ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു; അഭിമാനത്തിന്റെ റോക്കറ്റേറി രാജ്യം

രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു. 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ കുതിച്ചത്. 43.5 മീറ്റര്‍ ഉയരവും 10.4 മീറ്റര്‍ വീതിയും 642 ടണ്‍ ഭാരവുമുള്ള റോക്കറ്റാണ് എല്‍വിഎം 3. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങും എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്.


ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിംഗ്, ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക, ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക തുടങ്ങിവയാണ് ചന്ദ്രയാന്‍-3 ന്റെ ലക്ഷ്യങ്ങള്‍. ചന്ദ്രേപരിതലത്തില്‍ ഇറങ്ങാനായാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍.ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ റോവര്‍, ലാന്‍ഡറിനെ ചന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവ അടങ്ങിയിരിക്കുന്നതാണ് മൂന്നാം ചാന്ദ്രദൗത്യം. 1752 കിലോഗ്രാം ആണ് ലാന്‍ഡറിന്റെ ഭാരം. റോവറിന് 26 കിലോഗ്രാം ഭാരമാണ് ഉള്ളത്. 615 കോടി രൂപയാണ് മൂന്നാം ചാന്ദ്രദൗത്യത്തിന് ഐഎസ്ആര്‍ഒ വിനിയോഗിച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിന് ശേഷം അഞ്ച് ഘട്ടമായാണ് ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരിക. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ വേര്‍പെടും. 14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തില്‍ ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ പരീക്ഷണം നടത്തുംസൗരോര്‍ജത്തില്‍ 738 വാട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെയും 50 വാട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. നേരത്തെ 2019 ല്‍ ചന്ദ്രയാന്‍-2 ലൂടെ ചന്ദ്രേപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമം ചന്ദ്രയാന്‍-3 നടത്തിയിരുന്നു. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിനുള്ള ശ്രമം പരാജയപ്പെട്ടു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ചാന്ദ്രദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറായത്. 2008 ഒക്ടോബര്‍ 22 നായിരുന്നു ഇന്ത്യയുടെ ആദ്യ ചന്ദ്രയാന്‍ ദൗത്യം. വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാത്ത കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.


Verified by MonsterInsights