കണ്ണ് തിരുമ്മല്ലേ..കാഴ്ച കുഴപ്പത്തിലാകാം, കണ്ണിന്റെ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.

കണ്ണ് തിരുമ്മാന്‍ വരട്ടെ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍. ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് സ്ഥിരമായി കണ്ണ് തിരുമ്മുന്ന ശീലം കണ്ടുവരുന്നത്. ടി.വി.യുടെയും കംപ്യൂട്ടറിന്റെയും അമിതോപയോഗമാണ് പലപ്പോഴും ഇതിന് പ്രേരിപ്പിക്കുന്നത്.കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും അന്ധതയിലേക്കും ഇത് നയിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണിന്റെമേക്കപ്പ് വ്യാപകമായ സാഹചര്യത്തില്‍ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.








കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ഓഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, തലശ്ശേരി െഎ.എം.എ. എന്നിവയുടെ സഹകരണത്തോടെയാണിത്. ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ക്ലോണ്‍ അധ്യക്ഷത വഹിച്ചു.




പാകിസ്താനിൽ പോളിയോ കേസുകള്‍ കൂടുന്നു

പാകിസ്താനിൽ പോളിയോ കേസുൾ കൂടുന്നതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് രണ്ട് പുതിയ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ ഏറ്റവും ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഗര്‍, മിര്‍പുര്‍ഖാസ് ജില്ലകളിലാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഈ വര്‍ഷംമാത്രം റിപ്പോര്‍ട്ട് ചെയ്തത് 39 പോളിയോ കേസുകളാണ്. പോളിയോ വൈറസ് ഇല്ലാതാക്കാനുളള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് മേലെയുള്ള തിരിച്ചടിയാണ് ഇത്തരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍.ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് പോളിയോബാധ നിലനില്‍ക്കുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങളാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും. ഏപ്രില്‍ മുതല്‍ പരിശോധിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ രണ്ട് അയല്‍ ജില്ലകളില്‍ വൈറസിൻ്റെ വ്യാപനം ഇതിനോടകംതന്നെ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 39 കേസുകളില്‍ 20 എണ്ണം ബലൂചിസ്ഥാനില്‍ നിന്നും12 എണ്ണം സിന്ധില്‍നിന്നും അഞ്ച് കേസുകള്‍ ഖൈബര്‍ പക്തൂണ്‍ഖ്വാ, അഞ്ചെണ്ണം പഞ്ചാബ്, ഇസ്ലമാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ്.

പോളിയോ നിര്‍മ്മാര്‍ജനത്തിനുള്ള പ്രധാനമന്ത്രിയുടെ ഫോക്കല്‍ പേഴ്‌സണായ ആയിഷ റാസ ഫറൂഖ് രാജ്യത്ത് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജൂണോടെ പോളിയോ നിര്‍മ്മാർജ്ജനം ചെയ്യണം എന്നുളള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പുതിയതായി കേസുകള്‍ എന്നാണ് വിലയിരുത്തൽ. അഞ്ച് വയസില്‍ താഴെയുള്ള 45 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി ഒക്ടോബര്‍ 28 മുതല്‍ പാകിസ്ഥാന്‍ രാജ്യവ്യാപകമായി പുതിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍ കിട്ടാനില്ല; പ്രതിസന്ധി.

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി (കരളിനെ ബാധിക്കുന്ന വൈറസ്) പ്രതിരോധ വാക്‌സിന്‍ കിട്ടാനില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പിന്നാലെ സ്വകാര്യമേഖലയിലും 
വാക്‌സിന്‍ തീര്‍ന്നതോടെ പ്രതിസന്ധി രൂക്ഷമായി.മെഡിക്കല്‍, നഴ്‌സിങ് പ്രവേശനം നേടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ മുടങ്ങി. ഇവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ചില വിദേശരാജ്യങ്ങളില്‍ പോകുന്നതിനു വാക്‌സിന്‍ നിര്‍ബന്ധമാണ്.രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്‌സിന്‍ ഉത്പാദിപ്പിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഉത്പാദനം നിയന്ത്രിക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കു കാരണമെന്നു വിതരണക്കാര്‍ പറയുന്നു.







അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. വിലനിയന്ത്രണപ്പട്ടികയില്‍ വന്നതോടെ പൊതുവിപണിയില്‍ ഒരു മില്ലി വാക്‌സിന് 100 രൂപയില്‍ താഴയേ വിലയുള്ളൂ.
സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലൊന്നും മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്‍ കിട്ടാനില്ല. കേന്ദ്ര വാക്‌സിന്‍ പട്ടികയിലുള്ളതിനാല്‍ കുട്ടികളുടേതു മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. കാരുണ്യ ഫാര്‍മസികളില്‍ ഒരാഴ്ച മുന്‍പുവരെ വാക്‌സിന്‍ ഉണ്ടായിരുന്നു.




രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണു രോഗം പകരുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരളിലെ അര്‍ബുദത്തിനു വരെ കാരണമാകും.രക്തം സ്വീകരിക്കുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം 
ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, പച്ചകുത്തുന്നവര്‍, മറ്റുള്ളവരുടെ ഷേവിങ് ഉപകരണം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കു രോഗസാധ്യത കൂടുതലാണ്.
ആദ്യ ഡോസ് എടുത്തതിനുശേഷം ഒരുമാസം, ആറുമാസം, അഞ്ചുവര്‍ഷം കൂടുമ്പോള്‍ എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനെടുക്കേണ്ടത്. ആരോഗ്യസ്ഥാപനങ്ങള്‍ക്കു ദേശീയ അംഗീകാരവും മറ്റുസര്‍ട്ടിഫിക്കേഷനുമൊക്കെ ലഭിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തതാണോയെന്നു പരിശോധിക്കും. വാക്‌സിന്‍ക്ഷാമം ആരോഗ്യ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും തടസ്സമാകും.






ക്ഷയരോഗ നിര്‍ണയത്തിൽ നിർണ്ണായക മുന്നേറ്റം; ചെലവുകുറഞ്ഞ എക്സ്റേ ഉപകരണം കണ്ടുപിടിച്ചു

2025 ആകുന്നതോടെ ക്ഷയരോഗം (ടിബി) തുടച്ചു നീക്കുക എന്നതാണ് നമ്മുടെ രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതിലേക്ക് വഴിതെളിക്കുന്ന ഒരു കണ്ടുപിടുത്തത്തിലേയ്ക്കാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വെളിച്ചം വീശിയിരിക്കുന്നത്. രാജ്യത്ത് ക്ഷയരോഗനിര്‍ണയം വേഗത്തിലും ഫലപ്രദമായും നടത്തുന്നതിനുള്ള പരീക്ഷണങ്ങൾക്കൊടുവിലാണ് ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ശാസ്ത്രജ്ഞരുമായി സഹകരിച്ച് ക്ഷയരോഗനിര്‍ണ്ണയം നടത്തുന്നതിനായി ഒരു ഹാന്‍ഡ്‌ഹെല്‍ഡ് എക്സ്റേ ഉപകരണം കണ്ടുപിടിക്കുകയായിരുന്നു.

രോഗനിര്‍ണയത്തിനായി വിലകൂടിയ എക്‌സറേ ഉപകരണങ്ങളെ ആശ്രയിക്കുന്നതിന് പകരം രാജ്യത്തെ ക്ഷയരോഗ പരിശോധനയില്‍ മാറ്റം വരുത്തുന്നതിനായിട്ടാണ് ഇങ്ങനെയൊരു യന്ത്രം വികസിപ്പിച്ചെടുത്തത്. ഈ എക്‌സറേ ഉപകരണം ആരോഗ്യസംരക്ഷണ രംഗത്ത് വലിയ മാറ്റത്തിലേക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെലവുകുറഞ്ഞ ഈ പോര്‍ട്ടബിള്‍ എക്സറേ മെഷീൻ ആരോഗ്യ സേവനങ്ങള്‍ ലഭിക്കാന്‍ തടസമുളള ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹാന്‍ഹെല്‍ഡ് എക്‌സറേ ഉപകരണം നിര്‍മ്മിക്കാനായി ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ക്ക് 2022ൽ 4.60 കോടി രൂപ അനുവദിച്ചിരുന്നു.

ക്ഷയരോഗം തടയാന്‍ കഴിയുന്ന രോഗമാണെങ്കിലും ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതുമൂലം മരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമായി ഇന്നും ഈ രോഗം നിലനില്‍ക്കുന്നു. ക്ഷയരോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സമയബന്ധിതമായി അത് കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യമുണ്ട്. നേരത്തെ രോഗനിര്‍ണയം കണ്ടെത്തിയാല്‍ രോഗം മെച്ചപ്പെടുത്താനും തടയാനും സാധിക്കും.

റോബോട്ടിക് സര്‍ജറി എല്ലാ സര്‍ക്കാര്‍ മെഡി. കോളേജുകളിലേക്കും; ആശുപത്രിവാസം കുറയ്ക്കും .

അര്‍ബുദചികിത്സയില്‍ തിരുവനന്തപുരം ആര്‍.സി.സി., മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച റോബോട്ടിക് സര്‍ജറി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തുടക്കമിടുക. സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതമായി 30 കോടിയോളംരൂപ അനുവദിക്കും. തുടര്‍വര്‍ഷങ്ങളില്‍ മറ്റു മെഡിക്കല്‍ കോളേജുകളിലും സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഈവര്‍ഷം ആദ്യമാണ് ആര്‍.സി.സി.യില്‍ റോബോട്ടിക് സര്‍ജറി തുടങ്ങിയത്.





ആശുപത്രിവാസം കുറയ്ക്കും.


സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ യ്ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്.
ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതല്‍ വിജയകരമായി ചെയ്യാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം. കുറയ്ക്കാനാകും. പരമ്പരാഗത ശസ്ത്രക്രിയയേക്കാള്‍ ചെറിയ മുറിവായതിനാല്‍ അണുബാധസാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കും. 




ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ നെട്ടോട്ടമോടുകയാണോ?; ‘വാട്ടർ ട്രിക്ക്’ പരീക്ഷിച്ച് നോക്കിയാലോ?

ശരീരഭാരം കുറയ്ക്കാൻ വഴികള്‍ തേടി നടക്കുന്നവരാണോ നിങ്ങള്‍. വലിയ ആയാസമൊന്നും ഇല്ലാതെതന്നെ അതിനൊരു വഴി പറഞ്ഞുതരികയാണ് ആരോഗ്യ വിദഗ്ധര്‍. നമുക്ക് വളരെ എളുപ്പത്തിൽ പാലിക്കാവുന്നതാണ് ഈ ശീലം. ഭക്ഷണത്തിന് ശേഷം വെളളം കുടിയ്ക്കരുത്, ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിയ്ക്കരുത് എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ. ഇതിത് ഓരോ കാരണങ്ങളും കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണമെന്ന് നമ്മളോട് ഇത് വരെ ആരെങ്കിലും പറഞ്ഞിട്ടിണ്ടോ. എന്നാൽ ഇപ്പോൾ പോഷകാഹാര വിദഗ്ധനായ അലൻ അരഗോൺ പറയുന്നത് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കണമെന്നാണ്. അത് കൊണ്ട് നമ്മൾ പ്രതീക്ഷിക്കാത്ത ഗുണമുണ്ടെന്നും ആരഗോൺ പറയുന്നു. ഭക്ഷണത്തിന് മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെളളം കുടിയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘പോഡ്കാസ്റ്റ് ദി മോഡല്‍ ഹെല്‍ത്ത് ഷോ’യില്‍ പോഷകാഹാര വിദഗ്ധനായ അലന്‍ അരഗോണ്‍ വ്യക്തമാക്കിയത്.

 
ശരീര ഭാരം കുറയ്ക്കാനുള്ള വാട്ടര്‍ ട്രിക്ക് എങ്ങനെ

വിശപ്പ് നിയന്ത്രിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുളള കലോറി നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണ്. ഓരോ പ്രാവശ്യം ഭക്ഷണം കഴിയ്ക്കുന്നതിനും മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ അതിനുശേഷം ഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന്‍ സാധിക്കൂ. അത്താഴം കഴിയ്ക്കാന്‍ പോകുന്നതിന് മുന്‍പ് ഈ വാട്ടര്‍ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കാനാണ് അലന്‍ അരഗോണിൻ്റെ പക്ഷം.

ഇത്തരത്തില്‍ ഭക്ഷണത്തിന് മുന്‍പ് വെളളം കുടിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ മറ്റ് നിരവധി ആരോഗ്യ വിദഗ്ധര്‍ അത് ശരിവയ്ക്കുന്നുമുണ്ട്. വെള്ളം കലോറി രഹിതമായതിനാല്‍ അത് അപകടമുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വയര്‍ നിറഞ്ഞ ഫീലും ഉണ്ടാക്കുന്നു. പ്രഭാതഭക്ഷണമോ, രാത്രിഭക്ഷണമോ അതിനിടയ്ക്കുള്ള ലഘുഭക്ഷണമോ ആകട്ടെ ഏത് ഭക്ഷണത്തിനും മുന്‍പ് ഏകദേശം 500 മില്ലി വെള്ളം കുടിയ്ക്കുന്നവരുടെ ഭാരം 12 ആഴ്ചയ്ക്കുള്ളില്‍ കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വാട്ടര്‍ ട്രിക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സന്തുലിതമായി ചെയ്താല്‍ നല്ലരീതിയില്‍ പ്രയോജനം ചെയ്യും. അത് മാത്രമല്ല വെള്ളം ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും.

പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് എപ്പോഴും ശരിയല്ല!

കടയിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് പാൽ‌ തിളപ്പിച്ചാണോ ഉപയോ​ഗിക്കാറുള്ളത്? ശീലം കൊണ്ട് അങ്ങനെ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ, പായ്ക്കറ്റ് പാൽ എല്ലാം അങ്ങനെ തിളപ്പിക്കുന്നത് ശരിയല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും പാലിലെ പോഷക​ഗുണങ്ങൾ നഷ്ടപ്പെടാൻ ഈ ശീലം കാരണമാകുമത്രേ!ഇന്ത്യയിൽ പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുക എന്നത് സാസ്കാരിക ശീലങ്ങളുടെ കൂടി ഭാ​ഗമാണ്. ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് പാൽ വാങ്ങി ഉപയോ​ഗിക്കുന്നതിൽ നിന്നാണ് ഈ ശീലം ഉണ്ടായിവന്നത്. തൊഴുത്തിൽ നിന്ന് നേരിട്ട് ലഭിക്കുമ്പോൾ‌ പാലിൽ ഉണ്ടാകാനിടയുള്ള ബാക്ടീരിയയെയും മറ്റും ഇല്ലാതാക്കാൻ പാൽ തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, കടകളിൽ നിന്ന് ഇന്ന് ലഭിക്കുന്ന പാലിന്റെ കാര്യത്തിൽ ഇതല്ല അവസ്ഥ.

നമുക്ക് കടകളിൽ നിന്ന് ലഭിക്കുന്ന പാൽ മിക്കപ്പോഴും പാസ്ച്വറൈസ്ഡ് ആയിരിക്കും. അതായത് പായ്ക്കിം​ഗ് പ്രോസസിന് മുമ്പ് തന്നെ അവ അണുവിമുക്തമാക്കിയിട്ടുണ്ടാകും. ആവശ്യത്തിന് ചൂടാക്കി ബാക്ടീരിയകളെയും ആരോ​ഗ്യത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളെയും ഇല്ലാതാക്കിയ ശേഷമാകും ഇവ വിതരണത്തിനെത്തിക്കുക

അതുകൊണ്ടുതന്നെ ഈ പാൽ വീണ്ടും തിളപ്പിക്കണമെന്നില്ലെന്ന് പറയുന്നു പൂനെ മണിപ്പാൽ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോക്ടർ വിചാർ നി​ഗം. ഇനി ചില സാഹചര്യങ്ങളിൽ ഇങ്ങനെ വാങ്ങുന്ന പാസ്ച്വറൈസ്ഡ് പാൽ പായ്ക്കറ്റ് പൊട്ടിയതായോ വൃത്തിഹീനമായതോ ആയി കാണപ്പെടാറുണ്ട്. അപ്പോൾ സുരക്ഷയ്ക്കായി പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.ഡയറ്റീഷ്യനായ റിദ്ദിമ കമ്സേറ പറയുന്നത് പാസ്ച്വറൈസ്ഡ് ചെയ്ത പാല് വീണ്ടും തിളപ്പിച്ചാൽ അതിലെ പോഷക​ഗുണങ്ങൾ‌ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്. നല്ല ബാക്ടീരിയകളും ഇല്ലാതായേക്കാം. പല അവശ്യ പോഷകങ്ങളും നശിച്ചേക്കാം. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയുടെ അളവ് കുറഞ്ഞേക്കാം. അതുകൊണ്ട് പാല്, ആവശ്യമെങ്കിൽ ചെറുതായി ചൂടാക്കുക മാത്രമേ ചെയ്യാവൂ എന്നും റിദ്ദിമ അഭിപ്രായപ്പെടുന്നു.

എന്താണ് പാസ്ച്വറൈസേഷൻ?

പാൽ ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് പാസ്ച്വറൈസേഷൻ. എച്ച്ടിഎസ്ടി, യുഎച്ച്ടി എന്നീ രണ്ട് മാർ​ഗങ്ങളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. എച്ച്ടിഎസ്ടിയിൽ പാല് 72°Cൽ (161°F) 15–20 സെക്കന്റ് വരെ സമയത്ത് ചൂടാക്കുകയാണ് ചെയ്യുന്നത്. യുഎച്ച്ടിയിൽ പാല് 135°C ൽ (275°F) 2–5 സെക്കന്റ് വരെ സമയത്ത് ചൂടാക്കുന്നു. ഇങ്ങനെ ചെയ്താൽ‌ പാൽ ദീർഘകാലത്തേക്ക് കേടാകാതെ ഇരിക്കുകയും ചെയ്യും.

ഈ ചുമമരുന്ന് കുട്ടികള്‍ക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി അധികൃതര്‍, കമ്പനികളുടെ ആവശ്യം തള്ളി.

ക്ലോര്‍ഫെനിര്‍മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന ചുമമരുന്ന് നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. ഒരുവര്‍ഷംമുന്‍പ് നിരോധനം നടപ്പാക്കിയിരുന്നു. ഇതിനെതിരേ പ്രധാന നിര്‍മാതാക്കള്‍ പരാതിയുയര്‍ത്തി.
ഇതുപരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് നിരോധനം ശരിവെച്ചത്. ഇന്ത്യയില്‍ ചുമമരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള സംയുക്തമാണിത്. 
പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.



ഡി.ടി.എ.ബി.ക്ക് പുറമേ ഈ വിഷയത്തിന്റെ വിദഗ്ധസമിതിയും പരാതി ചര്‍ച്ചചെയ്തു. ഇതിനുശേഷമാണ് തീരുമാനം. മരുന്നിന്റെ കവറിനുമുകളില്‍ നാലുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പതിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിര്‍ബന്ധമാക്കി.



ഇന്ത്യയില്‍ 2022നും 2045നും ഇടയിൽ കാൻസർ രോഗികളുടെ എണ്ണം കൂടും; ഐസിഎംആർ പഠനറിപ്പോർട്ട്

കാൻസർ കേസുകളിലും അതുമൂലമുണ്ടാകുന്ന മരണത്തിലും 2022 നും 2045 നും ഇടയില്‍ ഇന്ത്യയിൽ വര്‍ദ്ധനവുണ്ടാകുമമെന്ന് പഠനങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങളില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രാജ്യങ്ങളിലെ കാന്‍സര്‍ കേസുകള്‍, മരണങ്ങള്‍, ജീവിത നിലവാരത്തിലെ മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനങ്ങള്‍ നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് – നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫൊര്‍മാറ്റിക്ക് ആന്റ് റിസര്‍ച്ചാണ് പഠനം നടത്തിയത്. 2020 നെ അപേക്ഷിച്ച് 2022 ല്‍ ഇന്ത്യയില്‍ കാൻസർ കേസുകളുടെ എണ്ണത്തില്‍ 12.8ശതമാനം വര്‍ദ്ധന ഉണ്ടായെന്നും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുരുഷന്മാരിലെ കാന്‍സര്‍
ഇന്ത്യയൊഴികെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വായിലും ചുണ്ടിലുമാണ് പുരുഷന്മാരില്‍ കൂടുതലായി കാന്‍സര്‍ കാണുന്നതെന്നാണ് റിപ്പോർട്ട്. വര്‍ദ്ധിച്ചുവരുന്ന പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമാണ് വായിലെ കാന്‍സറിന് കാരണം.
സ്ത്രീകളിലെ കാന്‍സര്‍

ചെന ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സ്ത്രീകളില്‍ കൂടുതലും കാണപ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സറാണ്. ലോകമെമ്പാടും പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്തനാര്‍ബുദ കേസുകളില്‍ 33.6ശതമാനവും, മരണങ്ങളില്‍ 36.9 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ രാജ്യങ്ങളൊക്കെയും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായതുകൊണ്ട് കാന്‍സര്‍ നിയന്ത്രണ പദ്ധതികളും മറ്റും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് കാൻസർ അപകട സാധ്യതകളും ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് പരിഗണനയിൽ.

വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന സമഗ്രകവറേജാണ് പുതിയപദ്ധതി വാഗ്ദാനംചെയ്യുന്നത്.
70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴിൽ എംപാനൽചെയ്ത ആശുപത്രികളിൽനിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം.





സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴിൽ വരുന്നത്.എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരിൽ അംഗീകാരം നൽകിയത്.



Verified by MonsterInsights