ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് പരിഗണനയിൽ.

വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന സമഗ്രകവറേജാണ് പുതിയപദ്ധതി വാഗ്ദാനംചെയ്യുന്നത്.
70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴിൽ എംപാനൽചെയ്ത ആശുപത്രികളിൽനിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം.





സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴിൽ വരുന്നത്.എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരിൽ അംഗീകാരം നൽകിയത്.



സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം തലവൂർ സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്.

കുട്ടിയെ 12-ന് കടുത്ത തലവേദനയെയും പനിയെയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ രോഗം ഭേദമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. 

തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗം പടർന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ജലാശയങ്ങളിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.

ജീവന് ഭീഷണിയായി വ്യാജന്‍: അര്‍ബുദ മരുന്നുകള്‍ ഷെഡ്യൂള്‍ രണ്ടിലേക്ക്; QR കോഡ് നിര്‍ബന്ധമാകും.

വലിയ വിലയുള്ള അര്‍ബുദമരുന്നുകളുടെ ദുരുപയോഗം തടയാന്‍ നടപടികള്‍ വരുന്നു. രാജ്യത്ത് വിപണിയിലെത്തുന്ന എല്ലാ അര്‍ബുദ മരുന്നുകളെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തും. ഇതോടെ മരുന്നുകളുടെ ലേബലിനൊപ്പം ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാകും. ഇതുസംബന്ധിച്ച ശുപാര്‍ശ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയാണ് അംഗീകരിച്ചത്.അര്‍ബുദമരുന്നുകളുടെ വിപണനരംഗത്ത് കാര്യമായ വെല്ലുവിളികള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ചില ശ്രമങ്ങള്‍ അധികൃതര്‍സ്വീകരിച്ചുവരുകയാണ്. ഇതിനിടെയാണ് ഇത്തരം മരുന്നുകളുടെ വ്യാജന്‍ പിടിയിലാകുന്നത്. ഉത്തരേന്ത്യയില്‍ പല സ്ഥലത്തുനിന്നും വ്യാജമരുന്ന് പിടിയിലായതോടെയാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഇടപെടലിന് ശ്രമം തുടങ്ങിയത്. ഉപയോഗിച്ചുകഴിഞ്ഞ കുത്തിവെപ്പ് മരുന്നുകളുടെ വയാല്‍ ശേഖരിച്ചാണ് വ്യാജമരുന്നു നിര്‍മിക്കുന്നത്. രോഗികള്‍ക്ക് ധനനഷ്ടത്തിനു പുറമേ ജീവന് ഭീഷണിയാകുമെന്നതും കണക്കിലെടുത്താണ് ഇടപെടല്‍.








ലേബലിനൊപ്പം ക്യൂ.ആര്‍. കോഡോ ബാര്‍ കോഡോ ആവശ്യമുള്ള 300 ഇനം മരുന്നുകളുടെ ഷെഡ്യൂള്‍ രണ്ട് പട്ടിക 2023 ഓഗസ്റ്റ് ഒന്നുമുതലാണ് നിലവില്‍ വന്നത്. ഇത്തരം മരുന്നുകളുടെ പ്രധാന കവറില്‍ത്തന്നെ കോഡുകള്‍ പതിക്കണമെന്നാണ് വ്യവസ്ഥ.



ഒന്നാം തരംഗ കൊവിഡ് -19 ബാധിച്ച, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതൽ’; പഠന റിപ്പോർട്ട്

കൊവിഡ് -19 ഒന്നാം തരം​ഗത്തിൽ രോ​ഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് കണ്ടെത്തൽ. കൊവിഡ് 19 രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായവരിൽ ഇതിനുള്ള സാധ്യത 4 മടങ്ങ് അധികമാണെന്നും റിപ്പോർട്ടിലുണ്ട്.

ഡയബറ്റിസ് ടൈപ്പ് 2 -ന് സമാനമായ ഹൃദയാഘാത സാധ്യതകളാണ് ഈ കൂട്ടർക്കുമുള്ളതെന്നാണ് പഠനത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.ഹൂമാൻ അല്ലായിയുടെ പ്രതികരണം. 2010 മുതൽ 2019 വരെയുെള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഹൃദയാഘാട നിരക്കുകൾ കുറഞ്ഞ് വന്നിരുന്നു. 

എന്നാൽ 2020 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഹൃദയാഘാത നിരക്കുകൾ വർദ്ധിച്ചതായി കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്ത​ഗ്രൂപ്പുകളായ എ, ബി, എബി തുടങ്ങിയ ​ഗ്രൂപ്പുകാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒ രക്ത​ഗ്രൂപ്പുള്ളവരിൽ ഈ സാധ്യത കുറവാണ്.

യുകെ ബയോബാങ്കിൽ എൻറോൾ ചെയ്ത 10,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ 40 മുതൽ 69 വരെ പ്രായമുള്ള രോഗിളാണ് കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. രോ​ഗ ബാധയുണ്ടായതിന് ശേഷം ഉയർന്ന അപകടസാധ്യത മൂന്ന് വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വാക്സിൻ എടുത്തവരിൽ ഈ അപകട സാധ്യത കുറവാണ്. എന്നാൽ കാലക്രമേണ വാക്സിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് വരാൻ സാധ്യതയുണ്ട്. അതിനാൽ ബൂസ്റ്റർ വാക്സിനുകൾ എടുത്താൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാമെന്നാണ് ഡോ. ഹൂമാൻ വ്യക്തമാക്കുന്നത്. അതിനായി കൃത്യമായ പരിശോധനകൾ നടത്തി രോ​ഗലക്ഷണങ്ങളേ മുൻ കൂട്ടി കണ്ടെത്താമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഗ്രീൻ ടീക്ക് ശേഷം ട്രൻഡിങിൽ ​ഗ്രീൻ കോഫി; അറിയാം ​ഗുണങ്ങളും അപകടസാധ്യതകളും

ഒരു സമയത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിരുന്ന ഒന്നായിരുന്നു ​ഗ്രീൻ ടീ. അമിത ഭാരം കുറയ്ക്കാനും മെറ്റബോളിസം നിയന്ത്രിക്കാനുമെന്നുമൊക്കെയെന്ന് പറഞ്ഞ് പലരും ഇത് ഉപയോ​ഗിച്ചിരുന്നു. എന്നാൽ ഇതിന് ശരീര ഭാരത്തെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നും പിന്നീട് കണ്ടെത്തലുകൾ പുറത്ത് വന്നിരുന്നു. ഇപ്പാഴിതാ ഗ്രീൻ കോഫിയും ട്രെൻഡിങ് ആവുകയാണ്. ​ഗ്രീൻ ടീക്കുണ്ടെന്ന് പറഞ്ഞിരുന്ന പല ​ഗുണങ്ങളും ഗ്രീൻ കോഫിക്കും ഉണ്ടെന്ന് ഇന്റർനെറ്റ് അവകാശപ്പെടുന്നു. എന്നാൽ ​ഗ്രീൻ ടീയെ പോലെ ഇതും ഒരു മാർക്കറ്റ് സൃഷ്ടി ആണോയെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

 

എന്താണ് ​ഗ്രീൻ കോഫി ?

സാധാരണ ​ഗതിയിൽ കോഫിക്കായി വറുത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ​ഗ്രീൻ കോഫിയിൽ അങ്ങനെയല്ല, ഇതിൽ വറുക്കാത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. വറുക്കുമ്പോൾ വിഘടിക്കുന്ന പല ഘടകങ്ങളുടെയും ​ഗുണം ഇവിടെ നഷ്ടമാവില്ല. ഗ്രീൻ കോഫി ബീൻസിൽ ഉള്ള ഉയർന്ന അളവിലെ ക്ലോറോജെനിക് ആസിഡ് ശരീരഭാരം കുറയ്ക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയ്ക്ക് സഹായകമാണ്.

ഗ്യാസ്ട്രോഎൻട്രോളജി റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് ഗ്രീൻ കോഫി എക്സ്ട്രാക്റ്റ് ഉപയോ​ഗിക്കുന്നവരിൽ ശരീരഭാരം കുറയുന്നതായി കാണാൻ സാധിക്കുന്നു എന്നാണ്. ദി ഇന്ത്യൻ ജേണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അമിതവണ്ണമുള്ളവരിൽ ഗ്രീൻ കോഫി എക്സ്ട്രാക്‌റ്റ് ഉണ്ടാക്കിയ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ഫലങ്ങൾ അനുസരിച്ച് ഇത് മെറ്റബോളിസം ബൂസ്റ്റിംഗ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കൊഴുപ്പിൻ്റെ ആഗിരണം കുറയ്ക്കുക തുടങ്ങിയവ ചെയ്യുന്നതായി കണ്ടെത്തി. ഗ്രീൻ കോഫിയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ഹൃദയ വീക്കം കുറയ്ക്കുകയും ക്യാൻസർ പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും അമിതമായി കഫീൻ ഉപയോ​ഗിക്കുന്നത് പൊതുവെ ശരീരത്തിന് നല്ലതല്ല. കഫീന്‍ കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കൂടുതൽ ആയതിനാൽ കാൽസ്യം കു‌റവുള്ളവരേയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരേയും ഇത് ബാധിച്ചേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഗ്രീന്‍ കോഫി ഉപയോ​ഗിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.,

അന്ധതയ്ക്ക് കാരണമായേക്കാവുന്ന ട്രക്കോമയെ തുടച്ചുനീക്കി;ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

കണ്‍പോളകളുടെ ആന്തരിക ഉപരിതലത്തെ ബാധിക്കുന്ന ട്രക്കോമ എന്ന രോഗത്തെ തുടച്ചുനീക്കിയതിന് ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അന്ധതയ്ക്കുവരെ കാരാണമായേക്കാവുന്ന പകര്‍ച്ചവ്യാധിയും ഗുരുതരമായ ബാക്ടീരിയ അണുബാധയുമാണ് ട്രക്കോമ.
ചികിത്സിച്ചില്ലെങ്കില്‍ കഠിനമായ വേദനയ്ക്കും കോര്‍ണിയ തകരാറിനും ഒടുവില്‍ അന്ധതയ്ക്കും ട്രക്കോമ കാരണമാകും. ട്രക്കോമയില്‍ നിന്നുള്ള അന്ധത ചികിത്സിച്ചു ഭേദപ്പെടുത്താനാകില്ല. രോഗം ബാധിച്ച വ്യക്തികളില്‍നിന്ന് കണ്ണ്, തൊണ്ട, മൂക്ക് എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഈച്ചകളിലൂടെയോ ഈ രോഗം പടരും. കണ്ണുകളിലും കണ്‍പോളകളിലുമുണ്ടാകുന്ന ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊഴുകുക, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.





ഒരു സുപ്രധാന നാഴികക്കല്ല്, ഇത് നേത്രാരോഗ്യം, രോഗ പ്രതിരോധം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നിവയിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു’.ആരോഗ്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 77-ാമത് റീജണല്‍ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ത്തിന്റെ പ്രതിനിധി ആരാധന പട്‌നായിക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.

2030-ഓടെ 20 രോഗങ്ങളും രോഗഗ്രൂപ്പുകളും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ലോകാരോഗ്യ സംഘടനയുടെ 2021-2030 ട്രോപ്പിക്കല്‍ ഡിസീസ് റോഡ്മാപ്പിന്റെ ഭാഗമായാണ് ട്രക്കോമ നിര്‍മാര്‍ജനം. 2017-ല്‍ നടന്ന ദേശീയ ട്രാക്കോമ സര്‍വേ റിപ്പോട്ടിന്റെ ലോഞ്ചിങ്ങിനിടെ ട്രക്കോമ രോഗത്തില്‍ നിന്ന് രാജ്യം മുക്തമായെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.




 

വണ്ണം കുറയ്ക്കാൻ ​ഗ്രീൻ ടീ കുടിച്ചിട്ടുണ്ടോ? എന്നാൽ നിങ്ങൾ പറ്റിക്കപ്പെട്ടു!

ശരീര ഭാരം കുറയ്ക്കാനും നില നിർത്താനുമെല്ലാം നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്. ഓൺലൈനിലും ഓഫ്‍ലൈനിലും എളുപ്പവഴികള്‍ തേടി മടുത്തവർ ഒരിക്കലെങ്കിലും ​ഗ്രീൻ ടീ ട്രൈ ചെയ്തിട്ടുണ്ടാവുമെന്നത് ഉറപ്പാണ്. എന്നാൽ ശരിക്കും ഗ്രീൻ ടീക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോഗ്രീൻ ടീക്ക് സത്യത്തിൽ അങ്ങനെ ഒരു ദിവ്യ സിദ്ധിയുമില്ല എന്നതാണ് വാസ്തവം. മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു തരം ആൻ്റിഓക്‌സിഡൻ്റായ കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്ന പഠനങ്ങൾ ഉണ്ട്. ഇതിന് ശേഷമാണ് ശരീരഭാരം കുറയക്കാൻ ഗ്രീൻ ടീക്ക് സാ​ധിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്. ​ഗ്രീൻ ടീക്ക് വളരെ ചെറിയ രീതിയിൽ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് സത്യമാണ്. എന്നാൽ ഗ്രീൻ ടീ മാത്രം കൊണ്ട് ഈ മാറ്റം ഉണ്ടാവുമെന്ന് കരുതണ്ട. കൃത്യമായ ഡയറ്റിനൊപ്പം ഗ്രീൻ ടീ കുടിച്ചാലേ ഈ മാറ്റം കാണാനാകൂ. 

 

ഇക്കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഇല്ല താനും! പാൽ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ചായയ്ക്കും കാപ്പിക്കും പകരം ​ഗ്രീൻ ടീ കുടിക്കുമ്പോൾ ശരീരത്തിന് മാറ്റങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്, അതിനപ്പുറം ഗ്രീൻ ടീക്ക് തനിയെ ഒരു അത്ഭുതവും പ്രവർത്തിക്കാൻ ആകില്ല. അലൈഡ് മാർക്കറ്റ് റിസർച്ച് അനുസരിച്ച് ഗ്രീൻ ടീക്ക് 14 ബില്ല്യണ്‍ മാർക്കറ്റ് വാല്യുവിൽ നിന്ന് 29 ബില്ല്യണിലേക്ക് 2030 ലേക്ക് എത്താൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.

ഗ്രീൻ ടീയുടെ ഈ പ്രശസ്തിക്ക് പിന്നിൽ കൃത്യമായ മാർക്കറ്റിം​ഗ് തന്ത്രമായിരിക്കാം പ്രവർത്തിച്ചത്. ഗ്രീൻ ടീ വഴി അമിത വണ്ണം കുറയ്ക്കാം എന്ന് പല ബ്രാൻഡുകളും അവകാശപ്പെടുന്നുണ്ട് എന്നാൽ പല പ‍ഠനങ്ങളും തെളിയിക്കുന്നത് പരസ്യങ്ങള്‍ പലപ്പോഴും വളരെ ചെറിയ അളവിലുള്ള ഘടകങ്ങളെയും ​ഗുണങ്ങളെയും പെരുപ്പിച്ചു കാണിക്കുകയാണ് എന്നാണ്

ശരീരത്തിന് ഗ്രീൻ ടീ വളരെ നല്ലതാണെന്നതിൽ സംശയമൊന്നുമില്ല എന്നാൽ ഗ്രീൻ ടീയെ ഒരു സൂപ്പർ ഫുഡായി കാണുന്നത് മണ്ടത്തരമാണ് . ശരീരത്തിനും ത്വക്കിനുമെല്ലാം നല്ലതായ ​ഗ്രീൻ ടീ കൊണ്ട് മാത്രം അത്ഭുതം അതിനാൽ പ്രതീക്ഷിക്കേണ്ട. ശരീരഭാരം കുറയാനും മെലിയാനും കൃത്യമായ വ്യായാമവും ഡയറ്റും ഫോളോ ചെയ്തേ മതിയാവൂ!

എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു, ചികിത്സ വൈകുന്നത് രോ​ഗം ​ഗുരുതരമാക്കും.

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ഒക്ടോബറിൽ ആദ്യ നാലുദിവസത്തിനിടെ 45 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ  രണ്ടുപേർ മരിച്ചു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2,512 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതൽ പേർ മരിച്ചതുംഎലിപ്പനി ബാധിച്ചാണ് -155 പേർ. 1,979 പേർ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സതേടി. എലിപ്പനി രോഗലക്ഷണങ്ങളോടെ 131 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബർ നാലുവരെയുള്ള കണക്കാണിത്. നിലവിൽ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പനി, ശരീരവേദന, കഠിനമായ തലവേദന, തളർച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസംരോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങുന്നവരും കൂടുതൽ 
ശ്രദ്ധിക്കണം.മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവർ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെനിർദേശപ്രകാരം കഴിക്കണം. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.


ലക്ഷണങ്ങൾ, സാധ്യതകൾ.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം എലി, പട്ടി, പൂച്ച, കന്നുകാലി തുടങ്ങിയവയുടെ മൂത്രംവഴി പകരാം. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത് വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു.


പ്രതിരോധ മാർഗങ്ങൾ.
മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ) ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക.







പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ 
മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം.ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം. രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് 
ഉറപ്പാക്കണം.




 

ഓറഞ്ച്’ നിസ്സാരക്കാരനല്ല ! ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

രാവിലെ എണീറ്റ് ചായയും കാപ്പിയും വെള്ളവും ഓക്കെ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചു നോക്കൂ, ഗുണങ്ങൾ ഏറെയാണ്. രോഗപ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രാവിലെ ഏണീറ്റ് ഒരു ​ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം നൽകുകയും ഹൃദയാരോഗ്യം, ചർമ്മത്തിൻ്റെ ആരോഗ്യം, തലച്ചോറിൻ്റെ ആരോഗ്യം, വൃക്കകളുടെ ആരോ​ഗ്യം എന്നിവയെ കാത്തുസൂക്ഷിക്കുകയും ചെയ്യും.

കടയിൽ നിന്ന് വാങ്ങുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാരയോ കൃത്രിമ മധുരപലഹാരങ്ങളോ മറ്റ് രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാൻ സാധ്യതയുള്ളതിനാൾ വീട്ടിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം.

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ​ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ജലദോഷം അല്ലെങ്കിൽ പനി പോലുള്ള അണുബാധകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് നിലനിർത്തുന്നു

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 88% വെള്ളമുണ്ട് ഇത് ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തെയും തലച്ചോറിനെയും ഉന്മേഷിപ്പിക്കാൻ കഴിയുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്തും

ഓറഞ്ച് ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്ന മുതിർന്നവർക്ക് ഓര്‍മ്മശക്തി, സംസാര ശുദ്ധി, പ്രതിരോധ ശേഷി എന്നിവ കൂടുതലായിരിക്കും. ഓറഞ്ച് ജ്യൂസ് തലച്ചോറിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജ്യൂസ് പിഴിഞ്ഞ ഉടനെ കഴിക്കാൻ ശ്രമിക്കുക, കാരണം അവ ദീർഘനേരം സൂക്ഷിക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. ജ്യൂസ് എടുക്കുന്നതിന് മുമ്പ് കുരു നീക്കം ചെയ്യാനും മറക്കരുത്. കാരണം ചില പഴങ്ങളിലെ കുരുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്

സമയക്രമീകരണം പ്രധാനം; കൃത്യ സമയത്ത് ഭക്ഷണം കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയും

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 422 ദശലക്ഷം ആളുകള്‍ പ്രമേഹവമായി മല്ലിടുന്നുണ്ട്. ഇത്രയധികം ആളുകളിലെ പ്രമേഹം ഗൗരവമുള്ള ആരോഗ്യ പ്രശ്‌നമായാണ് കാണുന്നത്. സമയ നിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നാം എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന സമയവും പ്രധാനമാണ്.പുതിയ കണ്ടെത്തല്‍ പ്രകാരം പ്രമേഹം പിടിപെടാന്‍ സാധ്യതയുളളവര്‍ക്ക് പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് അവരുടെ ഭക്ഷണ ശീലങ്ങള്‍ ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കൻ ക്ലോക്കിൻ്റെ താളവുമായി പൊരുത്തപ്പെടുന്നതിലൂടെ രോഗം തടയാന്‍ കഴിയും. ഒരു പ്രത്യേക പാറ്റേണിലാണ് ഇതനുസരിച്ച് ഭക്ഷണം കഴിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിതമായ ഭക്ഷണവും

സമയ നിയന്ത്രിതമായി കഴിക്കുക എന്നാല്‍ ഭക്ഷണം സമയത്ത് കഴിക്കുക എന്നാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം പിന്നീട് 8 മുതല്‍ 10 മണിക്കൂര്‍ വരെയുളള സമയത്തിനകം ബാക്കി ഭക്ഷണക്രമം ക്രമീകരിക്കണം എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.അതായത് നിങ്ങളുടെ ദൈനംദിന ഭക്ഷണ സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തിയെന്ന് വയ്ക്കുക. അപ്പോള്‍ രാവിലെ എട്ട് മണിക്ക് നിങ്ങള്‍ ആദ്യത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ആ ദിവസം നിങ്ങളുടെ അവസാനത്തെ ഭക്ഷണം വൈകുന്നേരം ആറ് മണിക്ക് കഴിക്കേണ്ടതുണ്ട്. ഈ സമയക്രമം പാലിച്ചവര്‍ക്ക് HbA1c ലെവലില്‍ പ്രകടമായ പുരോഗതി ഉണ്ടായതായി പഠനം കണ്ടെത്തി.

ശരീരത്തിന്റെ സ്വാഭാവിക ഘടികാരവും ഭക്ഷണക്രമീകരണവും

ഉപാപചയ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ശരീരത്തിന്റെ സ്വാഭാവിക ജൈവ ഘടികാരത്തിന്റെ പങ്ക് ഈ പഠനം എടുത്ത് പറയുന്നുണ്ട്. ഹോര്‍മോണ്‍ അളവ്, ദഹനം, ഊര്‍ജ്ജവിനിയോഗം എന്നിവ നിയന്ത്രിക്കുന്ന 24 മണിക്കൂര്‍ ബയോളജിക്കല്‍ ക്ലോക്കാണ് നമ്മുടെ ശരീരം പിന്തുടരുന്നത്. പ്രത്യേകിച്ചും അതിരാവിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുമ്പോള്‍ പാന്‍ക്രിയാസിന്റെ ഭാരം നിയന്ത്രിക്കാന്‍ കഴിയും. അതുപോലെ ദഹനത്തിനുള്ള ഏറ്റവും നല്ല സമയം അനുസരിച്ച് ഭക്ഷണ ക്രമം
ക്രമീകരിക്കണം. രാത്രി വൈകിയുള്ള ഭക്ഷണമോ ലഘുഭക്ഷണമോ ഒഴിവാക്കുന്നത് നന്നായിരിക്കും.

ശരീരഭാരം കുറയും കൊഴുപ്പ് കുറയും

എടുത്തുപറയേണ്ട മറ്റൊന്ന് സമയബന്ധിതമായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ അത് പ്രമേഹവുമായി അടുത്ത ബന്ധമുള്ള വയറ്റിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും എന്നതാണ്. ഇത് മൂലം ശരീരഭാരം കുറയുക മാത്രമല്ല പേശികളുടെ ആരോഗ്യവും വര്‍ദ്ധിക്കും. വയറിലെ അവയവങ്ങള്‍ക്ക് ചുറ്റുമുളള കൊഴുപ്പ് കുറയുന്നത് ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് മെറ്റബോളിക് രോഗങ്ങള്‍ക്കുമുള്ള സാധ്യതകുറയ്ക്കുന്നു. ഇത്തരത്തില്‍ കൊഴുപ്പ് കുറയുമ്പോള്‍ മൊത്തത്തിലുള്ള ശരീരഭാരം കുറയുകയും ടൈപ്പ് 2 പ്രമേഹവും അമിത വണ്ണവും കുറയുകയും ചെയ്യും.

Verified by MonsterInsights