കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം: കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ

ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണത്തിൽ കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് എത്രയും വേഗം സ്വകാര്യവത്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയാണ് ബിപിസിഎല്‍. 2019 നവംബറിലാണ് കന്പനിയുടെ സ്വകാര്യവത്കരണ നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയത്.ഒരു വർഷത്തിനിടെ താല്പര്യം അറിയിച്ച് എത്തിയത് മൂന്ന് കമ്പനികൾ. വേദാന്ത,അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയേഴ്സ് ക്യാപിറ്റൽ. കൊവിഡ് നടപടിക്രമങ്ങൾ വൈകിച്ചെങ്കിലും വില്പന നീക്കം സജീവമാണ്. 

sap1

നിലവിൽ ബിപിസിഎല്ലിന്‍റെ സാന്പത്തിക വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കന്പനികൾ. 100ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ കന്പനികൾക്ക് അനുമതി നൽകുന്നത് ഉൾപ്പടെ പല വ്യവസ്ഥതകളും എളുപ്പത്തിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.ബിപിസിഎല്ലിനെ വാങ്ങുന്ന കന്പനിക്ക് പെട്രോനെറ്റ് എൽഎൻജിയിലും, ഇന്ദ്രപ്രസ്ഥ ഗ്യാസിലും ഉള്ള കന്പനി ഓഹരികൾ വിറ്റഴിക്കുന്നതിന് അനുമതി നൽകാനും സാധ്യതകളുണ്ട്. 

 

koottan villa

തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥതകൾ വെട്ടിക്കുറച്ചും കന്പനി നടപടികൾ തുടങ്ങി. ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.സ്വകാര്യവത്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോൾ പദ്ധതിയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എച്ച്ഒസി, എഫ്എസിടി, കൊച്ചിൻ പോർട്ട് തുടങ്ങിയ വ്യവസായങ്ങൾക്ക് ബിപിസിഎൽ വില്‍പ്പന ഉണ്ടാക്കുക വലിയ തിരിച്ചടിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

insurance ad

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാൽ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതൽ 247 പ്ലാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.699 രൂപയുടെ പ്രൊമോഷണൽ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബർ വരെയാണ് നീട്ടിയത്. ഈ പ്ലാനിൽ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസായി കുറയ്ക്കും

സെപ്റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാൻ റീചാർജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാൽ കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

friends catering

സംസ്ഥാനത്തെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

* എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് (1,50,58,743 ഡോസ്) വാക്‌സിൻ നൽകിയത്. അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളാണ് പുരുഷൻമാരെക്കാർ കൂടുതൽ വാക്‌സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷൻമാരുമാണ് വാക്‌സിൻ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിൻ സ്വീകരിച്ചത്.
18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാർത്ഥികൾ, സ്വകാര്യ ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വെല്ലുവിളിയുള്ളവർ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.
ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുൻഗണനാക്രമം അനുസരിച്ചാണ് വാക്‌സിൻ നൽകി വരുന്നത്. ഇപ്പോൾ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി വരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച 23,770 ഡോസ് കോവാക്‌സിൻ കൂടി എത്തി. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ ബുധനാഴ്ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒന്നു മുതൽ രണ്ടര ലക്ഷത്തിന് മുകളിൽ വരെ വാക്‌സിനേഷൻ നൽകുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

insurance ad

യുട്യൂബിൽ പഠിച്ചുതുടങ്ങിയ ജിംനാസ്റ്റിക്; തൊടുപുഴയിലെ എട്ടുവയസുകാരിയുടെ ഒളിമ്പിക്സ് സ്വപ്നത്തിലേക്കുള്ള യാത്ര

ജിംനാസ്റ്റിക്സിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരു എട്ട് വയസുകാരിയുണ്ട് തൊടുപുഴയിൽ. മൂന്നാം ക്ലാസുകാരി ആൻഡ്രിയ സജി യൂട്യൂബിൽ നോക്കി സ്വന്തമായി പഠിച്ചതാണ് ജിംനാസ്റ്റിക്സ്. ഒളിമ്പിക്സാണ് ആൻഡ്രിയയുടെ ലക്ഷ്യം.ലോക്ഡൗണിൽ വിരസത മാറ്റാനായി യൂട്യൂബ് കണ്ടുകൊണ്ടിരുന്നപ്പോൾ ആൻഡ്രിയക്ക് തോന്നിയൊരു കൗതുകം. ബാക്ക്ബെൻഡ്, കോൺടോർഷൻ, കാർട്ട് വീൽ തുടങ്ങി ജിംനാസ്റ്റിക്സിലെ നിരവധി അഭ്യാസങ്ങൾ ആൻഡ്രിയക്കിപ്പോൾ വഴങ്ങും.

മൂന്നാം ക്ലാസുകാരി ആൻഡ്രിയക്ക് കട്ട സപ്പോർട്ടുമായി സഹോദരിയും  എട്ടാം ക്ലാസുകാരിയുമായ ആൻടെസയുണ്ട്. ഒപ്പം മാതാപിതാക്കൾ റിയയും സജിയും. ശ്രീജിത്ത് രവി കേന്ദ്ര കഥാപാത്രമായെത്തുന്ന കോട എന്ന ചിത്രത്തിലും ആൻഡ്രിയ അഭിനയിച്ചു.

sap feb 13 2021

അടുത്തൊന്നും ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രങ്ങളില്ല എന്നതാണ് ആൻഡ്രിയ നേരിടുന്ന വെല്ലുവിളി. കൊവിഡ് ഭീതിയൊഴിഞ്ഞാൽ പുറത്ത് പോയാണെങ്കിലും പരിശീലനം നേടി ഒളിമ്പിക്സിലെത്തുക എന്നതാണ് ആൻഡ്രിയയുടെ ലക്ഷ്യം

afjo ad

‘സൂപ്പര്‍മാൻ’ സിനിമ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.

റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്.  1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പില്‍ബെര്‍ഗ് അനുസ്‍മരിക്കുന്നത്.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി  100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയെ മാറ്റും.  കായലിനെ മാലിന്യമുക്തമാക്കി നവീകരിച്ച് തനതായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കായലിന്റെ പരമ്പരാഗത മത്സ്യസമ്പത്തു സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജനകീയ പങ്കാളിത്തതോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആര്‍.കെ.  എഫ്. എന്ന പേരില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് രൂപീകരിച്ചിരിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്നാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ 375 ഓളം തോടുകള്‍ ശുചീകരിക്കാനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു, അഡ്വ.എ. എം. ആരിഫ് എം.പി., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, കെ. രാജപ്പന്‍ നായര്‍, എം.കെ. ഉത്തമന്‍ , സി.പി. വിനോദ് കുമാര്‍, പി.കെ. സാബു, എം.പി. ഷിബു, പി. ശശിധരന്‍ നായര്‍, ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

banner

ജൂൺ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് (ജൂലൈ 6) കൂടി വിതരണം ചെയ്യും

പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. മുൻഗണനാ കാർഡുടമകൾക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നൽകുന്നത്. ജൂണിൽ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം നവംബർ വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പദ്ധതികൾ ഏറ്റവും മികച്ചരീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. മേയ് മാസത്തെ വിതരണം സംസ്ഥാനം പൂർത്തിയാക്കിയിരുന്നു.
മുൻഗണനാകാർഡ് കൈവശമുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട്. കേരളത്തിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന 1,54,80,000 പേരുണ്ട്.

മേയ് മാസത്തിൽ കേന്ദ്രം അനുവദിച്ച 77,400 മെട്രിക്ക് ടൺ ഭക്ഷ്യധാന്യത്തിൽ 74015.68 മെട്രിക്ക് ടൺ ഭക്ഷ്യധാന്യങ്ങൾ (95.62 ശതമാനം) കാർഡുടമകൾക്ക് വിതരണം ചെയ്തു. ജൂൺ മാസത്തിലെ വിഹിതത്തിൽ 70317.88 മെട്രിക്ക് ടൺ (90.85 ശതമാനം) ജൂലൈ മൂന്ന് വരെ വിതരണം ചെയ്തിട്ടുണ്ട്.
വിഹിതം ലഭിക്കില്ലെന്ന വ്യാപകമായ കുപ്രചരണം കേരളത്തിൽ പല ഭാഗത്തും നടക്കുന്നു. പിഎംജികെഎവൈ റേഷൻ വിതരണം സംബന്ധിച്ച യഥാർത്ഥ വസ്തുത കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്നവിത്രാൻ പോർട്ടലിലും സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ  e.pos.kerala.gov.in എന്ന ലിങ്കിലും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

pa5

പോർട്ടബിലിറ്റി സംവിധാനം നടപ്പിലായ പശ്ചാത്തലത്തിൽ റേഷൻ കാർഡുടമകൾക്ക് കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ വിഹിതം വാങ്ങാനാവും. ഈ സംവിധാനം കേരളത്തിലെ കാർഡുടമകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാൽ ചില റേഷൻ കടകളിൽ അനുവദിച്ചുകൊടുത്ത സ്റ്റോക്ക് തീർന്നുപോകുന്ന സാഹചര്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമീപത്തുള്ള മറ്റു റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്റ്റോക്കുള്ള കടകളിൽ നിന്നും സ്റ്റോക്ക് തീർന്ന കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്

ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5)മുതല്‍

          2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ താഴ്ന്ന ജീവിതനിലവാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്തുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5) മുതല്‍. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. ബ്ലോക്ക് അടിസ്ഥാനത്തചന്റ ജില്ലയിലെ 1,35,000 കുടുംബങ്ങളില്‍ നടത്തുന്ന വിവരശേഖരണം ജൂലൈ 20 ന് പൂര്‍ത്തിയാകും. സര്‍വേയുടെ സംസ്ഥാനതല ഗവേണിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ ഗ്രാമവികസന കമ്മീഷണറും ജില്ലാതല നോഡല്‍ ഓഫീസര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമാണ്. അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരാണ് ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാര്‍. വിവരശേഖരണ ചുമതല വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

          ജനപ്രതിനിധികള്‍, കുടുംബശ്രീ, ആര്‍.ആര്‍.ടി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിവരശേഖരണത്തില്‍ പ്രായോജനപെടുത്തും. കോവിഡ് സാഹചര്യം പരിഗണിച്ച് പരമാവധി ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഫോണ്‍, വാട്‌സാപ്പ് മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് വിവരശേഖരണം. ശേഖരിക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തലും വാലിഡേഷനും പോര്‍ട്ടലില്‍ സമാന്തരമായി നടത്തും. ബ്ലോക്ക്തല വിവരശേഖരണത്തിന് ശേഷമുള്ള അന്തിമ വാലിഡേഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നിര്‍വഹിക്കും. സര്‍വ്വേ കാലയളവില്‍ വി.ഇ.ഒമാരെ നിര്‍വഹണ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍വ്വേ നടത്തിപ്പുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ 11 ബ്ലോക്കുകളിലും പൂര്‍ത്തിയായി.

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

* കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ
കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.
ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.
ഇ സഞ്ജീവനി സേവനങ്ങൾ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ജനങ്ങളിൽ കൂടുതലായി എത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. സേവനങ്ങൾ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ ഭവന സന്ദർശന വേളകളിൽ സാഹചര്യങ്ങൾ മനസിലാക്കിക്കൊണ്ട് ആരോഗ്യ പ്രവർത്തകർ നൽകും.
esanjeevaniopd.in എന്ന വെബ്‌സൈറ്റിലും ഇ സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് സേവനങ്ങൾ ലഭിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.  നമ്പരുകളിൽ വിളിക്കാവുന്നതാണ്.  

banner

കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്. വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. 

vimal1

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ്റൂം) ഉൾപ്പെടുത്തിയാണ് വിഭാവന ചെയ്തിരിക്കുന്നത്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ഫീസിൽ നിർദ്ദിഷ്ട ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്ലൈൻ നമ്പർ 9961708951, 04712593960 ഇ-മെയിൽ:pgdgst@gift.res.in..

Verified by MonsterInsights