ചിക്കന്‍പോക്‌സ് മരണം ഈ വര്‍ഷം 15 ആയി; അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്.

സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേര്‍ മരിച്ചു. അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീര്‍ണമാകുന്നതും ചികിത്സിക്കാന്‍ വൈകുന്നതുമാണ് മരണം കൂടാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.കഴിഞ്ഞവര്‍ഷം 26,363 പേര്‍ക്കു രോഗം ബാധിച്ചെങ്കിലും മരണസംഖ്യ നാലുമാത്രമായിരുന്നു. ഈവര്‍ഷം ഇതുവരെ 18,150 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 15 മരണമുണ്ടായി.2019 മുതലാണ് ചിക്കന്‍പോക്‌സ് ബാധിതരുടെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു തുടങ്ങിയത്. ആ വര്‍ഷം 29,583 പേര്‍ക്ക് രോഗമുണ്ടായി. 20 പേര്‍ മരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണസംഖ്യ രണ്ടുമുതല്‍ നാലുവരെ മാത്രമായിരുന്നു. എന്നാല്‍, 2022-ല്‍ 14 പേര്‍ മരിച്ചു.വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. വേനല്‍ക്കാലം ഈ വൈറസിന് അനുകൂലമാണ്. എന്നാല്‍, ഇപ്പോള്‍ മഴക്കാലത്തും ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രമേഹം, അര്‍ബുദം, ശ്വാസകോശരോഗം എന്നിവയുള്ളവരെയും ഗര്‍ഭിണികളെയുമാണ് രോഗം എളുപ്പത്തില്‍ കീഴടക്കുക








വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയിലില്ല.

ശരീരത്തില്‍ കുമിളകള്‍ വരുന്നതാണ് പ്രധാന ലക്ഷണം. അതിനുമുന്‍പ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നിവയുണ്ടാകും. ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാന്‍ വെരിസെല്ല വാക്‌സിന്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. വാക്‌സിനെടുത്താല്‍ വര്‍ഷങ്ങളോളം പ്രതിരോധശേഷി ലഭിക്കും.



പ്രതിരോധശേഷി കുറഞ്ഞാല്‍ ഹെര്‍പ്പിസ് വരാം.

ചിക്കന്‍പോക്‌സ് വന്നവര്‍ക്ക് പ്രതിരോധശേഷി കുറഞ്ഞാല്‍ ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗം പിടിപെടാം.ശരീരത്തില്‍ വീണ്ടും കുമിളകള്‍ വരും. കഠിനമായ വേദനയുണ്ടാകും. ഒരുതവണ രോഗം വന്നവരുടെ.നാഡീഞരമ്പുകളില്‍ വൈറസ് ദീര്‍ഘനാളുണ്ടാകും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോള്‍ ഇവ വീണ്ടും ശക്തിപ്രാപിച്ച് കുമിളകളാകും. ചിക്കന്‍പോക്‌സ് വന്ന് 
വര്‍ഷങ്ങള്‍ കഴിഞ്ഞും ഹെര്‍പ്പിസ് വരാമെന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. രജിത്ത് കുമാര്‍ പറഞ്ഞു.




Verified by MonsterInsights