വേനൽചൂടിനപ്പുറം ചൂടേറിയ പരസ്യപ്രചാരണത്തിന്‍റെ ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം. വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക്. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം വൈകീട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.
മൈക്ക് അനൗൺസ്മെന്‍റുകൾ, പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, വീടുവീടാന്തരമുള്ള സ്ക്വാഡുകൾ, സ്വീകരണപരിപാടികൾ, റോഡ്ഷോകൾ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങൾ. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങൾ പ്രചാരണ വിഷയങ്ങളായി. നിർണായക തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നു.
കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ പൊലീസും ഒരുക്കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിന് കൊടിയറിങ്ങുമ്പോഴും അടിയൊഴുക്കുകൾ അനുകൂലമാക്കാൻ എല്ലാ ശ്രമവും പാർട്ടികൾ നടത്തും. പ്രത്യേകിച്ചും തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ. എല്ലാ പാർട്ടികളുടേയും ദേശീയ നേതാക്കളടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിയത് പ്രചാരണത്തിന് ആവേശം വർധിപ്പിച്ചു. സ്ഥാനാർഥി പര്യടനവും പരാതിക്കിടനൽകാത്തവിധം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ ശ്രദ്ധിച്ചു.
പോരായ്മകൾ പരിഹരിക്കാനും സ്ലിപ് വിതരണമടക്കം പൂർത്തിയാക്കാനുമുള്ള കൂടിയലോചനകളും ഇടപെടലുകളുമാണ് പരസ്യ പ്രചാരണം കഴിഞ്ഞുള്ള മണിക്കൂറൂകളിൽ നടക്കുക. സ്ഥാനാർഥികൾ മണ്ഡലത്തിലുടനീളം പലവട്ടം പര്യടനം നടത്തിക്കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത വേനൽചൂടാണ് ഇത്തവണ പ്രചാരണത്തിൽ നേരിട്ട വലിയ വെല്ലുവിളി. പകൽ സമയത്തെ സ്വീകരണയോഗങ്ങളുടെ ദൈർഘ്യംപോലും വേനൽചൂടിൽ പരിമിതപ്പെടുത്തേണ്ടിവന്നു.
വെള്ളിയാഴ്ച അവധി
പോളിങ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.