മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം നമുക്ക് നൽകിയത് ഒട്ടേറെ ജീവിതശൈലീ രോഗങ്ങളാണ്. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങി ജീവനുതന്നെ ഭീഷണിയുള്ള രോഗങ്ങൾ സർവസാധാരണമായിരിക്കുന്നു. ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും പ്രധാന വില്ലൻ കൊളസ്ട്രോൾ ആണ്.
ലോകമെമ്പാടുമുള്ള 2.6 മില്ല്യൺ മരണങ്ങൾക്ക് കൊളസ്ട്രോൾ കാരണമാകുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പാരമ്പര്യമായി ഈ രോഗം കടന്നുവരാമെങ്കിലും ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരുന്നവരിൽ കൊള്സ്ട്രോളിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രക്തപരിശോധനയിലൂടെ കൊളസ്ട്രോൾ കണ്ടെത്തിയാൽ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്.
> വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ
കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് എണ്ണയിൽ വറുത്ത
ഭക്ഷണം. ഇത്തരം ഭക്ഷണങ്ങളിൽ എണ്ണയുടെ അളവ് മാത്രമല്ല ഉപ്പ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം പതിവായി കഴിക്കുന്നവരിൽ പൊണ്ണത്തടി, രക്താതിസമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് വിവിധ പഠനങ്ങൾ
വ്യക്തമാക്കുന്നു.
> സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസത്തിൽ കൊളസ്ട്രോളിന്റെ അളവ് വളരെയധികമാണ്. കൊളസ്ട്രോളുള്ളവരുടെ ഹൃദയാരോഗ്യം സംസ്കരിച്ച മാംസാഹാരം കഴിക്കുന്നതിലൂടെ കൂടുതൽ മോശമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
> റെഡ് മീറ്റ്
ഇറച്ചി, പന്നിയിറച്ചി, മാട്ടിറച്ചി എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. അതേസമയം, പ്രോട്ടീൻ, വിറ്റാമിനുകൾ, അയൺ എന്നിവ റെഡ് മീറ്റിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് പൂർണമായും ഒഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. അതിനാൽ,കൊളസ്ട്രോൾ ഉള്ളവർക്ക് റെഡ് മീറ്റ് ഉപയോഗം മൂന്നിലൊന്നായി ചുരുക്കാം.
> ബേക്കഡ് ഫുഡ്
ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളിൽ മധുരം, ബട്ടർ എന്നിവ കൂടുതലായുണ്ട്. അതിനാൽ, ഇത്തരം ഭക്ഷണസാധനങ്ങളിൽ അപൂരിത കൊഴുപ്പും കൊളസ്ട്രോളും അധികമായിരിക്കും. ഇത് ഹൃദ്രോഗങ്ങൾക്ക് വഴിവെക്കും.