Category: Health
രക്തം കട്ടപിടിക്കുന്നുവെന്ന് സംശയം; കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ
കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ. നോർവേ, ഐസ്‌ലൻഡ്, ഡെന്മാർക് രാജ്യങ്ങളാണ് കൊവിഡ് വാക്സീൻ നല്‍കുന്നത് താൽകാലികമായി നിർത്തിയത്. ഓക്‌സ്ഫഡ് – അസ്ട്ര സെനേക്ക വാക്സീനാണ് നിർത്തിയത്. വാക്സീൻ ചിലരിൽ പാർശ്വഫലം ഉണ്ടാക്കുന്നുവെന്ന് സംശയത്തേത്തുടര്‍ന്നാണ് നടപടി. വാക്സീൻ എടുത്ത ചുരുക്കം ചിലരിൽ രക്തം കട്ടപിടിക്കുന്നതായാണ് സംശയം. രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷൻ നിർത്തി വച്ചിരിക്കുന്നത്.
ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്. ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാവുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായ ഈ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ വിശദമാക്കുന്നു. എന്നാല്‍ രക്തം കട്ടയാവുന്നതും വാക്സീനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാക്സീൻ പൂർണ്ണ സുരക്ഷിതമെന്നാണ് അസ്ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്സിന്റെ പാർശ്വഫലം അല്ലെന്നും അസ്ട്ര സെനേക്ക വ്യക്തമാക്കി. വാക്സീൻ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനുമുള്ളത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോട്ടയം ജില്ലയില് 18 വയസിനു മുകളിലുള്ളവര്ക്ക് കോവിഷീല്ഡ് വാക്സിന് ബുക്ക് ചെയ്യാം
കോട്ടയം ജില്ലയില് 18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂലൈ 12 മുതല്‍ 19 വരെ കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ജൂലൈ 10ന് രാവിലെ 11 മുതല്‍ ബുക്ക് ചെയ്യാം. www.cowin.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും.
ജില്ലയില്‍ ലഭ്യമായതില്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്കുവേണ്ടി നീക്കി വച്ചതിനു ശേഷമുള്ള വാക്‌സിനാണ് ഒന്നാം ഡോസുകാര്‍ക്ക് നല്‍കുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ പട്ടിക എല്ലാ കേന്ദ്രങ്ങളില്‍നിന്നും ശേഖരിച്ചിട്ടുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിവരികയാണ്.
രണ്ടാം ഡോസുകാര്‍ വാക്‌സിനേഷനു വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതനുസരിച്ച് പ്രകാരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
എസ്.എം.എസിനു പുറമെ അതത് മേഖലകളിലെ ആശാ വര്‍ക്കര്‍മാരോ ആര്‍.ആര്‍.ടി അംഗങ്ങളോ മുഖേനയും വാക്സിനേഷന്‍ സംബന്ധിച്ച വിവരം അറിയിക്കുന്നതാണ്.
covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരുടെ വാക്‌സിനേഷനും ഇതേ രീതിയിലാണ് നടത്തുന്നത്. ജൂലൈ 19 വരെയുള്ള ദിവസങ്ങളില്‍ ഒന്നാം ഡോസ് സ്വീകരിക്കുന്നതിനായി ബുക്കിംഗ് നടത്തിയിട്ടുള്ളവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടതില്ല.
സംസ്ഥാനത്ത് സിക്ക വൈറസ് കണ്ടെത്തി; തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ
സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍ഐവി പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക കണ്ടെത്തുന്നത്. പനിയും ശരീരത്തിൽ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങൾ.
ജൂണ്‍ 28 നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം.
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുക് കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം
സാമൂഹ്യ സുരക്ഷാ മിഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി
സാമൂഹ്യ സുരക്ഷാ മിഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല.
അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്നാണ് ഡോ. അഷീൽ നൽകുന്ന വിശദീകരണം. ഡോ. അഷീൽ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെ പോകുന്നതെന്നും വിവരമുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധ നേടിയിരുന്നു. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീൽ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.
കോളേജ് വിദ്യാർത്ഥികൾ, ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ- വാക്സീൻ മുൻഗണനാ വിഭാഗത്തിൽ
സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും അതിഥിത്തൊഴിലാളികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 18 മുതൽ 23 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണനയുണ്ടാകും. അതേസമയം, ടിപിആർ കൂടിയ വടക്കൻ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ലോക്ക്ഡൗൺ ഇളവുകൾ വേണോ, എങ്കിൽ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്.
വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവില്ലെന്നാണ് വിവരം. പ്രാദേശികമായി ഇളവുകൾ തീരുമാനിക്കാനുള്ള ടിപിആർ മാനദണ്ഡം കർശനമാക്കിയേക്കും. 18-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് 15 ശതമാനം എന്നാക്കിയേക്കും. അതിനിടെ വ്യാപനം കൂടിയ വടക്കൻ ജില്ലകളിൽ ടിപിആർ കുറക്കാൻ അടിയന്തിര നടപടികൾക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളിൽ പരിശോധന കൂട്ടും. ക്വാറന്‍റീൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവ കർശനമാക്കും.
കൊവിഡ് മുന്‍നിര പോരാളിയാണോ? ഈ പമ്പില്‍ 5 ലിറ്റര്‍ ഇന്ധനം സൌജന്യമായി ലഭിക്കും
രാജ്യമൊട്ടാകെ ഇന്ധനവില ഉയരുമ്പോള്‍ വേറിട്ടുനില്‍ക്കുകയാണ് മൈസൂരുവിലെ ഈ പെട്രോള്‍ പമ്പ്. കൊവിഡ് മുന്നളിപ്പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കുകയാണ് ബോഗാഡി സര്‍ക്കിളിലെ ഈ പെട്രോള്‍ പമ്പ്. എന്‍ സുന്ദരം ആന്‍ഡ് സണ്‍സ് എന്ന പമ്പില്‍ നിന്ന് കൊവിഡ് മുന്നണി പോരാളികള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ വീതമാണ് സൌജന്യമായി നല്‍കുന്നത്.
മെഡിക്കല്‍ രംഗത്തും അല്ലാത്ത മേഖലയിലേയും കൊവിഡ് മുന്നണി പോരാളികള്‍ക്കും ഈ സൌകര്യം ലഭ്യമാണ്. ഇതിനോടകം 50ഓളം കൊവിഡ് പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കിയെന്നാണ് പെട്രോള്‍ പമ്പിന്‍റെ പ്രൊപ്രൈറ്റര്‍ കുമാര്‍ കെ എസ് പറയുന്നത്.
മഹാമാരികാലത്ത് നിരവധിപ്പേര്‍ക്ക് കിറ്റുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുമാര്‍. വിശ്രമമില്ലാതെയാണ് കൊവിഡ് മുന്‍നിരപ്പോരാളികളുടെ സേവനം അപ്പോള്‍ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കല്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല ഈ സൈകര്യം. ഡെലിവെറി ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും സൌജന്യമായി ഇന്ധനം നല്‍കുന്നുണ്ട്.
നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി?
സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക.
ടെസ്റ്റുകൾ പൊതുവിൽ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ നാളെ ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക.
ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രസംഘം കൊവിഡ് വ്യാപനവും ഇതിനെ തടയാനുള്ള സജ്ജീകരണങ്ങളും വിലയിരുത്താനായി ഇന്ന് രാവിലെ എത്തി. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങൾ പരിശോധിച്ച കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി.
ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി
കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.
ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.
കൊവിഡ് ഭേദമായ പ്രമേഹരോഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു
കൊവിഡ് ബാധിച്ച പ്രമേഹരോഗികൾ രോഗം ഭേദമായ ശേഷം ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന് വിശാഖപട്ടണത്തിലെ കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ടി. ശ്രാവണി പറയുന്നു…
കൊവിഡ് ഭേദമായ പ്രമേഹരോഗികൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ലഘു ഭക്ഷണം കഴിക്കുക.ഭക്ഷണം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാം. മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും വിദഗ്ധർ പറയുന്നു.
ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുകയും പേശികളുടെ അളവ് കൂട്ടാനും നിലനിർത്താനും സഹായിക്കുന്നു. വെളുത്ത കടല, പയർവർഗ്ഗങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
ധാന്യങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇവ സഹായിക്കുന്നു. ധാന്യങ്ങളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.