ഒരു യാത്ര കൂടി പോകാതെ എന്ത് ക്രിസ്മസ് ആഘോഷം അല്ലേ. യാത്ര എന്ന് തീരുമാനിച്ചാൽ അടിമുടി കൺഫ്യൂഷനായിരിക്കും, എവിടേക്ക് പോകും, എങ്ങനെ പോകും, പോക്കറ്റ് കാലിയാകാതെ യാത്ര പോകാൻ ഒക്കുമോ ഇങ്ങനെയൊക്കെയായിരിക്കും ചിന്ത. എന്നാൽ ഇങ്ങനെയുള്ള യാതൊരു ആശങ്കയും ഇല്ലാതെ ആഘോഷിച്ചൊരു യാത്ര പോയി വന്നാലോ?
പാറശാല കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. ഡിസംബർ 23 നാണ് യാത്ര പുറപ്പെടുന്നത്. തൃശൂരിലെ വാഴച്ചാലും മലക്കപ്പാറയും കണ്ടുവരുന്ന വിധത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം മറ്റ് നിരവധി സ്ഥലങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായി അറിയാം.
കേരളത്തിന്റെ നയാഗ്രയെന്ന് വിശേഷിപ്പിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് യാത്രയിലെ പ്രധാന കാഴ്ചകളിൽ ഒന്ന്. അതിരപ്പിള്ളി കാണാൻ അനുയോജ്യമായ സമയം മഴക്കാലമാണെങ്കിലും ശൈത്യകാലത്തും അതിരിപ്പിള്ളിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും ഇല്ല. അതിരപ്പിള്ളിയിൽ നിന്നും നിബിഡ വനങ്ങൾക്കുള്ളിലൂടെ ഏകദേശം അഞ്ച് കിമി സഞ്ചരിച്ചാൽ 5 വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. പ്രധാന റോഡിൽ നിന്നും ഏറെ മാറിയാണ് അതിരപ്പിള്ളിയെങ്കിൽ റോഡിനോട് ഏറെക്കുറെ അടുത്താണ് വാഴച്ചാൽ. അതിരിപ്പിള്ളി പോലെ ഉഗ്രരൂപി അല്ലതാനും. ശാന്തമായാണ് വാഴച്ചാൽ ഒഴുകുന്നത്. ഇവിടുത്തെ ഭൂപ്രകതിയും സഞ്ചാരികളെ ആകർഷിക്കും.
മലക്കപ്പാറയാണ് പാക്കേജിലെ മറ്റൊരു പ്രധാന ഇടം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് മലക്കപ്പാറ. തേയിലത്തോട്ടങ്ങൾക്ക് നടുവിലെ മണിക്കൂറുകളോളം സഞ്ചരിച്ചാൽ പ്രകൃതിസുന്ദരമായി ഈ ഗ്രാമത്തിലെത്താം. തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവരാണ് ഇവിടുത്തുകാർ. ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട ഇടമാണ് മലക്കപ്പാറ. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്നാടിന്റെ വിദൂരദൃശ്യങ്ങൾ കാണാൻ സാധിക്കും. ചാർപ്പ വെള്ളച്ചാട്ടമാണ് പാക്കേജിലെ മറ്റൊരു സ്ഥലം. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് പൂർണമായും ഇവിടുത്തെ വെള്ളം വറ്റിപ്പോകാറുണ്ട്.
പാക്കേജിൽ തുമ്പർമുഴി ഗാർഡൻ, തൂക്കുപാലം, ആനക്കയം ബ്രിഡ്ജ്, ഷോളയാർ പെൻസ്റ്റോക്ക് പാലം, ഷോളയാർ വ്യൂ പോയിന്റ്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കൂടി സന്ദർശിക്കാം. ഈ നീണ്ടയാത്രക്ക് 1760 രൂപയാണ് ഒരാൾക്ക് വരുന്ന ചിലവ്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9895266476, 9633115545, 9446704784 എന്നീ നമ്പറുകളിൽ വിളിക്കാം.