തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദ്ദ പാത്തി (ട്രെഫ്) നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ ഒക്ടോബർ 26 വരെ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും (ഒക്ടോബർ 22-നവംബർ നാല്) കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ആദ്യ ആഴ്ചയിൽ (ഒക്ടോബർ 22-ഒക്ടോബർ 28) കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ സാധാരണയിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിക്കും. ഒക്ടോബർ 28 മുതൽ നവംബർ നാലുവരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ വയനാട് ജില്ലയിലും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
കേരളത്തിൽനിന്ന് കാലവർഷം 26 ഓടെ പൂർണമായും പിൻവാങ്ങാനും അതേദിവസം തന്നെ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിൽ പീച്ചി, കക്കി, ഷോളയാർ, പൊന്മുടി, പെരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാർ, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ഒക്ടോബർ 12 മുതൽ 21 വരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 50 ആയി. വിവിധ ജില്ലകളിലായി നാലുപേരെ കാണാതായി. 435 ദുരിതാശ്വാസ ക്യാമ്പുകളിലായി 8655 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.