ചുവപ്പും നീലയും കലർന്ന മെറ്റ് ഗാലയിലെ കാർപെറ്റ് ആലപ്പുഴയിൽ നിന്ന്; നെയ്തെടുത്തത് 60 ദിവസം കൊണ്ട്

ന്യൂയോർക്ക്: ന്യൂയോർക്കിലെ മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിൽ മെറ്റ് ഗാല 2023ന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രശസ്തരും പരിപാടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര ജൊനാസ്, ആലിയ ഭട്ട് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മെറ്റ് ഗാലയിലെ പ്രധാന ആകർഷണം അവിടെ വിരിച്ചിരുന്ന പരവതാനിയാണ്.

ഈ പരവതാനി നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള കലാകാരൻമായിരുന്നു. ചുവപ്പ്, നീല നിറങ്ങളിലാണ് കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത്. ജപ്പാനീസ് ആർക്കിടെക്റ്റ് തഡാവോ ആൻഡോയുടെ നിർദേശ പ്രകാരം നിർമ്മിച്ച ഈ പരവതാനി കേരളത്തിലെ നെയ്ത്ത് ബൈ എക്‌സ്ട്രാവീവാണ് നിർമ്മിച്ചത്. ഏകദേശം 60 ദിവസമെടുത്താണ് കലാകാരൻമാർ ഈ പരവതാനി നിർമ്മിച്ചത്.

ആലപ്പുഴയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ശിവൻ സന്തോഷ്, നിമിഷ ശ്രീനിവാസ്, എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. സിസൽ ഫൈബർ കൊണ്ടാണ് പരവതാനി നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡിസൈനർമാരാണ് ഇവ പെയ്ന്റ് ചെയ്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ പരവതാനിയിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇവയെല്ലാം മെറ്റ് ഗാലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കിം കർദാഷിയാൻ, റിഹാന, ഡോജ ക്യാറ്റ്, ലേഡി ഗാഗ ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ്, തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്തരിച്ച ഡിസൈനറും ക്രിയേറ്റീവ് ഡയറക്ടറുമായ കാൾ ലാഗർഫെൽഡിനാണ് പരിപാടിയുടെ പ്രമേയം സമർപ്പിച്ചിരിക്കുന്നത്.

Verified by MonsterInsights