2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിട്ട് അധിക ദിവസമായില്ല. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ വിജയത്തിന് പിന്നാലെ കാനഡയിലേക്ക് കുടിയേറാനുള്ള വഴികള്‍ തേടുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. യുഎസ് പൗരന്മാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞത് ഈ രണ്ട് വാക്യങ്ങളാണ്. (how to move to canada, moving to canada) കാനഡയിലേക്ക് എങ്ങനെ മാറാം എന്നതിനെക്കുറിച്ചാണ് ആളുകളുടെ തിരച്ചില്‍.
ജനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ?
ഈ തിരയലില്‍ നിന്നൊക്കെ പലരുടേയും മനസിലേക്ക് കടന്നുവരുന്ന ചോദ്യം ഇതാണ്. അമേരിക്കയിലെ ജനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ? കാര്യം ശരിയാണ് ജനങ്ങള്‍ ട്രംപിന്റെ വിജയത്തില്‍ അത്രകണ്ട് സന്തുഷ്ടരല്ല. കുടിയേറ്റ നയം ശക്തിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിലും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയില്‍ കഴിയാന്‍ നിയമപരമായി അനുമതി ഇല്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. അമേരിക്കയില്‍ കൂടുതലുളള കുടിയേറ്റ ജനത ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ കൂട്ടനാടുകടത്തല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെയാകും. ഇത്തരത്തില്‍ നാടുകടത്തല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ട്രംപിന്റെ വിജയം യുഎസിലെ നിലവിലുള്ള കുടിയേറ്റക്കാരേയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ചില അമേരിക്കക്കാര്‍ക്കൊപ്പം ഇത്തരത്തിലുളള മറ്റ് പൗരന്മാരും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്തുകൊണ്ട് കാനഡ
കാനഡ യുഎസിന് സമീപമുള്ള രാജ്യമായതുകൊണ്ടാണ് ആളുകളെ സംബന്ധിച്ച് ആദ്യത്തെ മാര്‍ഗ്ഗമായി കാനഡയെ അവര്‍ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 5 ന് ഇലക്ഷന്‍ നടന്നപ്പോള്‍ത്തന്നെ അമേരിക്കയിൽ നിന്നുള്ള സേർച്ചിങ്ങുകളുടെ 400 ശതമാനവും കാനഡയിലേക്ക് എങ്ങനെ മാറാം എന്നാണ് ഗൂഗിളില്‍ തിരഞ്ഞതെന്നാണ് ഗൂഗിൾ സേർച്ച് ട്രെൻഡ് ഡാറ്റ വ്യക്തമാക്കുന്നത്. വെര്‍മോണ്ട്, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും തിരച്ചില്‍ ഉണ്ടായതെന്നാണ് ഗൂഗിള്‍ ഡേറ്റ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എക്‌സില്‍ വന്ന ഒരു കമന്റ് ഇപ്രകാരമായിരുന്നു. ‘ ഞാന്‍ കാനഡയിലേക്ക് മാറാന്‍ പോകുന്നു’ മറ്റൊരാള്‍ ജീവിതനിലവാരം ചൂണ്ടികാണിച്ചുകൊണ്ട് കാനഡയിലേക്ക് മാറാന്‍ അമേരിക്കക്കാരെ സഹായിക്കുന്ന വിവരങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി.
ജാഗ്രതയോടെ കാനഡ
അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ കുടിയേറ്റം മുന്‍കൂട്ടി കണ്ടതുകൊണ്ട് തന്നെ കനേഡിയന്‍ അതിര്‍ത്തി ജാഗ്രതയിലാണ്. ട്രംപിന്റെ കുടിയേറ്റ നയം കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്ഥാവനയില്‍ പറഞ്ഞു.മാത്രമല്ല 2025ല്‍ സ്ഥിരമായ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിട്ടുമുണ്ട്. 21 ശതമാനം കുടിയേറ്റക്കാരെ വെട്ടിക്കുറയ്ക്കാനാണ് ട്രൂഡോയുടെ തീരുമാനമെന്ന് അവിടുത്തെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാനഡയിലേക്ക് മാത്രമല്ല ചെറിയ ശതമാനം ആളുകള്‍ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചും തിരഞ്ഞിട്ടുണ്ട്.