പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം: ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ. അന്ധവിശ്വാസം കാരണമാണ് മാതാവ് മകളെ കഴുത്തു ഞെരിച്ചു കൊന്നതെന്നും മാതാവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധർ പൊലീസിന് റിപ്പോർട്ട് നൽകി. 

sap1

കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ സമീറ അഞ്ച് വയസുകാരിയായ മകൾ ആയിഷ റെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അമ്മയ്ക്ക്  മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തിയത്. 

afjo ad

കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് മകളെ കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്നും 
ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുക്കും. തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.  

banner
Verified by MonsterInsights