്ള ഇവയുടെ ഉത്ഭവവും സ്വഭാവവും കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഈ ശക്തമായ സ്ഫോടനങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

നൂതന സാങ്കേതികവിദ്യകളും സഹകരണ ഗവേഷണങ്ങളും ഉപയോഗിക്കുന്നതിലൂടെ, ഈ പൊട്ടിത്തെറികളുടെ ഉത്ഭവവും പ്രത്യാഘാതങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയയിലെ മക്വാരി സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. സ്റ്റുവർട്ട് റൈഡറും സംഘവും. FRB 20220610A യുടെ കണ്ടുപിടിത്തം FRB-കളെയും ആഴത്തിലുള്ള ബഹിരാകാശ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘം.

Verified by MonsterInsights