ബുള്ളറ്റുകൾ മിണ്ടാതാകുന്നു, ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്.

റോയൽ എൻഫീൽഡിൻ്റെ ഇലക്ട്രിക് ബൈക്ക് നവംബർ 4 ന് അരങ്ങേറ്റം കുറിക്കും. 2024 EICMA ഷോയിൽ ആദ്യമായി അവതരിക്കപ്പെടും. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ‘എൽ’ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവിൻ്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണിത്. റോയൽ എൻഫീൽഡും സ്റ്റാർക്ക് ഫ്യൂച്ചർ എസ്എൽ (സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളും) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ഡിസൈൻ ഭാവിയിലെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കും അടിവരയിടും. Electrik01 എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് അതിൻ്റെ ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷം വിപണിയിൽ ലോഞ്ച് ചെയ്യും.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ചോർന്ന പേറ്റൻ്റ് ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിൻ്റെ അവസാന സിലൗറ്റും നിയോ-റെട്രോ ഡിസൈനും വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും മിററുകളും, വ്യതിരിക്തമായ ഇന്ധന ടാങ്ക്, ഗിർഡർ കൈകൾക്കിടയിലും ട്രിപ്പിൾ ക്ലാമ്പിനു താഴെയും സ്ഥാപിച്ചിരിക്കുന്ന ഒരു ഗർഡർ ഫോർക്ക്, ബ്രേസ്ഡ് സ്വിംഗാർം എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. പേറ്റൻ്റ് ചിത്രം അതിൻ്റെ അലോയ് വീലുകളും റെട്രോ-സ്റ്റൈൽ ഹാർഡ്‌ടെയിൽ പോലുള്ള പിൻ പ്രൊഫൈലും കാണിക്കുന്നു. ഹിമാലയൻ 450 ഇൻസ്‌പൈർഡ് ഇൻസ്‌ട്രമെൻ്റ് ക്ലസ്റ്ററും ഇലക്ട്രിക് ബൈക്കിലുണ്ടാകും.

അതേസമയം റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. പ്രീമിയം മോട്ടോർസൈക്കിൾ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബൈക്ക്. ഇവിക്കായി, പ്രതിവർഷം 1.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആർഇയുടെ പുതിയ ചെയ്യാറിലെ നിർമ്മാണ പ്ലാൻ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഉൽപ്പാദന കേന്ദ്രമായി പ്രവർത്തിക്കും. റോയൽ എൻഫീൽഡ് തങ്ങളുടെ ഭാവി ഉൽപ്പന്നങ്ങളുടെ വികസനത്തിനും ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കും. വിലയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിന് ഏകദേശം 2.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇത് അൾട്രാവയലറ്റ് F77-നോട് മത്സരിക്കും. ഇവിയുടെ ഔദ്യോഗിക വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തും.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ.

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. നവംബര്‍ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും. എന്നാൽ, മുൻകൂർ റിസർവേഷനുള്ള കുറഞ്ഞ സമയപരിധി നിലവിൽ ബാധകമായിരിക്കുന്ന ചില പകൽ-സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ നിയമങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല.

80000 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശത്തെത്തിയ ധൂമകേതു, ഇന്ത്യയില്‍ നിന്ന് കാണാം.

ഏകദേശം 80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ആകാശത്ത് ദൃശ്യമായ ധൂമകേതുവിനെ വീണ്ടും കാണാന്‍ അവസരം. കോമറ്റ് സി/2023 എ3 (സുചിന്‍ഷന്‍-അറ്റ്‌ലസ്) എന്ന ധൂമകേതുവിനെ സൂര്യോദയത്തിന് മുമ്പ് പുലര്‍ച്ചെയുള്ള ആകാശത്ത് ഒക്ടോബര്‍ ആദ്യവാരം കാണാനാവും.

2023 ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 2024 സെപ്റ്റംബറിലാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. ഇപ്പോള്‍ സൂര്യനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ ധൂമകേതു ഭൂമിയില്‍ നിന്ന് കാണാനാവും.

ഇന്ത്യയില്‍ നിന്ന് എങ്ങനെ കാണാം?

സൂര്യോദയത്തിന് മുമ്പാണ് കോമറ്റ് സി/2023 എ3 നെ കാണാനാവുക. ആകാശത്ത് വെളിച്ചം വരും മുമ്പ് നോക്കണം. കിഴക്കന്‍ ആകാശത്തേക്ക് സൂക്ഷിച്ച് നോക്കണം. തടസങ്ങളില്ലാതെ ആകാശം കാണാന്‍ സാധിക്കുന്ന ഒരിടം അതിനായി തിരഞ്ഞെടുക്കണം. നഗരങ്ങളിലെയും കെട്ടിടങ്ങളിലേയും പ്രകാശ മലിനീകരണം ഇല്ലാത്ത ഇടങ്ങളാണ് അതിന് ഉചിതം.

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിച്ചേക്കാമെങ്കിലും ബൈനോകുലറുകളും ചെറു ദൂരദര്‍ശിനികളും കൂടുതല്‍ വ്യക്തത നല്‍കും. ഒരു വാലോടുകൂടിയ നക്ഷത്രത്തെ പോലെയാണ് ഇത് കാണപ്പെടുക.

ഒക്ടോബര്‍ ആദ്യം, ധൂമകേതു കണ്ടുപിടിക്കാന്‍ ചന്ദ്രന്‍ നിങ്ങളെ സഹായിക്കും. കിഴക്കന്‍ ആകാശത്ത് ചന്ദ്രനു താഴെ മൂടല്‍മഞ്ഞ് വാലുള്ള ഒരു അവ്യക്തമായ നക്ഷത്രമായി കോമറ്റ് സി/2023 എ3 നെ കാണാം. ഒക്ടോബര്‍ ആദ്യം ഈ ധൂമകേതുവിന് കൂടുതല്‍ തിളക്കമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ഒക്ടോബറിലുടനീളം ആകാശത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ധൂമകേതുവിനെ പിന്നീട് അസ്തമയ ശേഷവും ആകാശത്ത് കാണാനാവും. എന്നാല്‍ ഇത് കൂടുതല്‍ മങ്ങിയിട്ടുണ്ടാവും. മാത്രവുമല്ല ധൂമകേതുവിന്റെ തിളക്കത്തിലും ദൃശ്യതയിലും മാറ്റമുണ്ടാവാം. അതുകൊണ്ട് ജ്യോതിശാസ്ത്ര വെബ്‌സൈറ്റുകളിലെ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി കോമറ്റ് സി/2023 എ3 നെ നിരീക്ഷിക്കാം.

തേങ്ങക്കും വെളിച്ചെണ്ണക്കും സംസ്ഥാനത്ത് വില കുത്തനെ വർധിക്കുന്നു

കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കിലോയ്ക്ക് 45 രൂപയായിരുന്ന തേങ്ങക്കിന്ന് മൊത്ത വ്യാപാരശാലകളിൽ 60 രൂപക്ക് മുകളിൽ ആണ് വില. ചില്ലറകച്ചവടക്കാർ നൽകുന്നത് 70 മുതൽ 80 രൂപ വിലയിലും.

തേങ്ങക്ക് വില കൂടിയതോടെ എണ്ണയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്.180 രൂപയിൽ കിടന്ന എണ്ണ വില ഇന്ന് 220 രൂപയാണ്. ഒരുതരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത തേങ്ങയ്ക്കും എണ്ണയ്ക്കും വില കൂടിയതോടെ താളം തെറ്റിയിരിക്കുന്നത് സാധാരണക്കാരുടെ ബജറ്റാണ്.

തമിഴ്നാട്ടിലും മൈസൂരിലും കർണാടകയിലും ഒക്കെ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ അവിടെ നിന്നും കയറ്റി അയക്കുന്ന തേങ്ങകളുടെ വില കൂടി. ഇതാണ് കേരളത്തിലും വിലകൂടാൻ കാരണം. ഡിസംബർ വരെയുള്ള കാലം സ്വതവേ തേങ്ങയുടെ ഉൽപാദനം കുറവുള്ള സമയമാണ്. അതിനാൽ അടുത്തവർഷം ജനുവരി വരെ ഈ വിലക്കയറ്റം ഇങ്ങനെ തുടരുമെന്ന് വിലയിരുത്തപ്പെടുന്നത്.

ശനിയാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ തിങ്കളാഴ്ച്ച വരെ വിവിധ ജില്ലകളില്‍ മഴ മുന്നറിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും യെല്ലോ അലേര്‍ട്ട് നിലനില്‍ക്കും.

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28 മുതല്‍ 30 വരെ തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ 28/09/2024 രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ് നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ് .

ആംബുലന്‍സിന് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍
കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്.
വെന്റിലേറ്ററില്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും.




ചെറിയ ഒമ്‌നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയായിരിക്കും. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600രൂപയും ആയിരിക്കും മിനിമം ചാര്‍ജ്.വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍.സി.സിയിലേക്ക് വരുന്ന രോഗികള്‍ക്ക്ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.





ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ എണ്ണം കൂടുന്നു; പ്രതിദിനം 10 പേര്‍ക്ക് കൂടി അവസരം .

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാന്‍ അനുമതിനല്‍കി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പുതിയ നിര്‍ദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്‌കരണം നടക്കുന്നതിനുമുന്‍പ് 60 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്.നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവുനല്‍കുകയായിരുന്നു.ഡ്രൈവിങ് ടെസ്റ്റില്‍ ഇപ്പോള്‍ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നല്‍കാന്‍ പ്രത്യേകസംവിധാനമുണ്ടക്കിയത്. 30 പുതിയ അപേക്ഷകള്‍, വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 10 പേര്‍, തോറ്റ പത്തുപേര്‍ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം.







ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം നടത്തിയത്. ആദ്യ നിര്‍ദേശം അനുസരിച്ച് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്.എന്നാല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒരു എം.വി.ഐക്ക് 40 പേര്‍ക്ക് ടെസ്റ്റ് നടത്താമെന്ന നിര്‍ദേശം പുറത്തിറക്കുകയായിരുന്നു.

ഈ നിര്‍ദേശത്തിന് പുറമെ, ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് കാലുപയോഗിച്ച് ഗിയര്‍മാറ്റുന്ന വാഹനങ്ങള്‍ മാത്രമാകും അനുവദിക്കുക.എം 80 പോലുള്ള നിര്‍മാണം നിര്‍ത്തിയ വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിര്‍ദേശം. ഇതിനുപിന്നാലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റിനായി മോട്ടോര്‍സൈക്കിളുകള്‍ എത്തിച്ച് തുടങ്ങിയിരുന്നു.





ചന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം

ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്ക്കും ഇന്ന് ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

 

 

 

 

2,104.06 കോടിയുടേതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യയുടെ ദീര്‍ഘകാല ചന്ദ്രയാന്‍ ദൗത്യത്തിന്റെ നാഴിക കല്ലാണ് ചന്ദ്രയാന്‍ 4. 36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും അടക്കം സാമ്പിളുകളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുക

ഗ്രഹത്തിന്റെ ഉപരിതലം, അന്തരീക്ഷത്തിലെ പ്രക്രിയകള്‍, സൂര്യന്റെ സ്വാധീനം എന്നിവ പഠനവിധേയമാക്കും. 1,236 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 2028 മാര്‍ച്ചില്‍ വിക്ഷേപണം നടത്താനാണ് പദ്ധതി.

കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു; ഒന്നരവർഷത്തിന് ശേഷം ഒറ്റ​ഗഡുവായി

പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു. ഒറ്റ ഗഡുവായാണ് ഇത്തവണ ശമ്പളം നൽകിയത്. അതേസമയം ഓണം ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 30 കോടി രൂപ സർക്കാർ വിഹിതവും 44.52 കോടി രൂപ കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നെടുത്ത തുകയും ചേർത്താണ് ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും ഇന്ന് തന്നെ ശമ്പളമെത്തിക്കാനാണ് നീക്കം. ഒന്നര വർഷത്തിനു ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി ഒറ്റ ​ഗഡുവായി ശമ്പളം നൽകുന്നത്.

ഓണം ആനുകൂല്യം നൽകാൻ ധനവകുപ്പ് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം പണിമുടക്കി തന്നെ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും സംഘാടകൾ വ്യക്തമാക്കി.

ശമ്പളവും, ഓണം ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെയായിരുന്നു ജീവനക്കാർ ഇന്ന് സമരത്തിലേക്ക് കടന്നത്. എന്നാൽ ഉച്ചയോടെ ശമ്പളം അക്കൗണ്ടിൽ എത്തുമെന്ന് കെഎസ്ആർടിസി അറിയിക്കുകയായിരുന്നു. സങ്കേതിക കാരണങ്ങളാലാണ് വിതരണം വൈകിയത് എന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനായി കഴിഞ്ഞ ദിവസം 74.20 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. ഇതുവരെ 865 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്. 900 കോടിയാണ് ബജറ്റിൽ വിലയിരുത്തിയത്.

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. ഈ മാസം 18 മുതല്‍ അടുത്തമാസം 8 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി. ജനങ്ങളെ വലയ്ക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24വരെ തിരുവനന്തപുരം ജില്ലയിലായായിരിക്കും ആദ്യം മസ്റ്ററിങ് നടക്കുക. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക.

Verified by MonsterInsights