സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7500 രൂപ സ്റ്റൈപെന്‍ഡ്; പുതിയ നീക്കവുമായി തമിഴ്‌നാട്

ചെന്നൈ: സിവിൽ സർവീസ് പരീക്ഷകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കാൻ പുതിയ നയവുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം വർധിപ്പിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സിവിൽ സർവീസ് പരീക്ഷയ്ക്കായി പരിശീലനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തുക സ്റ്റൈപെൻഡ് ആയി നൽകാനാണ് തീരുമാനം.

ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലനവും നൽകും. തമിഴ്‌നാട് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (TNSDC) അണ്ണാ സ്റ്റാഫ് അഡ്മിനിസ്ട്രേറ്റീവ് കോളേജുമായി ഏകോപിപ്പിച്ച് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലനവും പഠന സാമഗ്രികളും ലഭ്യമാക്കുന്നതിനും പദ്ധതി നടപ്പിലാക്കും. എല്ലാ വർഷവും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുന്ന 1000 ഉദ്യോഗാർത്ഥികൾക്ക് മാസം 7500 രൂപ സ്റ്റൈപെൻഡ് നൽകുന്ന പദ്ധതിയാണിത്. 10 മാസമാണ് ഇതിന്റെ ദൈർഘ്യം.

ഇതിൽ സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷ പാസാകുന്നവർക്ക് 25000 രൂപ വീതം നൽകുകയും ചെയ്യും. പദ്ധതി നടത്തിപ്പിനായി പത്ത് കോടി രൂപ ടിഎഎൻഎസ്ഡിസിയ്ക്ക് അനുവദിച്ചതായാണ് റിപ്പോർട്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച വളർച്ച രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിവിൽ സർവ്വീസ് പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയുന്നതായാണ് കാണുന്നത്. ഈ സ്ഥിതി മറികടക്കാനാണ് പുതിയ പദ്ധതി.

2021ൽ സിവിൽ സർവ്വീസ് പരീക്ഷയെഴുതിയ 685 പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം വെറും 27 ആണ്. 2014ൽ സംസ്ഥാനത്ത് നിന്ന് 119 വിദ്യാർഥികൾ യുപിഎസ്‌സി പരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നു. അതിനുശേഷം യോഗ്യത നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ കുറവുണ്ടായെന്നും അക്കാദമിക് വിദഗ്ധർ പറയുന്നു. തമിഴ്‌നാട് സർക്കാരിന്റെ പുതിയ പദ്ധതി ഉദ്യോഗാർത്ഥികൾക്ക് വലിയ സഹായമാകുമെന്നാണ് അക്കാദമിക് വിദഗ്ധർ കരുതുന്നത്.

ഈ വർഷം ഉന്നതവിദ്യാഭ്യാസ വകുപ്പിന് 6,967 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 1,300 കോടി രൂപ കൂടുതലാണ് ഇത്തവണ ലഭിച്ച ബജറ്റ് വിഹിതം. സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. മെയിൻ പരീക്ഷയ്‌ക്കുള്ള അപേക്ഷ സമർപ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

മെഡിക്കൽ ബിരുദക്കാർക്ക്, അവർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കിയാൽ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രൊഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.

Verified by MonsterInsights