വെയിൽസ് രാജകുമാരനായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് രാജാവ് ധരിച്ചിരുന്ന ‘പിംഗ് പോംഗ് ബോൾ’ കിരീടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തവണ രാജാവായി അധികാരമേൽക്കുമ്പോൾ അദ്ദേഹം ഈ കിരീടം ആയിരിക്കുമോ ധരിക്കുന്നത് എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു.
കിരീടത്തിലെ ഈ ബോൾ സ്വർണ ഫിലിഗ്രി കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ചാൾസ് രാജാവിന്റെ നക്ഷത്രമായ സ്കോർപ്പിയോയുടെ മാതൃകയിൽ വജ്രങ്ങളും അതിനു ചുറ്റുംപതിപ്പിച്ചിട്ടുണ്ട്. വാസ്തുശില്പിയും സ്വർണപ്പണിക്കാരനുമായ ലൂയിസ് ഒസ്മാനാണ് ഈ കിരീടം രൂപകൽപന ചെയ്തത്. ഇത് സാധാരണയായി കാണപ്പെടുന്ന യാഥാസ്ഥിതിക രാജകീയ കിരീടത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
ചാൾസ് രാജകുമാരൻ 1969-ൽ വെയിൽസ് രാജകുമാരനായി സ്ഥാനമേറ്റെടുത്തപ്പോഴാണ് ഈ കിരീടം നിർമിച്ചത്. തന്റെ 21-ാം ജന്മദിനത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയായിരുന്നു കിരീടധാരണം. ഇതിനായി രാജകിരീടങ്ങൾ ഡിസൈൻ ചെയ്യുന്ന ഗരാർഡ് എന്നയാൾ ഒരു നിർദേശം മുന്നോട്ടു വെച്ചു. എന്നാലിത് വളരെ ചെലവേറിയതായിരുന്നു. ഈ സാഹചര്യത്തിലാണ് വാസ്തുശില്പിയും ചരിത്രകാരനും രത്ന വ്യാപാരിയുമായുമൊക്കെയായിരുന്ന ലൂയിസ് ഒസ്മാൻ ഈ കിരീടം നിർമിക്കാനായി മുന്നോട്ടു വന്നത്. അമിതഭാരമില്ലാത്ത, അതേ സമയം നല്ലൊരു അർത്ഥമുള്ള ഒരു കിരീടം നിർമിക്കുക എന്നതായിരുന്നു ഉസ്മാന്റെ ലക്ഷ്യം. അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവിൽ ഒസ്മാൻ ആ ഉദ്യമത്തിൽ വിജയിച്ചു.
ചാൾസ് രാജാവ് തന്റെ കിരീടധാരണത്തിന് പിംഗ് പോംഗ് കിരീടം ധരിക്കുമോ?
രാജാവായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് ഈ പ്രത്യേക കിരീടം ആയിരിക്കില്ല ധരിക്കുക. പകരം, 1661-ൽ ചാൾസ് രണ്ടാമനുവേണ്ടി രൂപകൽപന ചെയ്തതും എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിൽ ഉപയോഗിച്ചതുമായ സെന്റ് എഡ്വേർഡ്സ് കിരീടമായിരിക്കും അദ്ദേഹം ഇക്കുറി ഉപയോഗിക്കുക. 1661 ലാണ് ചാൾസ് രണ്ടാമനായി ഈ കിരീടം നിർമിച്ചത്. തുടർന്നുള്ള 400 വർഷക്കാലം, എല്ലാ ഇംഗ്ലീഷ് രാജാക്കൻമാരുടെയും കിരീടധാരണത്തിന് ഇത് ഉപയോഗിച്ചിരുന്നു.
മാണിക്യം, വൈഡൂര്യം, നീലക്കല്ലുകൾ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുന്ന സെന്റ് എഡ്വേഡ്‌സ് ക്രൗണിന് 2.07 കിലോഗ്രാം ഭാരമുണ്ട്. 1661-ൽ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനുവേണ്ടിയാണ് ഇത് നിർമിച്ചത്. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനായാണ് സെന്റ് എഡ്വേർഡ്സ് കിരീടം അവസാനമായി ഉപയോഗിച്ചത്. പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് ക്യാപ്പും ഡയമണ്ടിൽ തീർത്ത കുരിശും കിരീടത്തിൽ ഉണ്ട്.
കിരീടധാരണ ചടങ്ങ് പൂർത്തിയായി സെന്റ് എഡ്വേർഡ് ചാപ്പലിൽ നിന്ന് പുറത്ത് വരുന്ന ചാൾസ് രാജാവ്, അതിനു ശേഷം ഇംപീരിയൽ സ്റ്റേറ്റ് ക്രൗണാകും ധരിക്കുക. സെന്റ് എഡ്വേർഡ്സ് കിരീടത്തിന്റെ പകുതിയിൽ താഴെ ഭാരമേ ഇതിനുള്ളൂ. പാർലമെന്റിന്റെ ചടങ്ങുകൾക്കും മറ്റ് ഔദ്യോഗിക ചടങ്ങുകൾക്കും രാജാവ് ധരിക്കുന്നത് ഈ കിരീടമാണ്. 1937-ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായാണ് ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ നിർമിച്ചത്. അതുവരെ ഈ സ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. വിക്ടോറിയ രാജ്ഞിക്കു വേണ്ടി നിർമിച്ച കിരീടമാണ്. 2,868 വജ്രങ്ങളും മറ്റു വിലയേറിയ രത്നങ്ങളും ഈ കിരീടത്തിലുണ്ട്.