Category: Main Stories
ജാഗ്രത നിർദ്ദേശം
ജൂലൈ 13 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11-07-2021 മുതൽ 13-07-2021 വരെ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
11-07-2021: ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തീരങ്ങൾ ആൻഡമാൻ കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11-07-2021 മുതൽ 12-07-2021 വരെ:കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11-07-2021 & 13-07-2021:കേരള-കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11-07-2021 & 15-07-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക
ലഹരി വിരുദ്ധ പ്രചരണം ജില്ലാതല ഉദ്ഘാടനം നടത്തി
കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനം കൂട്ടായ ജനകീയ മുന്നേറ്റമാക്കണം. ഇതിൻ്റെ ചങ്ങലകളെ പൊട്ടിക്കാൻ സർക്കാർ സംവിധാനത്തോടൊപ്പം ജനങ്ങളും കൈകോർക്കണം.ഇതോടൊപ്പം ലഹരിക്കടിമപ്പെട്ട് പോകുന്നവരെ ഒറ്റപ്പെടുത്താതെ സ്നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ.ഫൈസൽ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിനോജ് മുഖ്യ പ്രഭാഷണം നടത്തി. എടത്തല എം.ഇ.എസ്.കോളേജ് ഓഫ് അഡ് വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇവർക്കായി വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. ബയോ ഇൻഫോമാറ്റിക് വിഭാഗം മേധാവി ടി.എ.ഷിഫ്നാ മോൾ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.സുനിത നന്ദിയും പറഞ്ഞു. ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സജീവമാക്കുന്നതിനാണ് പ്രചാരണം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 14 കോളജുകളിലാണ് ബോധവൽക്കരണം.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയേകി ടിസിഎസ്; 40000ത്തിലേറെ പേർക്ക് തൊഴിലെന്ന് പ്രഖ്യാപനം
ദില്ലി: നിലവിൽ അഞ്ച് ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്ന ടിസിഎസ് 2022 സാമ്പത്തിക വർഷത്തിൽ ക്യാംപസ് ഇന്റർവ്യൂ വഴി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ഇന്ത്യയിൽ 40000 പേർക്കും അമേരിക്കയിൽ രണ്ടായിരം പേർക്കും ജോലി നൽകിയിരുന്നു.
ലാറ്റിൻ അമേരിക്കയിലും കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്ന് ടിസിഎസിന്റെ സിഎച്ചആർഒ മിലിന്ദ് ലക്കഡ് പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനി 20409 പേർക്ക് ജോലി നൽകിയെന്നും ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 509058 ആയി ഉയർന്നുവെന്നും കമ്പനി പറഞ്ഞു.
സർവീസ് ബിസിനസ് മോഡൽ എപ്പോഴും ആളുകളുമായി ചേർന്നു നിൽക്കുന്നതാണെന്നും അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വളരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അര്‍ജന്‍റീന കോപ്പ സ്വന്തമാക്കി
ഫുട്‌ബോളിന്‍റെ വാഗ്‌ദത്തഭൂമിയില്‍ കിരീടക്കസേരയിലേക്ക് മിശിഹായുടെ സ്ഥാനാരോഹണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്‌ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി. ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്‍റീന ഒരു പ്രധാന കിരീടം നേടുന്നത്.
സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു.
പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ. സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി കണ്ടു. മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തുകയായിരുന്നു.
ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോള്‍മഴ മാറിനിന്നു. അതേസമയം അര്‍ജന്‍റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു. 87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിന് മാരക്കാന മൂക സാക്ഷിയായി. എന്നാല്‍ പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറക്കാതിരുന്നതോടെ കാനറികളില്‍ നിന്ന് കോപ്പ കിരീടം അര്‍ജന്‍റീനയിലേക്ക് പറക്കുകയായിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം കുട്ടികൾ
ആര്‍ക്കിടെക്ചർ ബിരുദ കോഴ്സിനായി നാളെ നടക്കുന്ന ദേശീയ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ നാളെ നടക്കാനിരിക്കെ ഹാൾ ടിക്കറ്റിന്റെ കാര്യത്തിലും പരീക്ഷ കേന്ദ്രങ്ങളിലെ അവ്യക്തതയിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചർ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. പരീക്ഷയുടെ കാര്യത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് പരീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഹാൾ ടിക്കറ്റ് പോലും കിട്ടിയിട്ടില്ല. പരീക്ഷാത്തലേന്ന് പോലും പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
നാറ്റ പരീക്ഷയുടെ സൈറ്റിലുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പ്രതികരണവും ഇല്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചർ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. ഈ വര്‍ഷത്തെ രണ്ടാം സെഷന്‍ പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ പരീക്ഷയായതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരിക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വരുന്നത് യൂറോ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍
യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലായിരിക്കും ഇത്തവണ.ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്‌ക്കാണ് ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇംഗ്ലണ്ട് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇറ്റലി 1968ന് ശേഷം ആദ്യ കിരീടമാണ് സ്വപ്‌നം കാണുന്നത്.
സെമിയിൽ ഇറ്റലി, സ്‌പെയ്‌നെയും ഇംഗ്ലണ്ട്, ഡെൻമാർക്കിനെയുമാണ് തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മിന്നും ജയം. നിശ്ചിതസമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ എക്‌സ്‌ട്രാ ടൈമിലെ 104-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നു.
അതേസമയം സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിലെത്തിയത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി ആദ്യം മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്‌ടമാക്കിയ മൊറാട്ട തന്നെ സ്‌പെയ്‌നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഷൂട്ടൗട്ടില്‍ 4-2ന്‍റെ ജയമാണ് ഇറ്റലി സ്വന്തമാക്കിയത്.
യൂറോ കപ്പ് ഫൈനലിനുള്ള റഫറിയായി ബ്യോൺ ക്വിപേഴ്‌സിനെ നിയമിച്ചു. യൂറോകപ്പ് ഫൈനൽ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നെതർലൻഡ്സ് റഫറിയാണ് ബ്യോൺ. 2006 മുതൽ അന്താരാഷ്‌ട്ര റഫറിയായ ബ്യോൺ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ സൂപ്പർ കപ്പ്, യുവേഫ അണ്ടർ 17, അണ്ടർ 21 ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്.
കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം!
കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം.
കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് സിക്ക വൈറസ് കണ്ടെത്തി; തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ
സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍ഐവി പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക കണ്ടെത്തുന്നത്. പനിയും ശരീരത്തിൽ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങൾ.
ജൂണ്‍ 28 നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം.
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുക് കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം
‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയുൾപ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക സംവിധാനം ഒരുക്കാൻ ‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളിൽ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.
ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ചു തയ്യാറാക്കിയ എൽ.എം.എസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്റ്റേറ്റ് ഡേറ്റാ സെന്റർ, മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിക്കും.
കാൾ നെറ്റ് എന്ന ശൃംഖല വഴി സർവകലാശാല ലൈബ്രറികളെ പൂർണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. മറ്റ് ലൈബ്രറികളെയും ഈ സംവിധാനത്തിൽ കൊണ്ടുവരും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമടക്കം എല്ലാവർക്കും ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശിൽപശാലകളിലൂടെ ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളിൽ പദ്ധതി നിർവഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാവും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പരീക്ഷാ വിഭാഗം എന്നിവരുടേയും കോളേജ് പ്രിൻസിപ്പൽമാരുടേയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.