ചന്ദ്രനില്‍ ആണവനിലയം സ്ഥാപിക്കാന്‍ റഷ്യ, കൈകോര്‍ക്കാൻ ചൈനയും ഇന്ത്യയും.

ചന്ദ്രനില്‍ ആണനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ. 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ പദ്ധതി. ചൈനയും ഇന്ത്യയും ഇതില്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ഭാഗമാവാന്‍ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ പറഞ്ഞു. വിവിധ അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ അലക്‌സി പറഞ്ഞു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും തങ്ങള്‍ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2036 -ഓടുകൂടി 
ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത്.



2050 -ഓടുകൂടി ചന്ദ്രനില്‍ സ്വന്തം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇത് ഇന്ത്യയുടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യരെ ചന്ദ്രനില്‍ അയക്കാതെ പൂര്‍ണമായി ഓട്ടോണമസ് ആയിട്ടാവും ചാന്ദ്രനിലയത്തിന്റെ നിര്‍മാണമെന്ന് റഷ്യ പറയുന്നു. അതിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചന്ദ്രനില്‍ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാല്‍ പൂര്‍ണമായും സൂര്യപ്രകാശത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോര്‍ജ്ജം പ്രയോജനപ്പെടുക. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വന്തം ആണവോര്‍ജ നിലയം സ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണ്.

Verified by MonsterInsights