ചാണകത്തിൽ നിന്ന് പ്ലാസ്റ്റർ; വേപ്പ് ഇഷ്ടിക; ചൂട് കുറയ്ക്കാൻ കണ്ടുപിടിത്തത്തിന് അധ്യാപകന് 10 ലക്ഷം രൂപ വരുമാനം

രാജ്യത്തെ കടുത്ത ചൂടിന് മറുമരുന്നുമായി ഹരിയാന സ്വദേശിയായ അധ്യാകൻ. ഡോ. ശിവദര്‍ശൻ എന്ന അധ്യാപകന്റെ പുതിയ കണ്ടുപിടിത്തമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ തരംഗമായിരിക്കുന്നത്.

വേപ്പ് കൊണ്ടുണ്ടാക്കിയ ഇഷ്ടികകളും ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച പ്ലാസ്റ്ററുകളും ആണ് ശിവദർശൻ കണ്ടെത്തിയിരിക്കുന്നത്. ഭാവിയില്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഉതകുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ സംവിധാനമാണിത്. ഇവയുപയോഗിച്ച് വീട് നിര്‍മ്മിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കുമെന്നും വീടിനുള്ളില്‍ ഏകദേശം 7 ഡിഗ്രി വരെ താപനില കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന ഒരു ചെറിയ വീഡിയോ ഡോ. ശിവദര്‍ശന്‍ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

ശിവദര്‍ശന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നോര്‍വെയുടെ മുന്‍ കാലാവസ്ഥ പരിസ്ഥിതി മന്ത്രി എറിക് സോല്‍ഹെം ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് ശിവദര്‍ശന്‍ കണ്ടെത്തിയ ഈ സംവിധാനത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്.

‘ചാണകത്തില്‍ നിന്നും നിര്‍മ്മിച്ച പ്ലാസ്റ്ററിലൂടെ ഹരിയാനയിലെ ഒരു പ്രൊഫസര്‍ വര്‍ഷം തോറും പത്ത് ലക്ഷത്തിലധികം രൂപയാണ് സമ്പാദിക്കുന്നത്. ഡോ.ശിവദര്‍ശന്‍ മാലികിന്റെ ഈ രീതി പിന്തുടരുന്ന വീടുകളില്‍ 7 ഡിഗ്രി വളരെ താപനില കുറയ്ക്കാന്‍ സാധിക്കുന്നു’, എറിക് ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ കുറച്ച് സമയത്തിനുള്ളില്‍ തന്നെ 3.5 ദശലക്ഷം പേരാണ് കണ്ടത്. പതിനായിരത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വര്‍ധനവും അതിന്റെ ബഹിര്‍ഗമനവും കുറയ്ക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗമാണ് ഇതെന്ന് ശിവദര്‍ശന്‍ പറയുന്നു. ചാണകം, മണ്ണ്, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച വേദിക് പ്ലാസ്റ്റര്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന ചൂടിനെ തടയുന്നു. വേദിക് പ്ലാസ്റ്ററുകളാല്‍ നിര്‍മ്മിതമായ വീടുകളില്‍ തണുപ്പ് കൂടുതലാണ്. അതേസമയം സിമന്റ് കൊണ്ട് നിര്‍മ്മിച്ച വീടുകളില്‍ ചൂട് വളരെ കൂടുതലാണ്. വേദിക് പ്ലാസ്റ്റര്‍ പുറത്തുനിന്നുള്ള ചൂട് ഉള്ളിലേക്ക് തുളച്ചുകയറാന്‍ അനുവദിക്കുന്നില്ല. മാത്രമല്ല വീട്ടിലെ വൈദ്യുതി ചെലവ് കുറയ്ക്കാനും ഈ സംവിധാനം സഹായിക്കുന്നു.

 

ഈ ബിസിനസ്സിലൂടെ വർഷം ഏകദേശം 10 ലക്ഷം രൂപയാണ് ശിവദര്‍ശന് ലഭിക്കുന്നത്. ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാത്ത ഇഷ്ടികകളും ശിവദര്‍ശന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവയ്ക്കും ആവശ്യക്കാരെറെയാണ്. വീടിനുള്ളിലേക്ക് എത്തുന്ന 70 ശതമാനം താപത്തെയും ചെറുത്ത് നിര്‍ത്താന്‍ കഴിവുള്ള ഇഷ്ടികകളാണ് ഇവ. പരമ്പരാഗതമായി നാം ഉപയോഗിച്ച് വരുന്ന ഗൃഹനിര്‍മ്മാണ സാമഗ്രികളെക്കാള്‍ ചെലവ് കുറവാണ് ഇവയ്ക്കെന്നതാണ് മറ്റൊരു പ്രത്യേകത.

Verified by MonsterInsights