അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചനയെന്ന് റിപ്പോർട്ട്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറാകാത്തതിന് പിന്നാലെയാണ് ടൂർണമെന്റ് പൂർണമായും മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ഇത്തരമൊരു തീരുമാനം എടുത്താൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ നീക്കം. പാകിസ്താൻ മാധ്യമമായ ‘ഡൗൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. പിന്നാലെ ഐസിസി ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റൊരു വേദിയിലും ബാക്കി ടൂർണമെന്റ് പാകിസ്താനിലും നടത്തുന്ന ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് പൂർണമായും പാകിസ്താനിൽ നിന്നും മാറ്റുന്നതിൽ ആലോചന നടക്കുന്നത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ന്യൂസിലാൻഡും ബംഗാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദിയിലേക്ക് പാകിസ്താന് സഞ്ചരിക്കേണ്ടി വരും.