ഡോ. സത്യഭാമാ ദാസ് ബിജു
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ജനിച്ച ഡോ. സത്യഭാമാ ദാസ് ബിജു നിലവില്‍ ഡല്‍ഹി സര്‍വ്വകലാശാല പരിസ്ഥിതി പഠന വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്നു. 30 വര്‍ഷത്തോളമായി ഇന്ത്യന്‍ ഉഭയജീവികളെ കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹവും സംഘവും 100 ഓളം പുതിയ ഉഭയജീവികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫ്രോഗ് മാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ അപരനാമധേയം.
നാച്വറല്‍ ഫോട്ടോഗ്രഫിയാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി അന്താരാഷ്ട്ര ജേണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സസ്യങ്ങളെയും ഉഭയജീവികളെയും കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും വിവിധ സര്‍വ്വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനകള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്. വേപ്പ്, മുരിങ്ങ, തുളസി തുടങ്ങിയ പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഉഭയജീവി വിഭാഗങ്ങളുടെ സംരക്ഷണത്തിലും ഗവേഷണത്തിലും ഡോ. ബിജു കാണിക്കുന്ന താല്പര്യം കണക്കിലെടുത്ത് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്റ് നാച്ചുറല്‍ റിസോഴ്സ് (IUCN) ഏര്‍പ്പെടുത്തിയിട്ടുള്ള സാബിന്‍ പുരസ്കാരം 2008 ല്‍ ലഭിച്ചിരുന്നു. 2011 ല്‍ സാങ്ച്യുറി ഇന്ത്യ വൈല്‍ഡ്ലൈഫ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഗോപിനാഥ് മുതുകാട്
പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീ. ഗോപിനാഥ് മുതുകാട്. മലപ്പുറം ജില്ലയില്‍ ജനിച്ച അദ്ദേഹം ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു. ജാലവിദ്യയിലൂടെ സമൂഹത്തിന് നല്ല സന്ദേശവും അവബോധവും നല്‍കുന്നതില്‍ ശ്രദ്ധാലുവാണ് ശ്രീ. ഗോപിനാഥ് മുതുകാട്.
1990 കളില്‍ സാക്ഷരതയുടെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിലേക്കായി സാക്ഷരതാ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കൂടാതെ ഒരു motivational speaker എന്ന നിലയിലും അദ്ദേഹം നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുത്തുവരുന്നു. 2014 ല്‍ ഇന്ത്യയിലെ തെരുവ് ജാലവിദ്യയുടെ പൈതൃകം സംരക്ഷിക്കുന്നതിനും അവര്‍ക്ക് സ്ഥിരമായി ഒരു വരുമാനം ലഭ്യമാക്കുന്നതിലേക്കുമായി ഒരു ജാലവിദ്യാ മ്യൂസിയം, മാജിക് പ്ലാനറ്റ് എന്ന പേരില്‍ ആരംഭിച്ചു.
പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്തുനിന്നും താല്‍ക്കാലികമായി പിന്‍മാറി ഇപ്പോള്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ശാക്തീകരണത്തിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള കേരള സര്‍ക്കാരിന്റെ അനുയാത്ര എന്ന പ്രചരണ പരിപാടിയുമായി ചേര്‍ന്ന് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് ജാലവിദ്യയില്‍ പരിശീലനം നല്‍കുന്നതിനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥിരം സംവിധാനം ലോകത്ത് ആദ്യമായി അദ്ദേഹം തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കേരള സംഗീത നടാക അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കാനായി കുഞ്ഞിരാമന്‍
കേരളത്തിലെ ഏറ്റവും പ്രശസ്തനായ ശില്‍പികളില്‍ ഒരാളാണ് കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ച ശ്രീ. കാനായി കുഞ്ഞിരാമന്‍. പ്രശസ്ത ചിത്രകാരനായ കെ.സി.എസ് പണിക്കരില്‍ നിന്നും ചിത്രകല അഭ്യസിച്ച അദ്ദേഹത്തിന്റെ ശില്‍പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ആദ്യം തകരപാളികളിലാണ് കൊത്തുപണി തുടങ്ങിയത്. മദിരാശി ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ഒന്നാം ക്ലാസോടെ ശില്‍പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കി. സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ അദ്ദേഹം വലിയ ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 2005 ല്‍ ശ്രീ. കാനായി കൂഞ്ഞിരാമന് കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മലമ്പുഴയിലെ യക്ഷി, വേളിയിലെ ശംഖ്, ശംഖുമുഖത്തെ ജലകന്യക, പയ്യാമ്പലത്തെ അമ്മയും കുഞ്ഞും, കൊച്ചിയിലെ മുക്കട പെരുമാള്‍, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ വീണപൂവ്, ദുരവസ്ഥ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്‍പങ്ങളില്‍ ചിലതാണ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി പുരസ്കാരങ്ങളുടെ രൂപകല്‍പന ശ്രീ. കാനായി കുഞ്ഞിരാമനാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ശില്പി എന്നതിനുപരി അദ്ദേഹം ഒരു കവിയും മലയാളം ഇംഗ്ലീഷ് ഭാഷകളിലെ എഴുത്തുകാരനുമാണ്. അദ്ദേഹം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ ശില്‍പകലാ വിഭാഗത്തിലെ മേധാവിയും പിന്നീട് പ്രിന്‍സിപ്പാലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
തൃശ്ശൂര്‍ സ്വദേശിയായ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ഔദ്യാഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന ഒരു കമ്പനി രൂപീകരിച്ചു. ഇപ്പോള്‍ 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള ഒരു കമ്പനിയായി അത് മാറിയിട്ടുണ്ട്. കൂടാതെ വീഗാലാന്റ് എന്ന പേരില്‍ കൊച്ചിയിലും വണ്ടര്‍ലാ എന്ന പേരില്‍ ബാംഗ്ലൂരിലും അമ്യൂസ്മെന്റ് പാര്‍ക്കുകളും സ്ഥാപിച്ച് നടത്തിവരുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.
അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും അതിന്റെ പ്രാധാന്യം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ സ്വന്തം വൃക്ക തന്നെ ഒരു അപരിചിതന് ദാനം ചെയ്തു. സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നവര്‍ക്കും മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്ന അവരുടെ ബന്ധുക്കള്‍ക്കും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഇദ്ദേഹം രൂപീകരിച്ച ചാരിറ്റബില്‍ സംഘടന അനുവദിച്ചുവരുന്നുമുണ്ട്. വൃക്കരോഗികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയിലും ഇദ്ദേഹം സജീവാംഗമാണ്.
ഉയര്‍ന്ന നികുതി ദായകന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മാന്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എം.പി. പരമേശ്വരന്
തൃശ്ശൂര്‍ ജില്ലയില്‍ കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ച ശ്രീ. എം. പി. പരമേശ്വരന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്സില്‍ ബിരുദവും മോസ്കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ന്യൂക്ലിയര്‍ എന്‍ജിനീയറിംഗില്‍ പി.എച്ച്.ഡി യും നേടിയശേഷം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചു. ശാസ്ത്രപ്രചരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ബഹുജന പ്രസ്ഥാനമായി മാറി. ശാസ്ത്രപ്രചാരകന്, വൈജ്ഞാനിക സാഹിത്യകാരന്, രാഷ്ട്രീയപ്രവര്ത്തകന്, ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീ. എം. പി. പരമേശ്വരന്. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്.
ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിലേക്കായി All India People’s Science Network എന്ന ഒരു പൊതുപ്ലാറ്റ്ഫോം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ആണവ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, റേഡിയോ ആക്ടീവിറ്റി എന്നീ വിവിധ വിഷയങ്ങളില്‍ 29 ശാസ്ത്രപുസ്തകങ്ങള്‍ ശ്രീ. എം.പി. പരമേശ്വരന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2017 ല്‍ കേരളസാഹിത്യ അക്കാദമി നല്‍കുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സാക്ഷരത, ശാസ്ത്രപ്രചരണം എന്നീ മേഖലകളില്‍ രണ്ട് അഖിലേന്ത്യാപുരസ്ക്കാരങ്ങളും. ബാല സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഡോ. വൈക്കം വിജയലക്ഷ്മി
കര്‍ണാടക സംഗീത രംഗത്തെ പ്രശസ്തമായ പേരാണ് കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരത്ത് ജനിച്ച ഡോ. വൈക്കം വിജയലക്ഷ്മിയുടേത്. ജന്മനാ കാഴ്ചശക്തിയില്ലാതിരുന്ന വിജയലക്ഷ്മിക്ക് കുട്ടിക്കാലം മുതല്‍ സംഗീതത്തോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക എന്നീ നിലകളില്‍ അവര്‍ പ്രശസ്തയാണ്.
ഓഡിയോ കാസറ്റുകളില്‍ നിന്നും സ്വയമേവയാണ് ആദ്യകാലത്ത് വിജയലക്ഷ്മി പാട്ട് പഠിച്ചിരുന്നത്. കഠിന പ്രയത്നം, പ്രതിഭ, വൈദഗ്ധ്യം, സംഗീതത്തോടുള്ള സ്നേഹം എന്നിവയാല്‍ തന്റെ കാഴ്ചപരിമിതിപോലും മറികടന്ന് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ വിജയലക്ഷ്മിക്ക് സാധിച്ചു. തമ്പുരുവില്‍ നിന്നും സ്വന്തമായി പരിഷ്കരിച്ചെടുത്ത ഗായത്രിവീണ എന്ന ഒറ്റക്കമ്പിയുള്ള, അപൂർവവാദ്യത്തിൽ പ്രാവീണ്യം നേടിയതാണ് വിജയലക്ഷ്മിയുടെ മറ്റൊരു പ്രധാന നേട്ടം. ഗായത്രിവീണ എന്ന ഉപകരണത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ വായിച്ച വിജയലക്ഷ്മി ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സും ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്സും നേടിയിട്ടുണ്ട്.
മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്ര ഗാനങ്ങള്‍ വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്. അതുല്യമായ ശബ്ദവും, ആശ്ചര്യകരമായ സ്വരമാധുരിയും ആലാപനശൈലിയും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി.
2012 ല്‍ ആദ്യ സിനിമാ ഗാനത്തിനുതന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സമിതിയുടെ സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിക്കുകയുണ്ടായി. 2013 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കേരള സംസ്ഥാന സംഗീതനാടകഅക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.