ഇടുക്കിയിൽ ഡമ്മിക്കടുവയെ കൃഷിയിടത്തിൽ വച്ച് വീഡിയോ പ്രചരിപ്പിച്ചു

ഇടുക്കി: കൃഷിയിടത്തിൽ ഡമ്മിക്കടുവയെ വച്ച് വീഡിയോ ചിത്രീകരിച്ച് ആശങ്ക സൃഷ്ടിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി വനം വകുപ്പ്. കട്ടപ്പന വെട്ടിക്കുഴക്കവലയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇവിടെ തെരച്ചിൽ നടത്തുന്നതിനിടെയാണ് കടുവയെ കണ്ടെന്ന് പറ‌ഞ്ഞ് വീഡിയോ പ്രചരിച്ചത്.

ഡമ്മിക്കടുവയെ കൃഷിയിടത്തിൽ വച്ചു വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കൃഷിയിടത്തിൽ പുലിയുടെ കാൽപാടുകൾ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇത്തരത്തിൽ വീഡിയോ പ്രചരിച്ചത്.

കൃഷിയിടത്തിലൂടെ മൊബൈൽ ക്യാമറയിൽ വീഡിയോ ചിത്രീകരിച്ച് ഒരാൾ നടക്കുന്നതും കുറച്ചുദൂരം പിന്നിടുമ്പോൾ ഒരു മരച്ചുവട്ടിൽ തിരിഞ്ഞിരിക്കുന്ന കടുവയുടെ അടുത്ത് എത്തുന്നതുമാണു ദൃശ്യം. ഏതാനും സെക്കൻഡ് മാത്രമാണ് കടുവയുടെ ദൃശ്യം ഉള്ളത്.

കടുവയെ കണ്ടെന്ന് വ്യക്തമാക്കിയ വീഡിയോ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകുകയും തുടർ നടപടികൾ കൈക്കൊള്ളാനുള്ള മുന്നൊരുക്കം ആരംഭിച്ചു. ഇതിനിടെയാണ് വീഡിയോ തമാശയ്ക്ക് ചിത്രീകരിച്ചതാണെന്ന് പറ‍ഞ്ഞ് ഒരാൾ വിളിച്ചറിയിക്കുന്നത്.

Verified by MonsterInsights