ചക്കയ്ക്കിത് നല്ല കാലം, തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കുമെല്ലാം കൊണ്ടുപോകുന്നത് ലോഡ് കണക്കിന്.

പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാല്‍ നാട്ടിൻപുറങ്ങളിലെ ഉടമകളിൽ പലരും വ്യാപാരികള്‍ പറയുന്ന വിലയ്ക്ക് ചക്ക നൽകുന്നു.
“ഗ്രാമീണ മേഖലയിലെ ചക്കയ്ക്കിത് നല്ല കാലമാണ്. നാട്ടിന്‍പുറങ്ങളിലും  മലയോര മേഖലയിലും ചക്ക കായ്ച്ചു തുടങ്ങിയതോടെ വിപണി സജീവമായി. മൂപ്പ് എത്താത്ത ചക്കയ്ക്കാണ് കച്ചവടക്കാര്‍ നാട്ടിന്‍പുറങ്ങളില്‍ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക 20 രൂപ കണക്കാക്കിയാണ് വ്യാപാരികള്‍ വാങ്ങുന്നത്.

വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നല്‍കുന്നുണ്ട്. കച്ചവടക്കാര്‍ തന്നെ പ്ലാവിൽ കയറി വെട്ടിയിറക്കിയാണ് വില പറയുന്നത്. ഉടമകള്‍ക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാല്‍ വ്യാപാരികള്‍ പറയുന്ന വിലക്ക് ചക്ക നല്‍കുകയാണ് ചെയ്യുന്നത്.

പച്ചച്ചക്ക പറിക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാനാവുമെന്ന് വന മേഖലയിലെ കര്‍ഷകര്‍ പറയുന്നു. വലിയ മരങ്ങളില്‍ നിന്ന് കേടുകൂടാതെ താഴെയിറക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ നാട്ടിൻപുറങ്ങളിൽ പലപ്പോഴും ചക്ക പാഴാവുകയാണ് ചെയ്തിരുന്നത്. അപൂര്‍വ്വമായേ ചക്കയ്ക്ക് ആവശ്യക്കാര്‍ എത്തിയിരുന്നുള്ളൂ. ഇന്ന് പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങളില്‍, മരം കയറുന്ന ആളെയും കൂട്ടിയാണ് നാട്ടിന്‍പുറങ്ങളില്‍ പച്ചച്ചക്കയ്ക്കായി വ്യാപാരികള്‍ എത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം ഒരു വണ്ടി ചക്ക ലഭിക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് സംഭരണം. തീരെ ചെറിയ ചക്കകള്‍ കൊണ്ടുപോകാറില്ല.

വടക്കഞ്ചേരി കേന്ദ്രമായുള്ള  മൊത്തക്കച്ചവടക്കാര്‍ക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകള്‍, ചെറുകിട  വ്യാപാരികള്‍ തൂക്കത്തിനാണ് നല്‍കുന്നത്. വടക്കഞ്ചേരിയില്‍ നിന്ന് മൂന്നും നാലും ലോഡാണ് തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കും കൊണ്ടുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും ചില ഭക്ഷ്യ പദാര്‍ത്ഥങ്ങളിലെ കൂട്ടായും ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ബണ്ടുരുട്ടി മേഖലയില്‍ ചക്ക പ്ലാന്റേഷനുകള്‍ ഉണ്ടെങ്കിലും വിളവെടുപ്പിന് കാലതാമസമെടുക്കും. അതാണ് കേരളത്തിലെ ചക്കയ്ക്ക് ആവശ്യം വര്‍ദ്ധിക്കാന്‍ കാരണം.

Verified by MonsterInsights